ഭരണഘടനയിൽനിന്ന് 'മതേതരത്വം' പുറത്ത്: വിതരണം ചെയ്ത പുതിയ പതിപ്പിൽ സെക്യുലറും സോഷ്യലിസ്റ്റും ഇല്ലെന്ന് കോണ്‍ഗ്രസ്
പാർലമെന്റ് പ്രത്യേക സമ്മേളനത്തിന്റെ രണ്ടാം ദിനത്തിൽ എംപിമാർക്ക് ലഭിച്ച ഭരണഘടനയുടെ പകർപ്പുകളിൽ നിന്ന് ഗുരുതര പിഴവെന്ന് കോൺഗ്രസ്. 'മതേതരത്വം' 'സോഷ്യലിസ്റ്റ്' എന്നീ പദങ്ങൾ ഭരണഘടനയിൽ നിന്ന് നീക്കം ചെയ്തതായി കോൺഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരിയാണ് ആരോപണം ഉന്നയിച്ചത്. ഭരണഘടനയുടെ പുതിയ പകർപ്പുകളുടെ ആമുഖങ്ങളിൽ നിന്ന് ഈ രണ്ട് പദങ്ങളും ഒഴിവാക്കി എന്നാണാരോപണം.
"ഇന്ന് പുതിയ പാർലമെന്റ് മന്ദിരത്തിൽ നൽകിയ ഭരണഘടനയുടെ ആമുഖത്തിൽ സെക്യുലർ, സോഷ്യലിസ്റ്റ് എന്നീ വാക്കുകൾ ഇല്ലായിരുന്നു. ഈ രണ്ട് വാക്കുകൾ ഭരണഘടനയിൽ ഇല്ലെന്നത് ആശങ്കാജനകമാണ്," അദ്ദേഹം വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു. സർക്കാർ ഈ മാറ്റം വളരെ ബുദ്ധിപൂർവ്വം നടത്തിയെന്നും ഇതിന് പിന്നിലെ ഉദ്ദേശങ്ങൾ പ്രശ്‌നമുള്ളതാണെന്നും അദ്ദേഹം ആരോപിച്ചു. വിഷയം പാർലമെന്റിൽ ഉന്നയിക്കാൻ ആഗ്രഹിച്ചിരുന്നെങ്കിലും അതിനുള്ള അവസരം ലഭിച്ചില്ലെന്നും അധീർ രഞ്ജൻ പറഞ്ഞു.
ഇന്ത്യൻ ഭരണഘടനയുടെ പകർപ്പ് , പാർലമെന്റുമായി ബന്ധപ്പെട്ട പുസ്തകങ്ങൾ, സ്മാരക നാണയം, സ്റ്റാമ്പ് എന്നിവ പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ദിനത്തിൽ പാർലമെന്റ് അംഗങ്ങൾക്ക് സമ്മാനമായി ലഭിച്ചിരുന്നു. പുതിയ പാർലമെന്റ് കെട്ടിടത്തിലേക്കുള്ള മാറ്റം ഇരുസഭകളിലെയും പാർലമെന്റ് ജീവനക്കാർക്കുള്ള യൂണിഫോമിലും മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ചേംബർ അറ്റൻഡന്റുകൾ, ഓഫീസർമാർ, സുരക്ഷാ ഉദ്യോഗസ്ഥർ, ഡ്രൈവർമാർ, മാർഷലുകൾ എന്നിവർ ഉൾപ്പടെ എല്ലാവരും പ്രത്യേക സെഷനിൽ പുതിയ യൂണിഫോം ധരിച്ചിരുന്നു.
നേരത്തെ ഈ വർഷം ജൂണിൽ തെലങ്കാനയിലെ സ്റ്റേറ്റ് കൗൺസിൽ ഓഫ് എജ്യുക്കേഷൻ റിസർച്ച് ആൻഡ് ട്രെയിനിംഗ് (എസ്‌സിഇആർടി) പത്താം ക്ലാസ് വിദ്യാർത്ഥികൾക്കുള്ള പാഠപുസ്തകത്തിൽ നിന്ന് സെക്യുലർ, സോഷ്യലിസ്റ്റ് എന്നീ വാക്കുകൾ ഒഴിവാക്കിയത് വലിയ വിവാദങ്ങൾക്ക് വഴി വെച്ചിരുന്നു. പത്താം ക്ലാസ് വിദ്യാർത്ഥികൾക്കുള്ള ഏറ്റവും പുതിയ സോഷ്യൽ സ്റ്റഡീസ് പാഠപുസ്തകത്തിന്റെ കവർ പേജിലാണ് സോഷ്യലിസ്റ്റ്', 'സെക്കുലർ' എന്നീ വാക്കുകളില്ലാത്ത ഭരണഘടന ആമുഖത്തിന്റെ ചിത്രം ഉണ്ടെന്ന് കണ്ടെത്തിയത്. എന്നാൽ അച്ചടിയിൽ പിഴവ് സംഭവിച്ചതാണെന്നായിരുന്നു അധികൃതരുടെ വിശദീകരണം.