'ഇന്ത്യൻ മതേതരത്വത്തിന് നേരെ ചൂണ്ടിയ 7.65 എംഎം പിസ്റ്റൾ'; കൊല്ലപ്പെട്ട് ഏഴുവര്‍ഷം കഴിഞ്ഞിട്ടും നീതി കിട്ടാതെ ഗൗരി ലങ്കേഷ്‌

'ഇന്ത്യൻ മതേതരത്വത്തിന് നേരെ ചൂണ്ടിയ 7.65 എംഎം പിസ്റ്റൾ'; കൊല്ലപ്പെട്ട് ഏഴുവര്‍ഷം കഴിഞ്ഞിട്ടും നീതി കിട്ടാതെ ഗൗരി ലങ്കേഷ്‌

കർണാടകയിൽ സാമുദായിക ധ്രുവീകരണ ശ്രമങ്ങൾ നടന്ന സമയങ്ങളിൽ ഗൗരിലങ്കേഷിന്റെ ജീവിതവും അവർ നടത്തിയ 'ലങ്കേഷ് പത്രിക' എന്ന പത്രവും ചർച്ചയായി
Updated on
3 min read

2017 സെപ്റ്റംബർ 5ന് രാത്രി ജോലി കഴിഞ്ഞ് തന്റെ വീട്ടിലേക്ക് പോവുകയായിരുന്ന ഗൗരി ലങ്കേഷ് ബംഗളൂരിലെ രാജരാജേശ്വരി നഗറിലെ തന്റെ വീട്ടിന്റെ മുന്നിൽ വച്ച് വെടിയേറ്റ് മരിച്ചു. മതവാദികൾ ജനാധിപത്യത്തിന് നേരെ ഉയർത്തുന്ന ഭീഷണികളെ തന്റെ മാധ്യമപ്രവർത്തനത്തിലൂടെ നേരിട്ട ചെറുത്തുനിൽപ്പിന്റെ ശബ്ദം 7.65 എം എം പിസ്റ്റളിൽ നിന്നുതിർത്തുവിട്ട വെടിയുണ്ടയേറ്റ് ചലനമറ്റു കിടന്നു. ഒട്ടും ഭയമില്ലാതെ ഗൗരി നടത്തിയ മാധ്യമ പ്രവർത്തനം ഏഴു വർഷങ്ങൾക്കിപ്പുറവും ഇല്ലാതാക്കാൻ സാധിക്കാതെ നിൽക്കുന്നു. അരികുവത്കരിക്കപ്പെട്ടവരുടെ ഉന്നമനത്തിനുവേണ്ടിയും സാമുദായിക ഐക്യത്തിനും വേണ്ടി നിലകൊണ്ട മാധ്യമപ്രവർത്തകയായിരുന്ന ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിൽ ഏഴു വർഷങ്ങൾക്കിപ്പുറവും ഒരു പ്രതി പോലും ശിക്ഷിക്കപ്പെട്ടില്ല.

കർണാടകയിൽ കോൺഗ്രസ് ഭരണം വന്നതിനു ശേഷം കേസ് മജിസ്‌ട്രേറ്റ് കോടതിയിൽ നിന്നും അതിവേഗ കോടതിയിലേക്ക് മാറ്റാൻ ഉത്തരവായെങ്കിലും ഇതുവരെ അത് സാധ്യമായിട്ടില്ല. ആകെയുള്ള 530 സാക്ഷികളിൽ 137 പേരെമാത്രമാണ് ഇതുവരെ വിസ്തരിച്ചത്. നാല് പ്രതികൾക്ക് ജാമ്യം ലഭിച്ചു. വൈകുന്ന നീതി നീതിനിഷേധമാണെന്ന് ഇപ്പോഴും ആവർത്തിക്കുന്ന ഗൗരിയുട സഹോദരി കവിത ലങ്കേഷ് ഇനി വിചാരണ വേഗത്തിലാകുമായിരിക്കും എന്ന പ്രതീക്ഷയും മുന്നോട്ടുവയ്ക്കുന്നുണ്ട്.

