'ഏറ്റവും വലിയ ജനാധിപത്യ രാജ്യം'; വിശേഷണം നിലനിര്‍ത്താന്‍ ഇന്ത്യ രഹസ്യമായി പ്രവര്‍ത്തിക്കുന്നതായി ഗാർഡിയൻ പത്രം

'ഏറ്റവും വലിയ ജനാധിപത്യ രാജ്യം'; വിശേഷണം നിലനിര്‍ത്താന്‍ ഇന്ത്യ രഹസ്യമായി പ്രവര്‍ത്തിക്കുന്നതായി ഗാർഡിയൻ പത്രം

നരേന്ദ്ര മോദിയുടെ ഭരണത്തിന് കീഴില്‍ ഇന്ത്യ ഗുരുതരമായ ജനാധിപത്യ പിന്നോക്കാവസ്ഥയിലെന്ന ഗവേഷകരുടെ കണ്ടെത്തലിന് പിന്നാലെയാണ് കേന്ദ്രസർക്കാരിന്റെ നീക്കം
Updated on
2 min read

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന വിശേഷണം നിലനിര്‍ത്താന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ രഹസ്യമായി പ്രവര്‍ത്തിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. നരേന്ദ്ര മോദി സർക്കാറിന് കീഴിൽ ഇന്ത്യയിൽ ജനാധിപത്യം ഗുരുതരമായ ഭീഷണി നേരിടുകയാണെന്ന റിപ്പോർട്ടുകളുടെ തുടർച്ചയായാണ് നീക്കമെന്ന് ലണ്ടനിൽനിന്നുള്ള 'ദി ഗാർഡിയൻ' പത്രം റിപ്പോർട്ട് ചെയ്യുന്നു.

ഇന്ത്യയില്‍ ജനാധിപത്യം അപകടകരമാണെന്ന് സൂചിപ്പിക്കുന്ന തരത്തിലുള്ള നിരവധി റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ കുറച്ചുവർഷങ്ങളായി പുറത്തുവരുന്നുണ്ട് എന്നാൽ ഇവയൊക്കെ ഇന്ത്യ പരസ്യമായി തള്ളുകയായിരുന്നു. അതേസമയം, രാജ്യത്തിന്റെ പ്രകടനം വിലയിരുത്താന്‍ കേന്ദ്രസര്‍ക്കാരില്‍ നിന്നുള്ള ഉദ്യോഗസ്ഥരെ രഹസ്യമായി നിയോഗിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രധാന നരേന്ദ്രമോദി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനുമായി കൂടിക്കാഴ്ച നടത്തുന്നതിനിടെയാണ് ഇത്തരം റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.

2021 മുതല്‍ കുറഞ്ഞത് നാല് യോഗങ്ങളെങ്കിലും രാജ്യത്ത് നടന്നിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്

മൂന്ന് വര്‍ഷമായി ഇന്ത്യയില്‍ ജനാധിപത്യം കൂപ്പുകുത്തിയെന്നായിരുന്നു ഇക്കണോമിസ്റ്റ് ഇന്റലിജന്‍സ് യൂണിറ്റിന്റെ ആഗോള ജനാധിപത്യ സൂചികയില്‍ പറഞ്ഞിരുന്നത്. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇതിന്റെ കാരണം ചര്‍ച്ച ചെയ്യാന്‍ 2021 മുതല്‍ കുറഞ്ഞത് നാല് യോഗങ്ങളെങ്കിലും രാജ്യത്ത് നടന്നിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യന്‍ ജനാധിപത്യത്തെക്കുറിച്ച് ആശങ്കയുണ്ടാക്കുന്ന മറ്റ് സംഭവങ്ങളുമുണ്ടായിട്ടുണ്ട്.

യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫ്രീഡം ഹൗസ് ഇന്ത്യയുടെ സ്വതന്ത്ര ജനാധിപത്യം എന്ന പദവിയെ ' ഭാഗിക സ്വതന്ത്ര ജനാധിപത്യം' എന്ന് 2021 ല്‍ തരംതാഴ്ത്തിക്കൊണ്ടുള്ള റേറ്റിങ് നൽകിയിരുന്നു. അതേസമയം സ്വീഡന്‍ ആസ്ഥാനമായുള്ള വി-ഡെം ഇന്‍സ്റ്റിറ്റ്യൂട്ട് ഇന്ത്യയെ 'തിരഞ്ഞെടുത്ത സ്വേച്ഛാധിപത്യം' എന്നായിരുന്നു വിശേഷിപ്പിച്ചത്.

