സ്ത്രീ സുരക്ഷയ്ക്ക് ആഭ്യന്തര സമിതികൾ: കായിക ഫെഡറേഷനുകള്‍ക്ക് മനുഷ്യാവകാശ കമ്മീഷന്‍ നോട്ടീസ്

സ്ത്രീ സുരക്ഷയ്ക്ക് ആഭ്യന്തര സമിതികൾ: കായിക ഫെഡറേഷനുകള്‍ക്ക് മനുഷ്യാവകാശ കമ്മീഷന്‍ നോട്ടീസ്

ഇന്ത്യയിലെ ആകെ 30 സ്‌പോര്‍ട്‌സ് ഫെഡറേഷനുകളില്‍ 16 എണ്ണത്തിലും കൃത്യമായ മാനദണ്ഡങ്ങളോട് കൂടിയ ആഭ്യന്തര കമ്മിറ്റികള്‍ (ഐസിസി) നിലവിലില്ലെന്നായിരുന്നു റിപ്പോര്‍ട്ട്
Updated on
1 min read

ലൈംഗിക പീഡന പരാതികള്‍ കൈകാര്യം ചെയ്യാനുള്ള ആഭ്യന്തര സമിതികൾ (ഐസിസി) രാജ്യത്തെ പകുതിയോളം കായിക ഫെഡറേഷനുകളിലുമില്ലെന്ന റിപ്പോര്‍ട്ടില്‍ ഇടപെട്ട് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍. ആകെയുള്ള 30 സ്‌പോര്‍ട്‌സ് ഫെഡറേഷനുകളില്‍ 16 എണ്ണത്തിലും കൃത്യമായ മാനദണ്ഡങ്ങളോടു കൂടിയ ഐസിസികള്‍ ഇല്ലെന്ന ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ടിന് പിന്നാലെയാണ് ഇടപെടല്‍. വിഷയത്തില്‍ നാലാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാൻ ബന്ധപ്പെട്ട കക്ഷികളോട് മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദേശിച്ചു.

2013 ലെ പ്രിവന്‍ഷന്‍ എഗൈന്‍സ്‌റ് സെക്ഷ്വല്‍ ഹരാസ്‌മെന്റ് (PoSH ) നിയമപ്രകാരം ജോലിസ്ഥലങ്ങളില്‍ പരാതിപരിഹാരത്തിനായുള്ള ആഭ്യന്തര സമിതി നിര്‍ബന്ധമാണ്. എന്നാല്‍, കായികമേഖലയില്‍ നിയമം പാലിക്കപ്പെടുന്നില്ലെന്നത് ഗുരുതര വിഷയമാണെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ചൂണ്ടിക്കാട്ടുന്നു.

'കായികതാരങ്ങളുടെ അന്തസ്സിനെയും നിയമപരമായ അവകാശത്തെയും ബാധിക്കുന്ന വിഷയമാണിതെന്നും കമ്മീഷന്‍ നോട്ടീസില്‍ പറഞ്ഞു. റസ്ലിങ് ഫെഡറേഷനുള്‍പ്പെടെ വിവിധ കായിക ഫെഡറേഷനുകള്‍, കായിക മന്ത്രാലയം, സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ, ബിസിസിഐ എന്നിവയ്ക്കാണ് കമ്മീഷന്‍ നോട്ടീസ് പുറപ്പെടുവിച്ചത്.

സ്ത്രീ സുരക്ഷയ്ക്ക് ആഭ്യന്തര സമിതികൾ: കായിക ഫെഡറേഷനുകള്‍ക്ക് മനുഷ്യാവകാശ കമ്മീഷന്‍ നോട്ടീസ്
സ്ത്രീ സുരക്ഷ: കായിക ഫെഡറേഷനുകളില്‍ ആഭ്യന്തര സമിതികള്‍ 'കളത്തിന് പുറത്ത്'

ഗുസ്തി ഫെഡറേഷന്‍ ഓഫ് ഇന്ത്യ തലവനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരെ രാജ്യത്തെ പ്രമുഖ ഗുസ്തി താരങ്ങള്‍ ഉന്നയിച്ച ലൈംഗികാരോപണം പരിശോധിച്ച മേരി കോമിന്റെ നേതൃത്വത്തിലുള്ള സമിതിയും ആഭ്യന്തര പരാതി സമിതിയുടെ അഭാവം ചൂണ്ടിക്കാട്ടിയിരുന്നു. ഇക്കാര്യവും മനുഷ്യാവകാശ കമ്മീഷന്‍ ഫെഡറേഷനുകള്‍ക്ക് അയച്ച നോട്ടീസില്‍ ചൂണ്ടിക്കാട്ടുന്നു.

പ്രിവന്‍ഷന്‍ എഗൈന്‍സ്‌റ് സെക്ഷ്വല്‍ ഹരാസ്‌മെന്റ് നിയമത്തിന് കീഴിലുള്ള ഐസിസിയാണ് ലൈംഗികാതിക്രമം ഉള്‍പ്പെടെയുള്ള പരാതികള്‍ ആദ്യം പരിഗണിക്കുകയും നടപടികള്‍ സ്വീകരിക്കുകയും ചെയ്യുക. നിയമമനുസരിച്ച്, അതില്‍ കുറഞ്ഞത് നാല് അംഗങ്ങള്‍ ഉണ്ടായിരിക്കണം. അവരില്‍ പകുതിയെങ്കിലും സ്ത്രീകള്‍ ആവണം. എന്‍ജിഒയില്‍ നിന്നുള്ളതോ സ്ത്രീ ശാക്തീകരണത്തിനായി പ്രവര്‍ത്തിക്കുന്ന അസോസിയേഷനില്‍ നിന്നുള്ളതോ അല്ലെങ്കില്‍ ബന്ധപ്പെട്ട വിഷയങ്ങളില്‍ പരിചയമുള്ളതോ ആയ ഒരു ബാഹ്യ അംഗവും കമ്മിറ്റിയില്‍ ഉണ്ടായിരിക്കണം. അഭിഭാഷകരാണ് മിക്ക ആഭ്യന്തര കമ്മിറ്റികളിലും ബാഹ്യ അംഗമായി ഉണ്ടാകാറുള്ളത്.

എന്നാല്‍, ഗുസ്തി ഉള്‍പ്പടെ അഞ്ച് ഫെഡറേഷനുകളിലാണ് ആഭ്യന്തര കമ്മിറ്റികള്‍ തീരെ നിലവിലില്ലാത്തത്. നാല് ഫെഡറേഷനുകളിലെ ആഭ്യന്തര കമ്മിറ്റിയില്‍ നിശ്ചിത അംഗങ്ങള്‍ ഇല്ല. ആറ് കമ്മിറ്റികളില്‍ ബാഹ്യ അംഗം ഇല്ല. ഒരു ഫെഡറേഷനില്‍ രണ്ട് പാനലുകള്‍ ഉണ്ട്. എന്നാല്‍ രണ്ടിലും സ്വതന്ത്ര അംഗം ഉണ്ടായിരുന്നില്ലെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

logo
The Fourth
www.thefourthnews.in