പാര്‍ലമെന്റിലെ സുരക്ഷാവീഴ്ച: സന്ദര്‍ശക പാസിനു വിലക്ക്, സര്‍വകക്ഷിയോഗം വിളിച്ച് സ്പീക്കര്‍
ലോക്‌സഭാ ഗാലറിയില്‍ നടന്ന സുരക്ഷാവീഴ്ചയെത്തുടര്‍ന്ന് സന്ദര്‍ശക പാസിനു വിലക്ക്. കേന്ദ്ര സര്‍ക്കാരിനെതിരെ മുദ്രാവാക്യം വിളികളുമായി ലോക്‌സഭാ സന്ദര്‍ശക ഗാലറിയില്‍ നിന്ന് സഭാംഗങ്ങളുടെ ചേംബറിലേക്ക് ചാടിയ ഒരാള്‍ക്ക് പാസ് നല്‍കിയത് ബിജെപി മൈസൂരു എംപി പ്രതാപ് സിന്‍ഹ. മറ്റൊരാള്‍ ഉപയോഗിച്ചത് ഡാനിഷ് അലി എംപിയുടെ പാസ് ആണെന്നും പറയുന്നു. ഇതിനു പിന്നാലെ സ്പീക്കര്‍ നാലു മണിക്ക് സര്‍വകക്ഷിയോഗം വിളിച്ചിട്ടുണ്ട്. പാര്‍ലമെന്‌റിലെ സുരക്ഷ കടുപ്പിക്കുകയും കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തുകയും ചെയ്തു.
ഇന്ന് ശൂന്യവേള അവസാനിക്കുന്നതിന് മിനിറ്റുകള്‍ക്കു മുന്‍പായിരുന്നു സംഭവം. ഒരു സ്ത്രീ ഉള്‍പ്പടെ നാലു പേരാണ് പിടിയിലായത്. നീലം കൗര്‍, അമോല്‍ ഷിന്‍ഡെ, സാഗര്‍ ശര്‍മ, മനോരഞ്ജന്‍ എന്നിവരാണ് പിടിയിലായത്. ഇവര്‍ ഹരിയാന, മഹാരാഷ്ട്ര, കര്‍ണാടക സ്വദേശികളാണ്. അക്രമികളില്‍ നിന്ന് സ്‌മോക് സ്പ്രേ പിടികൂടി. സോക്‌സിനുള്ളിലാണ് സ്പ്രേ ഒളിപ്പിച്ചിരുന്നത്.
നീലം കൗറും അമോല്‍ ഷിന്‍ഡെയും പാര്‍ലമെന്റിനു പുറത്താണ് പ്രതിഷേധിച്ചത്. കര്‍ണാടക മെസൂരു സ്വദേശിയായ മനോരഞ്ജന്‍ എഞ്ചിനീയറാണ്. സാഗര്‍ ശര്‍മ മൈസൂരുവില്‍ എഞ്ചിനിയറിങ് വിദ്യാര്‍ഥിയാണ്.
ഒരു സംഘടനയുമായും ബന്ധമില്ലെന്നും പ്രതിഷേധിച്ചത് തൊഴിലില്ലായ്മയ്‌ക്കെതിരെയാണെന്നും പിടിയാലായ നീലം മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. മാധ്യമങ്ങള്‍ക്കു മുന്നില്‍ മുദ്രാവാക്യം വിളിച്ച നീലം കേന്ദ്രസര്‍ക്കാര്‍ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നുവെന്നും പറഞ്ഞു.
സംഭവം നടക്കുമ്പോള്‍ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും സഭയില്‍ ഉണ്ടായിരുന്നില്ല. സംഭവത്തെക്കുറിച്ച് ഡല്‍ഹി പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. പോലീസും കേന്ദ്ര അന്വേഷണ ഏജന്‍സികളും സിആര്‍പിഎഫ് ഡയറക്ടറും പാര്‍ലമെന്‌റിലെത്തി. പാര്‍ലമെ്‌റിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുന്നുണ്ട്.