വാദങ്ങള്‍ വ്യാജമാണെന്നും ഇത്തരം പ്രഭാഷണങ്ങള്‍ രാജ്യത്തിന് ആവശ്യമില്ലെന്നുമായിരുന്നു വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന്റെ പ്രതികരണം

എന്നാല്‍ ഇത്തരം റിപ്പോര്‍ട്ടുകളെയും കണ്ടെത്തലുകളെയും കേന്ദ്രസര്‍ക്കാര്‍ പരസ്യമായി നിഷേധിക്കുകയായിരുന്നു. ഈ വാദങ്ങള്‍ വ്യാജമാണെന്നും ഇത്തരം വിശേഷണങ്ങൾ രാജ്യത്തിന് ചേരാത്തതാണെന്നായിരുന്നു വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന്റെ പ്രതികരണം. എന്നാല്‍ ഇത്തരം പ്രതികരണങ്ങള്‍ക്കിടയിലും കേന്ദ്രസര്‍ക്കാരിനുണ്ടായ പരിഭ്രാന്തിയും ആത്മവിശ്വാസക്കുറവുമാണ് റിപ്പോര്‍ട്ടുകള്‍ അടിസ്ഥാനമാക്കിയുള്ള പഠനത്തിന് രാജ്യത്തെ പ്രേരിപ്പിച്ചത്.

കശ്മീരിന് പ്രത്യേക പദവി റദ്ദാക്കിയത്, പൌരത്വ നിയമ ഭേദഗതി, 2020 ലെ വർഗീയ കലാപങ്ങൾ എന്നിവയാണ് ജനാധിപത്യ സൂചിക കാര്യമായി പരിഗണിച്ചത്.

2020 ലെ ഇക്കോണമിക്ക് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പ്രകാരം 2015 മുതല്‍ ഇന്ത്യയില്‍ ജനാധിപത്യം വലിയ വെല്ലുവിളികള്‍ നേരിടുകയായിരുന്നു. 2014 ല്‍ 7.92 ആയിരുന്ന സൂചക 2014 6.61 ആയി 2020 ല്‍ കുറഞ്ഞു. ആഗോള റാങ്കിങ്ങില്‍ ഇന്ത്യയുടെ സ്ഥാനം 27 -ാം സ്ഥാനത്തുനിന്ന് 53 ആയി താഴുകയും ചെയ്തു.

മോദിയുടെ ഭരണകാലത്ത് മതത്തിന് കിട്ടിയ പ്രാമുഖ്യം, അദ്ദേഹം നടപ്പിലാക്കിയ നയങ്ങള്‍ മുസ്ലീം വിരോധവും മത സംഘര്‍ഷവും സൃഷ്ടിച്ചതായും റിപ്പോര്‍ട്ടില്‍ അന്ന് സൂചിപ്പിച്ചിരുന്നു.

2020 ല്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയ ഏജന്‍സിയോട്, സ്വന്തം നിലയില്‍ കണക്കുകള്‍ ശേഖരിക്കാതെ, സര്‍ക്കാര്‍ തയ്യാറാക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നിഗമനത്തില്‍ എത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സര്‍ക്കാരിന്റെ ആവശ്യം ലണ്ടന്‍ ആസ്ഥാനമായ ഏജന്‍സി തള്ളികളയുകയായിരുന്നു.

''ജനാധിപത്യ സൂചികയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്ന വ്യക്തിയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായതിനാല്‍ മെച്ചപ്പെട്ട റാങ്കിങ് ലഭിക്കാന്‍ അദ്ദേഹം ആഗ്രഹിക്കുന്നു,'' റാങ്കിങ് വിലയിരുത്തുന്നതിനുള്ള യോഗത്തില്‍ ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഇത്തരം റിപ്പോര്‍ട്ടുകള്‍ ഇന്ത്യയുടെ പ്രശസ്തിയെ ബാധിച്ചതിനാല്‍ ജനാധിപത്യ സൂചികയ്ക്ക് അത്യധികം പ്രാധാന്യം നല്‍കിയതായും ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു.

logo
The Fourth
www.thefourthnews.in