ആനി ശേഖർ
ആനി ശേഖർ

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ആനി ശേഖർ അന്തരിച്ചു

രണ്ട് തവണ മഹാരാഷ്ട്ര നിയമസഭാംഗമായിരുന്നു
Updated on
1 min read

മുതിർന്ന കോൺഗ്രസ് നേതാവും മലയാളിയുമായ ആനി ശേഖർ (84) അന്തരിച്ചു. ദീർഘനാളായി രോഗബാധിതയായിരുന്നു. ദക്ഷിണ മുംബൈയിലെ കൊളാബ പ്രതിനിധീകരിച്ച് മുനിസിപ്പല്‍ കോര്‍പ്പറേഷനിലും രണ്ട് തവണ മഹാരാഷ്ട്ര നിയമസഭയിലും അംഗമായി. കോൺഗ്രസിന്റെ മുംബൈ ഘടകത്തിലെ ജനപ്രിയ നേതാവായിരുന്നു. 70ാം വയസുവരെ, 45 വർഷത്തോളം വിവിധ പദവികള്‍ വഹിച്ചു. സംസ്‌കാരം തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 3.30ന് കൊളാബ ഹോളി നെയിം കത്തീഡ്രലില്‍ നടക്കും.

1938ലായിരുന്നു ജനനം. ചെറുപ്പത്തില്‍ തന്നെ സാമുഹിക പ്രവര്‍ത്തനത്തിനും രാഷ്ട്രീയ ജീവിതത്തിനും തുടക്കമിട്ടു. വിദ്യാഭ്യാസം, ശുചിത്വം ഉള്‍പ്പെടെ സാമുഹിക പ്രശ്‌നങ്ങളില്‍ സജീവമായി ഇടപെട്ടു. അടിച്ചമര്‍ത്തപ്പെട്ടവരുടെയും സ്ത്രീകളുടെ അവകാശങ്ങള്‍ക്കുംവേണ്ടി പ്രവര്‍ത്തിച്ചിരുന്ന ആനിയെ 'മമ്മി' എന്നാണ് പലരും വിളിച്ചിരുന്നത്. കൊളാബ മഹിള കോണ്‍ഗ്രസ് പ്രസിഡന്റായും പിന്നീട് എംആര്‍സിസി ജനറല്‍ സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു. 1992ല്‍ കൊളാബയിലെ ഒന്നാം വാര്‍ഡില്‍നിന്ന് മുനിസിപ്പല്‍ കോര്‍പ്പറേഷനിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1997ല്‍ മൂന്നാം വാര്‍ഡില്‍ നിന്നും ജയം ആവര്‍ത്തിച്ചു. 2004ല്‍ കൊളാബ നിയമസഭാ മണ്ഡലത്തില്‍ നിന്ന് അവര്‍ എംഎല്‍എയായി. 2009ലും ജയം ആവര്‍ത്തിച്ചു.

2006 മുതല്‍ 2009 വരെ സംസ്ഥാന മന്ത്രിയുടെ റാങ്കോടെ ചില്‍ഡ്രന്‍സ് എയ്ഡ് സൊസൈറ്റിയുടെ ചെയര്‍പേഴ്‌സണായും സേവനമനുഷ്ഠിച്ചു. മുംബൈയിലെ കൂപ്പറേജ് ഗ്രൗണ്ടിന് സമീപമുള്ള പോലെ, പാവപ്പെട്ട കുട്ടികൾക്ക് ഒത്തുകൂടാനും പഠിക്കാനും 24 മണിക്കൂറും തുറന്നിരിക്കുന്ന 'പഠന കേന്ദ്രങ്ങൾ' ആനി ശേഖറുടെ സംഭാവനയാണ്.

logo
The Fourth
www.thefourthnews.in