കർണാടകയിൽ ശിരോവസ്ത്രം നിരോധിക്കുന്നതുൾപ്പെടെ സാമുദായിക ധ്രുവീകരണ ശ്രമങ്ങൾ നടന്ന സമയങ്ങളിൽ മതവാദികൾ കൊന്നുകളഞ്ഞ ഗൗരിലങ്കേഷിന്റെ ഇടപെടലും അവർ നടത്തിയ 'ലങ്കേഷ് പത്രിക' എന്ന പത്രവും ചർച്ചയായിരുന്നു. ചോരയിൽ കുളിച്ച് കിടന്ന ഗൗരി ലങ്കേഷിന്റെ മൃതദേഹത്തിന്റെ ചിത്രം തന്നെ കർണാടകയുടേയും, അതുപോലെ രാജ്യത്തിന്റെയും സാമുദായിക ഐക്യം നേരിടുന്ന വെല്ലുവിളികളിലേക്കുള്ള സൂചനയായിരുന്നു.

'ഇന്ത്യൻ മതേതരത്വത്തിന് നേരെ ചൂണ്ടിയ 7.65 എംഎം പിസ്റ്റൾ'; കൊല്ലപ്പെട്ട് ഏഴുവര്‍ഷം കഴിഞ്ഞിട്ടും നീതി കിട്ടാതെ ഗൗരി ലങ്കേഷ്‌
തുടരെ നല്‍കുന്ന ജാമ്യവും വൈകുന്ന നീതിയും; ഗൗരി ലങ്കേഷിൻ്റെയും സൗമ്യ വിശ്വനാഥൻ്റെയും കേസുകള്‍ വിരല്‍ ചൂണ്ടുന്നതെന്ത്?

ഇപ്പോഴും അവസാനിക്കാതെ എസ്ഐടി അന്വേഷണം

എം എൻ അനുചേത്, പി രംഗപ്പ എന്നീ ഐപിഎസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ് ഗൗരി ലങ്കേഷിന്റെ കൊലപാതകം അന്വേഷിക്കുന്നത്. 2018 മാർച്ചിൽ ഗൗരി ലങ്കേഷിനെ കൊല്ലാൻ ആസൂത്രണം ചെയ്ത സംഘത്തിന്റെ ഭാഗമാണെന്ന് കണ്ടെത്തിയ ഹിന്ദു യുവസേന പ്രവർത്തകനായ നവീൻ കുമാർ അറസ്റ്റ് ചെയ്യപ്പെട്ടു.

എട്ടു മാസങ്ങൾക്കിപ്പുറം 2018 നവംബറിൽ പതിനായിരം പേജുകളുള്ള വിശദമായ കുറ്റപത്രം അന്വേഷണസംഘം സമർപ്പിച്ചു. അതിൽ അമോൽ കാലെ, സുജിത് കുമാർ, അമിത് ദിഗ്വേകർ എന്നിവരുൾപ്പെടെ 18 പേരെയാണ് പ്രതികളായി ഉൾപ്പെടുത്തിയിരുന്നത്. ഇവരെല്ലാവരും സനാതൻ സൻസ്ത, ശ്രീ റാം സേന എന്നീ തീവ്രവലത് സംഘടനകളുമായി ബന്ധമുള്ളവരാണ്.

