ബൈജൂസിന് കനത്ത തിരിച്ചടി; ബിസിസിഐയുമായുള്ള ഒത്തുതീര്‍പ്പ് കരാര്‍ റദ്ദാക്കി സുപ്രീംകോടതി, വിധി കടക്കാരുടെ ഹര്‍ജിയില്‍
കടക്കെണിയില്‍പ്പെട്ട് നട്ടംതിരിയുന്ന പ്രമുഖ എഡ്യൂ-ടെക് കമ്പനിയായ ബൈജൂസിന് കനത്ത തിരിച്ചടിയായി സുപ്രീം കോടതി വിധി. ബൈജൂസും ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡായ ബിസിസിഐയും തമ്മിലുണ്ടാക്കിയ ഒത്തുതീര്‍പ്പ് കരാറിന് അംഗീകാരം നല്‍കിയ ദേശീയ കമ്പനി ലോ അപ്പലേറ്റ് ട്രിബ്യൂണലിന്റെ ഉത്തരവ് ഇന്ന് സുപ്രീംകോടതിയുടെ മൂന്നംഗ ബെഞ്ച് റദ്ദാക്കി. ബൈജൂസിന് പണം കടംനല്‍കിയവര്‍ സമര്‍പ്പിച്ച ഹര്‍ജിയിലായിരുന്നു കോടതിയുടെ വിധിപ്രസ്താവം.
തങ്ങള്‍ക്ക് കോടികളുടെ ബാധ്യതയുണ്ടാക്കിയ ശേഷം ബിസിസിഐയ്ക്ക് മാത്രം 158 കോടി രൂപ നല്‍കി ഒത്തുതീര്‍പ്പ് ഉണ്ടാക്കിയത് ചോദ്യം ചെയ്തു കടക്കാര്‍ക്കുവേണ്ടി അമേരിക്കയിലെ ഗ്ലാസ് ട്രസ്റ്റ് കമ്പനിയാണ് ബൈജൂസിനെതിരേ സുപ്രീംകോടതിയെ സമീപിച്ചത്. ബൈജൂസ്-ബിസിസിഐ ഒത്തുതീര്‍പ്പ് കരാര്‍ അംഗീകരിച്ച ദേശീയ കമ്പനി ലോ അപ്പലേറ്റ് ട്രിബ്യൂണലിന്റെ ഉത്തരവ് റദ്ദാക്കണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം.
ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ ബി പര്‍ദ്ധിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജിയില്‍ വിശദമായ വാദം കേട്ടത്. കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന വിശദമായ ക്രോസ് വിസ്താരത്തിനിടെ ലോ ട്രിബ്യൂണലിന്റെ നടപടികളിലും അവര്‍ പുറപ്പെടുവിച്ച ഉത്തരവിന്റെ സാധുതയിലും ബെഞ്ച് സംശയം പ്രകടിപ്പിച്ചിരുന്നു.
മറ്റു കടക്കാര്‍ക്ക് 15000 കോടി രൂപയോളം നല്‍കാനുള്ളപ്പോള്‍ ബിസിസിഐയുടെ കടം മാത്രം കൊടുത്തുതീര്‍ക്കാനുള്ള കാരണം ബൈജൂസിനോട് ബെഞ്ച് ആരാഞ്ഞിരുന്നു. ബൈജൂസ് നല്‍കിയ പണം പ്രത്യേക അക്കൗണ്ടിലേക്ക് മാറ്റാനും അന്ന് കോടതി ബിസിസിഐയോട് ആവശ്യപ്പെട്ടിരുന്നു.
ബെഞ്ച് ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കാന്‍ ബൈജൂസിന് കഴിഞ്ഞില്ല. തുടര്‍ന്ന് ബൈജൂസും ബിസിസിഐയും തമ്മില്‍ നടന്ന ഇടപാടിന് നിയമസാധുതയില്ലാത്തതിനാല്‍ കമ്പനി ലോ ട്രിബ്യൂണല്‍ പുറപ്പെടുവിച്ച ഉത്തരവ് നിലനില്‍ക്കില്ലെന്ന് ബെഞ്ച് വിധി പ്രസ്താവിക്കുകയായിരുന്നു.