'അദാനിയുടെ ക്രമക്കേടുകൾ സംബന്ധിച്ച രേഖകൾ തരൂ' മാധ്യമകൂട്ടായ്മയായ ഒ സി സി ആര്‍ പി, സെബിയുടെ അപേക്ഷ തള്ളി
അദാനി ഗ്രൂപ്പ് നടത്തിയ ക്രമക്കേടുകളുടെ രേഖകൾ നൽകണമെന്ന സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി)യുടെ ആവശ്യം അന്വേഷണാത്മക മാധ്യമപ്രവർത്തകരുടെ സംഘമായ ഒ സി സി ആർ പി തള്ളി. തങ്ങൾക്ക് സ്വന്തം നിലയിൽ ക്രമക്കേടുകൾ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും രേഖകൾ നൽകണമെന്നുമായിരുന്നു സെബിയുടെ ആവശ്യം. ഇത് സംബന്ധിച്ച് കേസ് സുപ്രീം കോടതി പരിഗണിക്കാനിരിക്കെയാണ് സെബി ആവശ്യമുന്നയിച്ചതും ഒസിസിആർപി അത് തള്ളിയതും. ഔദ്യോഗിക സംവിധാനങ്ങളിലുടെ ഇത് സംബന്ധിച്ച എല്ലാ രേഖകളും ലഭിക്കുമെന്നാണ് ഒസിസിആർപി വ്യക്തമാക്കിയത്.
അദാനി ഗ്രൂപ്പ് മൗറീഷ്യസ്, സിങ്കപ്പൂർ ഉൾപ്പെടെ രാജ്യങ്ങളിൽ നിന്ന് അദാനി കുടുംബവുമായി ബന്ധപ്പെട്ടവരുടെ ഉടമസ്ഥതയിലുള്ള കടലാസ് കമ്പനികളിലൂടെ ഓഹരി മൂല്യം വർധിപ്പിക്കാൻ ശ്രമിച്ചെന്ന് വെളിപ്പെടുത്തുന്ന ഒ സി സി ആർ പി റിപ്പോർട്ട് ഈ വർഷം ഓഗസ്റ്റ് 31 നാണ് പുറത്ത് വരുന്നത്. എന്നാൽ ഇപ്പോൾ നടക്കുന്ന സെബിയുടെ അന്വേഷണം കഴിഞ്ഞ ജനുവരിയിൽ വന്ന ഹിൻഡൻബർഗ് റിപ്പോർട്ടുമായി ബന്ധപ്പെട്ടാണ്. ഹിൻഡൻബർഗ് റിസർച്ച് ആണ്, അദാനി ഗ്രൂപ്പ് ഗുരുതരമായ സാമ്പത്തിക തിരിമറി നടത്തിയതായി ആദ്യം റിപ്പോർട്ട് ചെയ്യുന്നത്. പിന്നീട് പുറത്ത് വന്ന ഒ സി സി ആർ പി റിപ്പോർട്ട് അടിസ്ഥാനമാക്കിയതും ഹിൻഡൻബർഗ് റിപ്പോർട്ടിനെയാണ്.
2014 ൽ തന്നെ അദാനി ഗ്രൂപ്പ് ഓഹരി വിപണിയിൽ തിരിമറി നടത്തിയിട്ടുണ്ടെന്നും പരിശോധന നടത്തണമെന്നും ഡി ആർ ഐ സെബിക്ക് നിർദേശം നൽകിയിരുന്നതായി പ്രശാന്ത് ഭൂഷൺ ട്വീറ്റ് ചെയ്തിരുന്നു
സെബി ആവശ്യപ്പെട്ട രേഖകൾ നല്കാൻ തയ്യാറല്ലെന്ന് ഒ സി സി ആർ പി അറിയിച്ചു കഴിഞ്ഞിട്ടുണ്ട്. തങ്ങളുടെ റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്ന രേഖകൾ ഒരു ഏജൻസിക്കും നല്കാൻ സാധിക്കില്ലെന്നും റിപ്പോർട്ടിനേക്കാൾ കൂടുതൽ വിവരങ്ങൾ ലഭിക്കണമെങ്കിൽ ഔദ്യോഗികമായ വഴികളിലൂടെ ശ്രമിക്കാമെന്നും ഒ സി സി ആർ പി മറുപടി നൽകി. യു എസ് ഡിപ്പാർട്മെന്റ് ഓഫ് സ്റ്റേറ്റിന്റേയും റോക്ക്ഫെല്ലർ ബ്രദർ ഫണ്ടിന്റെയും, ഫോർഡ് ഫൗണ്ടേഷന്റെയും ഹങ്കേറിയൻ ഫിലാന്ത്രോപിസ്റ്റ് ജോർജ് സോറോസിന്റെയും പിന്തുണയിൽ പ്രവർത്തിക്കുന്ന അന്വേഷണാത്മക പത്രപ്രവർത്തകരുടെ സംഘമാണ് ഓർഗനൈസ്ഡ് ക്രൈം ആൻഡ് കറപ്ഷൻ റിപ്പോർട്ടിങ് പ്രൊജക്റ്റ് (ഒ സി സി ആർ പി).
