പൊറുതിമുട്ടി, നടപടി വേണം; ഉച്ചഭാഷിണി ശബ്ദമലിനീകരണത്തിനെതിരെ വയോധികന്റെ പരാതി, നോട്ടീസ് പുറപ്പെടുവിച്ച് കോടതി

പൊറുതിമുട്ടി, നടപടി വേണം; ഉച്ചഭാഷിണി ശബ്ദമലിനീകരണത്തിനെതിരെ വയോധികന്റെ പരാതി, നോട്ടീസ് പുറപ്പെടുവിച്ച് കോടതി

നവരാത്രി ഉൾപ്പെടെയുള്ള ഉത്സവവേളകളിൽ അനുവദനീയമായതിനേക്കാൾ ഉയർന്ന അളവിൽ ഉച്ചഭാഷിണി പ്രവർത്തിപ്പിച്ച് ബുദ്ധിമുട്ടുണ്ടാക്കിയെന്നാണ് എഴുപത്തിരണ്ടുകാരന്റെ പരാതി
Updated on
1 min read

ആഘോഷങ്ങൾക്ക് കൊഴുപ്പുകൂട്ടാൻ ഉച്ചഭാഷിണികൾ ഒഴിച്ചുകൂടാനാകാത്ത ഘടകമാണ്. ഉച്ചഭാഷിണികൾ ഇല്ലാത്തൊരു ഉത്സവമോ നാലാൾ കൂടുന്ന പരിപാടിയോ കാണാൻ പാടാണ്. എന്നാൽ ഉച്ചത്തിലുള്ള പാട്ടും മേളവും തുടർച്ചയായി കേൾക്കേണ്ടി വന്നാൽ അസ്വസ്ഥരാകുന്നവരും നമുക്കിടയിലുണ്ട്, പ്രത്യേകിച്ച് വയോധികർ.

അത്തരമൊരു സംഭവം കോടതി കയറിയിരിക്കുകയാണ്. നവരാത്രി, ഗണേശ ചതുർഥി, ജന്മാഷ്ടമി തുടങ്ങിയ ആഘോഷങ്ങളിൽ ഉച്ചഭാഷിണികൾ നിരന്തരമായി അനുവദനീയമായ അളവിലും കൂടുതൽ ശബ്ദം പുറപ്പെടുവിച്ചതിനാൽ ബുദ്ധിമുട്ടുണ്ടായെന്നാണ് പരാതി. ഗുജറാത്ത് സ്വദേശിയായ എഴുപത്തി രണ്ടുകാരൻ കാനുഭായ് ഭാരോട്ടാണ് പരാതിക്കാരൻ.

വിഷയത്തിൽ അധികൃതർക്ക് നിരവധി പരാതികൾ കൊടുത്തെങ്കിലും നടപടികളുണ്ടാവാത്ത സാഹചര്യത്തിലാണ് നുഭായ് ഭാരോട്ട് ഹൈക്കോടതിയെ സമീപിച്ചത്. വാർധക്യസഹജമായ ശാരീരികപ്രശ്നങ്ങളുള്ള തനിക്ക്, അനുവദനീയ പരിധിയിൽ കൂടുതൽ ശബ്ദത്തിൽ ഉച്ചഭാഷിണികൾ പ്രവർത്തിപ്പിച്ചത് ബുദ്ധിമുട്ട് സൃഷ്ടിച്ചുവെന്നാണ് അദ്ദേഹത്തിന്റെ പരാതി.

ആഭ്യന്തര വകുപ്പ്, ഡയറക്ടർ ജനറലുടെ ഓഫീസ്, അഹമ്മദാബാദ് സിറ്റി പോലീസ് കമ്മീഷണർ എന്നിവർക്ക് നോട്ടീസ് അയച്ച കോടതി ശബ്ദ മലിനീകരണവുമായി ബന്ധപ്പെട്ട് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.

പരാതി സ്വീകരിച്ച കോടതി ഗുജറാത്ത് ആഭ്യന്തര വകുപ്പ്, ഡിജിപിയുടെ ഓഫീസ്, അഹമ്മദാബാദ് സിറ്റി പോലീസ് കമ്മീഷണർ എന്നിവർക്ക് നോട്ടീസ് അയച്ചിരിക്കുകയാണ്.

ശബ്ദമലിനീകരണവുമായി ബന്ധപ്പെട്ട് നിലവിൽ ഇന്ത്യയിൽ നിലനിൽക്കുന്ന നിയമപ്രകാരം വ്യാവസായിക മേഖലകളിൽ അനുവദനീയമായ പരിധി പകൽ 75 ഡെസിബെലും (ഡിബി) രാത്രിയിൽ 70 ഡിബിയുമാണ്. പകലും രാത്രിയും ഇത് വാണിജ്യ മേഖലകളിൽ 65 ഉം 55 ഡിബി ഉം പാർപ്പിട മേഖലകളിൽ 55 ഡി ബി ഉം 45 ഡി ബി ഉം ആണ്. ഇതിന്റെ ലംഘനം അഞ്ച് വർഷം വരെ തടവും ഒരു ലക്ഷം രൂപ പിഴയും ലഭിക്കാവുന്ന കുറ്റമാണ്.

logo
The Fourth
www.thefourthnews.in