ഷിംലയിൽ അല്ല, അടുത്ത യോഗം ബെംഗളൂരുവിൽ; പ്രതിപക്ഷ യോഗത്തിന്റെ വേദിയിൽ മാറ്റം
2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയെ ഒറ്റക്കെട്ടായി നേരിടുന്നതിനായി പ്രതിപക്ഷ പാർട്ടികളുടെ രണ്ടാമത്തെ യോഗം ബെംഗളുരുവിൽ ചേരുമെന്ന് എൻസിപി അധ്യക്ഷൻ ശരദ് പവാർ. ജൂലൈ 13, 14 തീയതികളിലാണ് യോഗം. 17 രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികൾ പങ്കെടുക്കുമെന്നും ശരദ് പവാർ സ്ഥിരീകരിച്ചു. പട്‌നയിൽ ചേർന്ന പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി അസ്വസ്ഥനാണെന്നും പവാർ പറഞ്ഞു.
ജൂൺ 23-ന് പട്‌നയിൽ നടന്ന ആദ്യ പ്രതിപക്ഷ യോഗത്തിൽ, ബിജെപിക്കെതിരെ ഐക്യമുന്നണി രൂപീകരിക്കാനുള്ള അടുത്ത യോഗം ഷിംലയിൽ നടക്കുമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പ്രഖ്യാപിച്ചിരുന്നു. ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ വസതിയിൽ ചേർന്ന യോഗത്തിൽ ജൂലൈ 10-12 തീയതികളിൽ ഷിംലയിൽ കൂടിക്കാഴ്ച നടത്താനായിരുന്നു തീരുമാനം. എല്ലാവർക്കും എത്തിച്ചേരാനുള്ള സൗകര്യം കണക്കിലെടുത്താണ് യോഗം ബെംഗളൂരുവിലേക്ക് മാറ്റിയതെന്നാണ് വിവരം.
പട്‌ന യോഗത്തിൽ പ്രധാനമന്ത്രി സ്ഥാനത്തെ കുറിച്ച് ഒരു ചർച്ചയും നടന്നിട്ടില്ലെന്ന് പവാർ വ്യക്തമാക്കിയിരുന്നു. പണപ്പെരുപ്പം, തൊഴിലില്ലായ്മ, രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വർഗീയ കലാപം പ്രോത്സാഹിപ്പിക്കാനുള്ള ബോധപൂർവമായ ശ്രമങ്ങൾ തുടങ്ങിയ വിഷയങ്ങളിലാണ് യോഗം ശ്രദ്ധ കേന്ദ്രീകരിച്ചതെന്നും എൻസിപി മേധാവി പറഞ്ഞു.
2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ കേന്ദ്രത്തിൽ ബിജെപിയെ പരാജയപ്പെടുത്താൻ ഒറ്റക്കെട്ടായി പോരാടാനും ഭിന്നതകൾ മാറ്റിവച്ച് സഹകരണത്തോടെ പ്രവർത്തിക്കാനും പട്‌ന യോഗത്തിൽ കോൺഗ്രസ് ഉൾപ്പെടെയുള്ള 17 പാർട്ടികൾ തീരുമാനിച്ചു. കോൺഗ്രസും ആം ആദ്മി പാർട്ടിയും തമ്മിലുള്ള രൂക്ഷമായ വാക്പോരോടെയാണ് നാല് മണിക്കൂർ നീണ്ട യോഗം അവസാനിച്ചത്. ഡൽഹി സർക്കാരിനെതിരെ കേന്ദ്രം കൊണ്ടുവന്ന ഓർഡിനൻസിനെതിരെ കോൺഗ്രസ് നിലപാടെടുക്കുന്നില്ലെങ്കിൽ ഇനി നടക്കുന്ന യോഗങ്ങളിൽ ആംആദ്മി പാർട്ടി പങ്കെടുക്കില്ലെന്ന് കെജ്‌രിവാൾ അറിയിച്ചിട്ടുണ്ട്. പട്നയിൽ നടന്ന യോഗത്തിൽ പങ്കെടുക്കില്ലെന്ന് ആദ്യം അറിയിച്ചിരുന്നെങ്കിലും, എഎപി യോഗത്തിൽ പങ്കെടുത്തിരുന്നു.
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ അധ്യക്ഷതയിൽ ചേരുന്ന രണ്ടാം യോഗത്തിൽ പുതിയ കർമപദ്ധതിക്ക് രൂപം നൽകുമെന്നാണ് കരുതുന്നത്. ഓരോ സംസ്ഥാനങ്ങളിലും സ്വീകരിക്കേണ്ട തന്ത്രങ്ങള്‍ ഉള്‍പ്പെടെ യോഗത്തില്‍ പരിഗണിക്കും. സീറ്റ് വിഭജനമുൾപ്പെടെയുള്ള കാര്യങ്ങളിൽ തീരുമാനമെടുക്കുമെന്നും വൃത്തങ്ങൾ അറിയിച്ചു.