18 പേരുൾപ്പെടുന്ന കുറ്റപത്രം സമർപ്പിച്ചെങ്കിലും ഏഴു വർഷം കഴിഞ്ഞിട്ടും ആരും ഇതുവരെ ശിക്ഷിക്കപ്പെട്ടില്ല. കൊലപാതകം, ക്രിമിനൽ ഗൂഢാലോചന എന്നീ വകുപ്പുകൾക്കൊപ്പം കർണാടക ഓർഗനൈസ്ഡ് ക്രൈം ആക്റ്റും 1959ലെ ആംസ് ആക്റ്റും ഉൾപ്പെടുത്തിയിട്ടുണ്ട്. ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിന് എഴുത്തുകാരും സാമൂഹിക പ്രവർത്തകരയുമായിരുന്ന നരേന്ദ്ര ദാഭോൽക്കർ, ഗോവിന്ദ് പാൻസരെ, എം എം കൽബുർഗി എന്നിവരുടെ മരണവുമായി ബന്ധമുള്ളതായി അന്വേഷണോദ്യോഗസ്ഥർ സംശയമുന്നയിച്ചിട്ടുണ്ട്.

കൊല്ലപ്പെട്ട് ഏഴുവർഷങ്ങൾക്ക് ശേഷം 2022 ജൂലൈ 4 നാണ് കർണാടകയിലെ മജിസ്‌ട്രേറ്റ് കോടതി ഗൗരിലങ്കേഷിന്റെ കേസ് പരിഗണിക്കുന്നത്. അന്നുമുതലിങ്ങോട്ട് എല്ലാ മാസവും രണ്ടാമത്തെ ആഴ്ച തുടർച്ചയായി അഞ്ചു ദിവസങ്ങൾ കോടതി വാദം കേൾക്കാറുണ്ട്. കൊലപാതകം പ്രത്യയശാസ്‌ത്രപരമായ കാരണങ്ങളാലെന്നാണ് പ്രത്യേക അന്വേഷണ സംഘം കോടതിയിൽ ബോധിപ്പിച്ചിട്ടുള്ളത്. ഹിന്ദുത്വസംഘടനകളെ ശക്തമായി എതിർത്തുകൊണ്ട് ഗൗരിലങ്കേഷ് രംഗത്തെത്തിയതാണ് ഇവരെ പ്രകോപിപ്പിച്ചതെന്നും അന്വേഷണ സംഘം വ്യക്തമാക്കുന്നു. അതിനു തെളിവായി അവതരിപ്പിക്കുന്നത് പ്രതികളിലൊരാളായ അമോൽ കേലിന്റെ ഡയറിക്കുറിപ്പുകളാണ്.

ഡയറിയിൽ 36 പേരുകൾ അമോൽ കേൽ പരാമർശിക്കുന്നുണ്ട്. അതിൽ എഴുത്തുകാരൻ ബരഗുർ രാമചന്ദ്രപ്പ, കവി ചെന്നവീര കനവി, ദളിത് എഴുത്തുകാരൻ ബനജാഗരെ ജയപ്രകാശ്, അന്തരിച്ച കന്നഡ നാടകകൃത്ത് ഗിരീഷ് കർണാട്, മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ എസ് എം ജംദാർ, സ്വതന്ത്ര ചിന്തകൻ നരേന്ദ്ര നായക് എന്നിവരും ഉൾപ്പെടുന്നു.

എവിടെയുമെത്താതെ വിചാരണ

ശക്തമായ സാക്ഷിമൊഴികളും സിസിടിവി ദൃശ്യങ്ങളുമുൾപ്പെടെയുള്ള തെളിവുകളുണ്ടായിട്ടും ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിന്റെ വിചാരണ എവിടെയും എത്തിയിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട് ആദ്യം പ്രത്യേക കോടതിക്ക് മുന്നിൽ ഹാജരായി മൊഴി കൊടുത്തത് ഗൗരി ലങ്കേഷിന്റെ സഹോദരി കവിത ലങ്കേഷാണ്. ആരൊക്കെയോ തന്നെ പിന്തുടരുന്നുണ്ടെന്നും, വീടിനടുത്ത് ചുറ്റിത്തിരിയുന്നുണ്ടെന്നും സഹോദരി പറഞ്ഞതായാണ് കോടതിയെ കവിത ലങ്കേഷ് ബോധ്യപ്പെടുത്തിയത്.