സുപ്രീംകോടതിയിൽ അദാനി-ഹിൻഡൻബെർഗ് കേസിലെ ഒരു കക്ഷിക്ക് വേണ്ടി ഹാജരായ അഡ്വ പ്രശാന്ത് ഭൂഷണിന്റെ കൈവശം ഇതുമായി ബന്ധപ്പെട്ട രേഖകൾ ലഭിച്ചിട്ടുണ്ട് എന്ന വാദവുമായാണ് രേഖകൾ ആവശ്യപ്പെട്ട് സെബി ഒ സി സി ആർ പി യെ സമീപിച്ചത്. എന്നാൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിനപ്പുറം ഒരു രേഖയും പുറത്ത് വിടില്ല എന്നത് കാലങ്ങളായി തങ്ങൾ പിന്തുടരുന്ന നയമാണെന്ന് ഒ സി സി ആർ പി വ്യക്തമാക്കി.
2014 ൽ തന്നെ അദാനി ഗ്രൂപ്പ് ഓഹരി വിപണിയിൽ തിരിമറി നടത്തിയിട്ടുണ്ടെന്നും പരിശോധന നടത്തണമെന്നും ഡി ആർ ഐ (ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ്) സെബിക്ക് നിർദേശം നൽകിയിരുന്നതായി പ്രശാന്ത് ഭൂഷൺ ഈ വർഷം സെപ്റ്റംബർ ഒന്നാം തീയ്യതി രേഖകൾ സഹിതം ട്വീറ്റ് ചെയ്തിരുന്നു. സെപ്റ്റംബർ 18ന് ഇതുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിൽ മറ്റുചില രേഖകൾ കൂടി ചേർത്ത് പെറ്റീഷൻ ഫയൽ ചെയ്തു. അതിൽ ചില രേഖകൾ തങ്ങളുടെ റിപ്പോർട്ടിന് അടിസ്ഥാനമായിട്ടുള്ളതാണെന്ന് ഒ സി സി ആർ പി അംഗീകരിക്കുന്നുമുണ്ട്.
ഒ സി സി ആർ പി പറയുന്നത്
ഇപ്പോൾ നടക്കുന്ന അന്വേഷണത്തിനാധാരമായ വിവരങ്ങൾ പുറത്ത് കൊണ്ടുവരാൻ സാധിച്ചത് നിരവധി റിപ്പോർട്ടർമാർ പല സ്ഥലങ്ങളിലായി രണ്ട് വർഷത്തോളം നടത്തിയ അന്വേഷണങ്ങളുടെയും കണ്ടെത്തലിന്റെയും ഭാഗമായാണെന്ന് ഒ സി സി ആർ പി പറയുന്നു. നികുതി ഇളവുകളുള്ള രാജ്യങ്ങളിൽ നിന്നും ബാങ്ക് രേഖകളിൽ നിന്നും അദാനി ഗ്രൂപ്പിന്റെ ആഭ്യന്തര ഇ മെയിൽ സന്ദേശങ്ങളിൽ നിന്നുമാണെന്ന് വിവരങ്ങൾ ശേഖരിച്ചതെന്നും ഒ സി സി ആർ പി പറയുന്നു. കൃത്യമായ വഴികളിലൂടെ സെബിക്കും ആ രേഖകൾ ലഭിക്കാവുന്നതേ ഉള്ളു എന്നാണ് ഒ സി സി ആർ പിയുടെ പക്ഷം. വിപണി നിയന്ത്രണം കയ്യാളുന്ന സെബി പോലൊരു സംവിധാനത്തിന് വളരെ എളുപ്പം അത് സാധിക്കില്ലേ എന്നത് പ്രധാനപ്പെട്ട ചോദ്യമാണ്. അദാനി ഗ്രൂപ്പിലെ വിദേശ നിക്ഷേപങ്ങളുമായി ബന്ധപ്പെട്ട ചില വിവരങ്ങൾ സെബിക്ക് ലഭിച്ചിട്ടുണ്ടെങ്കിലും അത് തെളിയിക്കാനാവശ്യമായ തെളിവുകൾ അവരുടെ കൈവശമില്ല എന്ന സാഹചര്യത്തിൽ കൂടിയാണ് ഒ സി സി ആർ പിയുടെ പക്കൽ നിന്നും സെബി രേഖകൾ ആവശ്യപ്പെടുന്നത്.
