ഓപ്പറേഷന്‍ അജയ്: 235 ഇന്ത്യക്കാരുമായി രണ്ടാം വിമാനമെത്തി
'ഓപ്പറേഷന്‍ അജയ്'യുടെ ഭാഗമായി ഇസ്രയേലില്‍നിന്ന് ഇന്ത്യക്കാരെയും വഹിച്ചുള്ള രണ്ടാം വിമാനം ഇന്ന് ന്യൂഡല്‍ഹിയിലെത്തി. 33 മലയാളികളടക്കം 235 യാത്രക്കാരാണ് പുലര്‍ച്ചെയെത്തിയ വിമാനത്തില്‍ ഉണ്ടായിരുന്നത്. വിദേശകാര്യ സഹമന്ത്രി രാജ്കുമാര്‍ രഞ്ജന്‍ സിങ്ങിന്റെ നേതൃത്വത്തില്‍ യാത്രക്കാരെ സ്വീകരിച്ചു.
ഇസ്രയേല്‍-ഹമാസ് സംഘര്‍ഷം കൊടുമ്പിരികൊണ്ട സാഹചര്യത്തില്‍ കഴിഞ്ഞ ദിവസമാണ് ഇസ്രയേലില്‍ ഉള്ള ഇന്ത്യക്കാരെ ഒഴിപ്പിക്കാനായി 'ഓപ്പറേഷന്‍ അജയ്'യ്ക്കു തുടക്കം കുറിച്ചത്. 212 യാത്രക്കാരെയും കൊണ്ടുള്ള ആദ്യ ദൗത്യവിമാനം ഇന്നലെ ന്യൂഡല്‍ഹിയില്‍ എത്തിയിരുന്നു. ഇസ്രയേല്‍ തലസ്ഥാനമായ ടെല്‍ അവീവിലുള്ള ഇന്ത്യന്‍ എംബസിയാണ് ഇസ്രയേലില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങള്‍ക്ക് നേതൃത്വം വഹിക്കുന്നത്.
മടങ്ങിയെത്തുന്നവരെ സ്വീകരിക്കുന്നതിനും തുടര്‍പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും ഡല്‍ഹി വിമാനത്താവളത്തില്‍ പ്രത്യേക ഹെല്‍പ്‌ഡെസ്‌കും സജ്ജമാക്കിയിട്ടുണ്ട്. ഇസ്രയേലില്‍ നിന്നെത്തുന്ന മലയാളികളെ സഹായിക്കുന്നതിനായി കേരളാ ഹൗസില്‍ കണ്‍ട്രോള്‍ റൂമും ആരംഭിച്ചു.
വിദ്യാര്‍ഥികളടക്കം 18,000 ഇന്ത്യക്കാരാണ് യുദ്ധത്തെത്തുടര്‍ന്ന് ഇസ്രയേലില്‍ കുടുങ്ങിക്കിടക്കുന്നത്. യുദ്ധമേഖലയില്‍ നിന്ന് നാട്ടിലേക്ക് തിരിക്കാന്‍ താല്‍പ്പര്യപ്പെടുന്ന മുഴുവന്‍ ഇന്ത്യക്കാരെയും തിരികെയെത്തിക്കുമെന്ന് വിദേശകാര്യ സഹമന്ത്രി വ്യക്തമാക്കി.
ഒരു ഡസനോളം ഇന്ത്യക്കാര്‍ പലസ്തീന്‍ മേഖലയായ വെസ്റ്റ്ബാങ്കിലും ഏതാനുംപേര്‍ സംഘര്‍ഷം നടക്കുന്ന ഗാസയിലുമുണ്ടെന്നും അവിടെനിന്ന് സഹായഭ്യര്‍ഥനകള്‍ ലഭിച്ചാല്‍ അവരെയും തിരികെയെത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.