ലൈംഗികപീഡന പരാതി: പ്രജ്വല്‍ രേവണ്ണയ്ക്ക് ലുക്കൗട്ട് നോട്ടീസ്, നയതന്ത്ര പാസ്‌പോര്‍ട്ട് റദ്ദാക്കണമെന്ന് കര്‍ണാടക
ലൈംഗികപീഡന പരാതി നേരിടുന്ന കര്‍ണാടക ജെഡിഎസ് നേതാവ് പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ ലുക്കൗട്ട് നോട്ടീസ്. മുന്‍ പ്രധാനമന്ത്രിയുടെ എച്ച്ഡി ദേവെ ഗൗഡയുടെ കൊച്ചുമകനും ഹാസന്‍ ലോക്‌സഭ മണ്ഡലത്തിലെ ജെഡിഎസ് സ്ഥാനാര്‍ഥിയുമായിരുന്ന രേവണ്ണയ്‌ക്കെതിരെ പീഡനക്കേസ് അന്വേഷിക്കുന്നു പ്രത്യകേ അന്വേഷണ സംഘമാണ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. ലൈംഗിക പീഡന പരാതിയില്‍ കേസെടുത്തതിന് പിന്നാലെ രാജ്യം വിട്ട രേവണ്ണ ജര്‍മനിയിലാണുള്ളതെന്നാണ് റിപ്പോര്‍ട്ട്.
ചോദ്യം ചെയ്യലിനു ഹാജരാകാന്‍ നല്‍കിയ സമന്‍സ് മടങ്ങിയതിനു പിന്നാലെയാണു എസ്ഐടി നടപടി
രാജ്യത്തെ വിമാനത്താവളങ്ങള്‍, തുറമുഖങ്ങള്‍, അതിര്‍ത്തി ചെക്ക് പോസ്റ്റുകള്‍ എന്നിവയില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ രേവണ്ണയെ കസ്റ്റഡിയിലെടുക്കാനാണ് നീക്കം. ലൈംഗികപീഡന പരാതിയില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദേശിച്ച് കഴിഞ്ഞ ദിവസം എസ്‌ഐടി രേവണ്ണയ്ക്ക് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ അന്വേഷണ സംഘത്തിനു മുന്നില്‍ ഹാജരാകാന്‍ ഏഴ് ദിവസത്തെ സമയം രേവണ്ണെയുടെ അഭിഭാഷകന്‍ ആവശ്യപ്പെട്ടു. പ്രജ്വല്‍ രേവണ്ണ മേയ് 15 ന് റിട്ടേണ്‍ ടിക്കറ്റ് ബുക്ക് ചെയ്തിട്ടുണ്ടെന്ന് എസ്‌ഐടി വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
ഹാസന്‍ ലോക്‌സഭാ മണ്ഡലത്തിലെ സിറ്റിങ് എംപിയായ പ്രജ്വല്‍ രേവണ്ണയെ ആരോപണത്തിനു പിന്നാലെ ജെഡിഎസ് പാര്‍ട്ടിയില്‍നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു. പ്രജ്വലിനെതിരെയുളള ലൈംഗിക അതിക്രമ കേസില്‍ പ്രത്യേക സംഘം അന്വേഷണം പൂര്‍ത്തിയാകും വരെയാണ് സസ്‌പെന്‍ഷന്‍. പാര്‍ട്ടി കോര്‍ കമ്മിറ്റി യോഗത്തിനുശേഷം ഏപ്രില്‍ 30 നായിരുന്നു സസ്പെന്‍ഷന്‍ പ്രഖ്യാപിച്ചത്.
അതേസമയം, പ്രജ്ജ്വല്‍ രേവണ്ണയുടെ നയതന്ത്ര പാസ്‌പോര്‍ട്ട് റദ്ദാക്കണമെന്ന് കര്‍ണാടക മുഖ്യമന്ത്രി കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ബുധനാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എഴുതിയ കത്തിലാണ് മുഖ്യമന്ത്രി സിദ്ധരാമയ്യ ഇക്കാര്യം ആവശ്യപ്പെട്ടത്.
സാധാരണ പാസ്പോര്‍ട്ടിനു പുറമെ ഒരു പാര്‍ലമെന്റ് അംഗം (എംപി) എന്ന നിലയില്‍ പ്രജ്വലിന് നയതന്ത്ര പാസ്പോര്‍ട്ടിനും അര്‍ഹതയുണ്ട്. നയതന്ത്ര പാസ്പോര്‍ട്ട് ഉടമയ്ക്ക് ആതിഥേയ രാജ്യത്ത് അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികളെ പ്രതിരോധിക്കാന്‍ പ്രത്യേക അവകാശങ്ങള്‍ ഉണ്ട്. കേസിന്റെ പശ്ചാത്തലത്തില്‍ നയതന്ത്ര പാസ്‌പോര്‍ട്ട് റദ്ദാക്കണം എന്നാണ് കര്‍ണാടകയുടെ ആവശ്യം.
കര്‍ണാടകയില്‍ ഹാസന്‍ ഉള്‍പ്പെടെ 14 മണ്ഡലങ്ങളിലേക്ക് നടന്ന ഒന്നാം ഘട്ട തിരഞ്ഞെടുപ്പിന് മുന്നോടിയായി ആയിരുന്നു പ്രജ്വല്‍ രേവണ്ണക്കെതിരെ വീഡിയോ ക്ലിപ്പുകള്‍ പ്രചരിച്ചത്. പിന്നാലെ സ്ത്രീപീഡന പരാതിയില്‍ സര്‍ക്കാര്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് ഉത്തരവിറക്കുകയായിരുന്നു. സംസ്ഥാന വനിതാ കമ്മിഷന്‍ ആവശ്യപ്പെട്ടത് പ്രകാരമാണ് അന്വേഷണ സംഘത്തെ ചുമതലപ്പെടുത്തുന്നതെന്നായിരുന്നു സിദ്ധരാമയ്യയുടെ വിശദീകരണം. സ്ത്രീയുടെ അനുവാദമില്ലാതെ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു വനിതാ കമ്മിഷന്റെ ഇടപെടല്‍.