ഹിൻഡൻബർഗിന്റെയും, ഒ സി സി ആർ പിയുടെയും റിപ്പോർട്ടുകൾക്ക് പിന്നാലെ അദാനി ഗ്രൂപ്പുമായി ബന്ധപ്പെട്ട ഏറ്റവുമൊടുവിലത്തെ റിപ്പോർട്ട് പുറത്ത് വരുന്നത് അമേരിക്കയിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന ഫിനാൻഷ്യൽ ടൈംസിൽ നിന്നാണ്. കൽക്കരി ഉൽപ്പന്നങ്ങളുടെ വില കൂട്ടി വിറ്റ് അദാനി ഗ്രൂപ്പ് വലിയ ലാഭമുണ്ടാക്കിയതായാണ് ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ ആരോപണങ്ങളെ അദാനി ഗ്രൂപ്പ് തുടക്കത്തിൽ തന്നെ തള്ളിപ്പറഞ്ഞിട്ടുണ്ട്. ഒ സി സി ആർ പി പുറത്ത് വിട്ട അടിസ്ഥാനമില്ലാത്ത ആരോപണങ്ങൾ പിൻപറ്റിയാണ് ഫിനാൻഷ്യൽ ടൈംസ് അവരുടെ അവസാന റിപ്പോർട്ട് തയ്യാറാക്കിയതെന്ന് അദാനി ഗ്രൂപ്പ് ഈ ഒക്ടോബർ 9 ന് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. വിപണിയിൽ തങ്ങളുടെ മൂല്യം ഇടിയണം എന്ന ഉദ്ദേശത്തോടെ നൽകുന്ന റിപ്പോർട്ടുകളാണിതെന്നും, ഫിനാൻഷ്യൽ ടൈംസിന്റെ ഭാഗമായ ഡാൻ മാക്രമിന് ഒ സി സി ആർ പി യുമായുള്ള ബന്ധമാണ് ഫിനാൻഷ്യൽ ടൈം ഈ റിപ്പോർട്ടിന്റെ അടിസ്ഥാനമെന്നും അദാനി ഗ്രൂപ്പ് പ്രസ്താവനയിൽ പറയുന്നു.
തായ്‌വാനിലെയും, ദുബായിലെയും, സിംഗപ്പൂരിലെയും ഇടനിലക്കാർ വഴി അദാനി ഗ്രൂപ് 5 ബില്യൺ ഡോളർ വിലവരുന്ന കൽക്കരി ഇറക്കുമതി ചെയ്തതായാണ് ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്
എത്ര ഗുരുതരമാണ് ആരോപണങ്ങൾ?
218 ബില്യൺ യു എസ് ഡോളർ ആസ്തിയുള്ള അദാനി ഗ്രൂപ്പിൽ കാര്യമായ സാമ്പത്തിക തിരിമറികൾ നടന്നിട്ടുണ്ട് എന്നാണ് ഹിൻഡൻബർഗ് റിപ്പോർട്ട് പറയുന്നത്. കഴിഞ്ഞ മൂന്നു വർഷത്തിനിടയിൽ മാത്രം 100 ബില്യൺ ഡോളറിന്റെ നിക്ഷേപം ഓഹരി മൂല്യം ഉയർത്തിയതിലൂടെ അദാനി ഗ്രൂപ്പ് സ്വന്തമാക്കി. ഇതിൽ മിക്ക കമ്പനികളും ടാക്സ് ഇളവുകൾ ലഭിക്കുന്ന മൗറീഷ്യസ്, ദിബായി, സിങ്കപ്പൂർ പോലുള്ള രാജ്യങ്ങളിൽ നിന്നാണ് നിക്ഷേപം നടത്തിയിരിക്കുന്നത്. ആ കമ്പനികൾക്ക് പിറകിൽ അദാനി കുടുംബവുമായി ബന്ധപ്പെട്ട രണ്ടുപേരാണെന്ന വിവരമാണ് ഒ സി സി ആർ പി പുറത്ത് വിട്ടത്. അതിൽ പ്രധാന വ്യക്തി ഗൗതം അദാനിയുടെ സഹോദരൻ രാജേഷ് അദാനിയാണെന്ന് ഹിൻഡൻബർഗ് റിപ്പോർട്ടും ഒ സി സി ആർ പി റിപ്പോർട്ടും പറയുന്നുണ്ട്. ഇതേ രാജേഷ് അദാനി 2004 - 2005 കാലത്ത് ഡയമണ്ട് കയറ്റുമതിയിലും ഇറക്കുമതിയിലും തിരിമറി കാണിച്ചതായി ഡയറക്ടറേറ്റ് ഓഫ് റെവെന്യു ഇന്റലിജൻസ് കണ്ടെത്തിയിരുന്നു.
