കര്‍ണാടകയിലെ മാധ്യമപ്രവര്‍ത്തകര്‍ക്ക് ദീപാവലി സമ്മാനമായി പണം നല്‍കി മുഖ്യമന്ത്രിയുടെ ഓഫീസ്; കൈക്കൂലിയെന്ന് കോണ്‍ഗ്രസ്
കര്‍ണാടക മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് മാധ്യമ പ്രവര്‍ത്തകര്‍ക്കും മാധ്യമ മേധാവികള്‍ക്കും പണം അടങ്ങിയ ദീപാവലി സമ്മാന പൊതി ലഭിച്ചതായി റിപ്പോര്‍ട്ട്. ഒക്ടോബര്‍ 24ന് നടന്ന ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി വിതരണം ചെയ്ത മധുര പലഹാരങ്ങളുടെ പൊതിക്കൊപ്പം പണവും ഉള്‍പ്പെട്ടതായാണ് പുറത്തുവരുന്ന വിവരം. ഇതോടെ, ബിജെപി സര്‍ക്കാരിന്റെ അഴിമതിക്ക് കൂട്ടുനില്‍ക്കാനാണ് മാധ്യമപ്രവര്‍ത്തകര്‍ക്ക് പണം നല്‍കിയതെന്ന ആരോപണവുമായി പ്രതിപക്ഷമായ കോണ്‍ഗ്രസ് രംഗത്തെത്തി. സംഭവം അന്വേഷിക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
ദീപാവലി സമ്മാനമായി 1 ലക്ഷം മുതല്‍ 2.5 ലക്ഷം രൂപവരെ ലഭിച്ചതായാണ് പേര് വെളിപ്പെടുത്താതെ ചില മാധ്യമ പ്രവര്‍ത്തകരുടെ വെളിപ്പെടുത്തല്‍. പണമാണെന്ന് വ്യക്തമായതോടെ ചില മാധ്യമപ്രവര്‍ത്തകര്‍ സമ്മാനപ്പൊതികള്‍ മടക്കി നല്‍കി. മറ്റു ചിലര്‍ ഔദ്യോഗിക ഇ-മെയില്‍ വിലാസത്തില്‍ നിന്നും മെയില്‍ അയച്ച് സമ്മാനപ്പൊതികള്‍ നിരസിക്കുന്നതായി മുഖ്യമന്ത്രിയുടെ ഓഫീസിനെ അറിയിച്ചതായാണ് വിവരം.
രാഷ്ട്രീയ വാര്‍ത്തകള്‍ കൈകാര്യം ചെയ്യുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്കാണ് പണം അടങ്ങിയ സമ്മാനപ്പൊതികള്‍ ലഭിച്ചിരിക്കുന്നത്. മറ്റുള്ളവര്‍ക്കെല്ലാം മധുര പലഹാരങ്ങള്‍ മാത്രം അടങ്ങിയ സമ്മാനപ്പൊതിയാണ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് നല്‍കിയത്.
പണം ഉള്‍പ്പെടുന്ന ദീപാവലി സമ്മാനത്തിനെതിരെ കര്‍ണാടക കോണ്‍ഗ്രസ് രംഗത്തെത്തി. സമ്മാനപ്പൊതി വഴി മാധ്യമ പ്രവര്‍ത്തകര്‍ക്ക് മുഖ്യമന്ത്രിയുടെ ഓഫീസ് കൈക്കൂലി നല്‍കിയിരിക്കുകയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ജനങ്ങളുടെ നികുതി പണമെടുത്താണ് സമ്മാനപ്പൊതി നല്‍കിയത്. ബിജെപി സര്‍ക്കാരിന്റെ അഴിമതി ഭരണത്തിന് കുടപിടിക്കാനാണ് മാധ്യമ പ്രവര്‍ത്തകര്‍ക്ക് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ കൈക്കൂലി നല്‍കിയിരിക്കുന്നത്. സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.