ശരദ് പവാറിന് വീണ്ടും തിരിച്ചടി; നാഗാലാൻഡിലെ 7 പാർട്ടി എംഎൽഎമാർ അജിത് ക്യാമ്പിൽ
എൻസിപി അധ്യക്ഷൻ ശരദ് പവാറിന് വീണ്ടും കനത്ത തിരിച്ചടി നൽകി പാർട്ടി എംഎൽഎമാർ. നാഗാലാൻഡിലെ ഏഴ് എൻസിപി എംഎൽഎമാർ അജിത് പവാറിന് പിന്തുണ പ്രഖ്യാപിച്ചു. സംസ്ഥാനത്തെ എല്ലാ പാര്‍ട്ടി പ്രവര്‍ത്തകരും അജിത് പവാറിനെ പിന്തുണയ്ക്കുമെന്ന് എംഎല്‍എമാര്‍ പ്രസ്താവനയിൽ അറിയിച്ചു. എംഎൽഎമാർ അജിത് പവാറിന് പിന്തുണ അറിയിച്ച് കത്ത് അയച്ചതായി എൻസിപിയുടെ നാഗാലാൻഡ് യൂണിറ്റ് പ്രസിഡന്റ് വന്തുംഗോ ഒദ്യുവോ അറിയിച്ചു. പാർട്ടിയിലെ മുഴുവൻ അംഗങ്ങളുമായി കൂടിയാലോചിച്ച ശേഷമാണ് തീരുമാനമെന്നും പ്രസ്താവനയിൽ പറയുന്നു.
ഏഴ് എംഎൽഎമാരാണ് നാഗാലാൻഡിൽ എൻസിപിക്ക് ഉള്ളത്. ഇവർ നേരത്തെ തന്നെ ബിജെപി-എന്‍ഡിപിപി സര്‍ക്കാരിനെ പിന്തുണയ്ക്കാന്‍ തീരുമാനിച്ചിരുന്നു. എൻസിപി ദേശീയ പ്രസിഡന്റ് അജിത് പവാറിന്റെയും ദേശീയ വർക്കിങ് പ്രസിഡന്റ് പ്രഫുൽ പട്ടേലിന്റെയും നേതൃത്വത്തിൽ പ്രവർത്തിക്കാൻ എല്ലാവരും തയ്യാറാണെന്ന് എൻസിപി വക്താവ് ബ്രിജ്മോഹൻ ശ്രീവാസ്തവ മാധ്യമങ്ങളോട് പറഞ്ഞു. വർക്കിങ് പ്രസിഡന്റ് പ്രഫുൽ പട്ടേൽ, മഹാരാഷ്ട്രയിലെ എൻസിപി സംസ്ഥാന പ്രസിഡന്റ് ജയന്ത് പാട്ടീൽ, എംപി സുനിൽ തത്കരെ എന്നിവരുമായി നാഗാലാൻഡ് എൻസിപി സംസ്ഥാന പ്രസിഡന്റ് ഇന്ന് ഡൽഹിയിൽ കൂടിക്കാഴ്ച നടത്തിയ ശേഷമാണ് സംയുക്ത പ്രസ്താവന ഇറക്കിയത്.
ജൂലൈ ആദ്യവാരമാണ് എൻസിപിയിൽ പിളർപ്പുണ്ടാക്കി അജിത് പവാറും മറ്റ് എട്ട് എൻസിപി എംഎൽഎമാരും മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള മഹാരാഷ്ട്ര ശിവസേന-ബിജെപി സഖ്യ സർക്കാരിൽ ചേർന്നത്. അജിത് പവാര്‍ മഹാരാഷ്ട്രയിൽ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. അജിത്തിനൊപ്പമുള്ള എട്ട് എംഎല്‍മാർ മന്ത്രിമാരായും സത്യപ്രതിജ്ഞ ചെയ്തിരുന്നു. അജിത് പവാറിന് മുപ്പതിലധികം എംഎൽഎമാരുടെ പിന്തുണയുണ്ടെന്നാണ് അവകാശവാദം. തങ്ങളാണ് യഥാർഥ എൻസിപിയെന്നും പാർട്ടി ചിഹ്നം അനുവദിക്കണമെന്നും അജിത് പവാർ അവകാശപ്പെട്ടിരുന്നു.