തായ്‌വാനിലെയും, ദുബായിലെയും, സിംഗപ്പൂരിലെയും ഇടനിലക്കാർ വഴി അദാനി ഗ്രൂപ്പ് 5 ബില്യൺ ഡോളർ വിലവരുന്ന കൽക്കരി ഇറക്കുമതി ചെയ്തതായാണ് ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്. കൽക്കരിയുടെ വില വർധിപ്പിക്കുന്നതിലൂടെ വൈദ്യുതിക്ക് വിലകൂടും, അതിലൂടെ സാധാരണക്കാരെ കൊള്ളയടിക്കാൻ അദാനിക്ക് സാധിക്കുമെന്നും റിപ്പോർട്ട് ആരോപിക്കുന്നു. 2019 നും 2021 നുമിടയിൽ ഇന്തോനേഷ്യയിൽ നിന്നും അദാനി ഗ്രൂപ്പ് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്ത കൽക്കരിയുടെ വിലയിലെ വ്യത്യാസം ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ട് കൃത്യമായി ഗ്രാഫ് ഉപയോഗിച്ച് കാണിക്കുന്നു. 30 തവണകളിലായി നടത്തിയ ഇത്തരം ഇടപാടുകളിൽ ഇന്തോനേഷ്യയിൽ നിന്ന് കയറ്റുമതി രേഖകളിൽ ചേർത്തിരിക്കുന്ന തുകയും ഇന്ത്യയിൽ ഇറക്കുമതി ചെയ്യുമ്പോൾ രേഖപ്പെടുത്തുന്ന തുകയും തമ്മിൽ 70 മില്യൺ ഡോളറിന്റെ വ്യത്യാസമുണ്ടെന്നാണ് റിപ്പോർട്ട് വെളിപ്പെടുത്തുന്നത്.
കേന്ദ്രത്തിന്റെ മൗനം സമ്മതമാണോ?
ഇത്രയും ഗുരുതരമായ ആരോപണങ്ങൾ നിലനിൽക്കുമ്പോൾ ഇന്ത്യയുടെ വിപണിയെ നിയന്ത്രിക്കുന്ന സെബിയുടെ കൈവശം കൃത്യമായ രേഖകൾ പോലുമില്ല എന്ന് പറയുന്നത് അത്ഭുതപ്പെടുത്തുന്നതാണ്. പ്രത്യേകിച്ച് ഡി ആർ ഐ അദാനി ഗ്രൂപ്പുമായി ബന്ധപ്പെട്ട തിരിമറികൾ അന്വേഷിക്കണമെന്ന് സെബിക്ക് നിർദ്ദേശം നല്കിയതായി ഒ സി സി ആർ പി യും അഭിഭാഷകനായ പ്രശാന്ത് ഭൂഷണും സാക്ഷ്യപ്പെടുത്തുന്ന സാഹചര്യത്തിൽ.
ഏറ്റവുമൊടുവിൽ ഫിനാൻഷ്യൽ ടൈംസിന്റെ റിപ്പോർട്ടിനെ ഉദ്ദരിച്ചുകൊണ്ട് കേന്ദ്രസർക്കാരിനെതിരെ ശക്തമായ ആരോപണവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും രംഗത്തെത്തിയിരിക്കുന്നു. വൈദ്യുതി വിലവർദ്ധനവിലൂടെ രാജ്യത്തെ ജനങ്ങളിൽ നിന്നും കോടിക്കണക്കിനു രൂപ തട്ടിയെടുക്കാൻ കേന്ദ്ര സർക്കാരിന്റെ പിന്തുണയുണ്ടെന്ന് രാഹുൽ ആരോപിക്കുന്നു. കൽക്കരിയുടെ വില ഇറക്കുമതി സമയത്ത് ഇരട്ടിയിലധികം വർധിപ്പിക്കാൻ സർക്കാരിന്റെയും പ്രധാനമന്ത്രിയുടെയും പിന്തുണയില്ലാതെ സാധിക്കുമോ എന്നാണ് രാഹുൽ ഗാന്ധി ചോദിക്കുന്നത്. 2019 മുതൽ ഇത് നടക്കുന്നു എന്ന് ഫിനാൻഷ്യൽ ടൈംസ് സാക്ഷ്യപ്പെടുത്തുന്ന സാഹചര്യത്തിൽ ആരോപണങ്ങളുടെ വ്യാപ്തി കൂടുകയാണ്