മറ്റ് പ്രധാനപ്പെട്ട സാക്ഷിമൊഴികളിലൊന്ന് ഗൗരിക്കു നേരെ വെടിയുതിർത്തത്തിനു ശേഷം കൊലപാതകികൾ രക്ഷപ്പെടുന്നത് കണ്ട അയൽവാസിയുടേതാണ്. ആദ്യം ഗൗരിയുടെ മൃതദേഹം കണ്ട കേബിൾ ഓപ്പറേറ്ററും ഫോറൻസിക് വിദഗ്ധരും പോലീസ് ഉദ്യോഗസ്ഥരുമാണ് നിർണായകമായ മറ്റ് വിവരങ്ങൾ നൽകിയത്. ഗൗരി ലങ്കേഷിന് നക്സലേറ്റുകളുമായി ബന്ധമുണ്ടെന്ന് വരുത്തിത്തീർത്ത് അതിന്റെ ഭാഗമായുണ്ടായ കൊലപാതകമാണിത് എന്ന് ചിത്രീകരിക്കാനാണ് പ്രതിഭാഗം ശ്രമിച്ചത്. ജിഗ്നേഷ് മേവാനി, കനയ്യ കുമാർ എന്നിവരുമായുള്ള ബന്ധം ഉയർത്തിക്കാണിച്ച് ഇവർ "ടുക്കടെ ടുക്കടെ ഗാങ്" ആണെന്ന പ്രചാരണവും ഹിന്ദുത്വ സംഘടനകൾ നടത്തിയിരുന്നു.

പ്രതിഭാഗത്തിന്റെ ആവശ്യപ്രകാരം സ്പെഷ്യൽ പ്രോസിക്യൂട്ടർ ഗൗരി ലങ്കേഷിന്റെ വീടിന് പുറത്ത് സ്ഥാപിച്ച രണ്ട് വ്യത്യസ്ത സിസിടിവികളിൽ നിന്നുള്ള ദൃശ്യങ്ങൾ കോടതിക്കുമുമ്പാകെ ഹാജരാക്കിയിരുന്നു. ഈ ദൃശ്യങ്ങളിൽ നിന്നും കുറ്റവാളികളെ തങ്ങൾക്ക് തിരിച്ചറിയാൻ സാധിച്ചിട്ടുണ്ടെന്നാണ് പ്രത്യേക അന്വേഷണ സംഘം കോടതിയെ ധരിപ്പിച്ചത്. വിനോദ് കുമാർ എന്ന പോലീസ് കോൺസ്റ്റബിളിന്റെയും പിഡബ്ള്യുഡി അസിസ്റ്റന്റ് എൻജിനിയർ വിഎൻ കലഗേരിയുടെയും സാക്ഷിമൊഴികളും നിർണായകമാണ്.

ഇൻസ്‌പെക്ടർ ശിവ റെഡ്ഢിയുടെ നേതൃത്വത്തിൽ ഗൗരി ലങ്കേഷിനു നേരെ വെടിയുതിർത്ത പരശുറാം വാഗ്മാരയെ വച്ച് നടന്ന സംഭവം പുനർസൃഷ്ടിക്കുകയും അതിന്റെ അടിസ്ഥാനത്തിൽ സമർപ്പിച്ച വിവരങ്ങൾ കേസ് പരിഗണിച്ച ജസ്റ്റിസ് സിഎം ജോഷി പരിശോധിക്കുകയും ചെയ്തിരുന്നു. എന്നാൽ പിന്നീട് ജഡ്ജി സിഎം ജോഷിയെ കർണാടക ഹൈക്കോടതി ജഡ്ജിയായി ഉയർത്തിയതോടെ കേസിന്റെ വിചാരണയും മന്ദഗതിയിലായി.

logo
The Fourth
www.thefourthnews.in