ആരാണീ ഷാരൂഖ് ഖാനെന്ന് അസം മുഖ്യമന്ത്രി; ഹിമന്ത ബിശ്വ ശർമയെ ഫോണിൽ വിളിച്ച് താരം

ആരാണീ ഷാരൂഖ് ഖാനെന്ന് അസം മുഖ്യമന്ത്രി; ഹിമന്ത ബിശ്വ ശർമയെ ഫോണിൽ വിളിച്ച് താരം

അസമില്‍ പഠാൻ സിനിമ റിലീസ് ചെയ്യാനിരിക്കുന്ന തിയേറ്ററില്‍ പ്രതിഷേധമുണ്ടായതിനെ തുടര്‍ന്ന് പുലര്‍ച്ചെ 2 മണിക്ക് ഷാരൂഖ് ഖാന്‍ ഫോണില്‍ വിളിച്ചെന്ന് ഹിമന്ത ബിശ്വ ശർമ
Updated on
1 min read

പഠാൻ സിനിമയ്ക്കെതിരെ അസമിൽ വ്യാപക പ്രതിഷേധം നടക്കുന്നതിനിടെ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയുമായി ഫോണില്‍ സംസാരിച്ച് ബോളിവുഡ് സൂപ്പർസ്റ്റാർ ഷാരൂഖ് ഖാൻ. അസമില്‍ പഠാൻ സിനിമ റിലീസ് ചെയ്യാനിരിക്കുന്ന തിയേറ്ററില്‍ പ്രതിഷേധമുണ്ടായതിനെ തുടര്‍ന്ന് പുലര്‍ച്ചെ 2 മണിക്ക് ഷാരൂഖ് ഖാന്‍ ഫോണില്‍ വിളിച്ചു. സംസ്ഥാനത്ത് ക്രമസമാധാന പാലനം സര്‍ക്കാരിന്റെ ചുമതലയാണെന്നും സംഭവത്തെക്കുറിച്ച് അന്വേഷിച്ച് നടപടി സ്വീകരിക്കുമെന്ന് ഷാരൂഖിന് ഉറപ്പു നല്‍കിയെന്നും ഹിമന്ത ബിശ്വ ശര്‍മ ട്വീറ്റ് ചെയ്തു. 

''ഇന്ന് പുലർച്ചെ 2 മണിക്ക് ബോളിവുഡ് താരം ഷാരൂഖ് ഖാൻ വിളിച്ചു. പഠാൻ സിനിമയുടെ പ്രദർശനത്തിനിടെ ഗുവാഹത്തിയിൽ നടന്ന ഒരു സംഭവത്തെക്കുറിച്ച് അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. ക്രമസമാധാനപാലനം സംസ്ഥാന സർക്കാരിന്റെ കടമയാണെന്നും സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്നും അദ്ദേഹത്തിന് ഉറപ്പ് നൽകിയിട്ടുണ്ട്''. അത്തരത്തിലുള്ള അനിഷ്ട സംഭവങ്ങൾ ഇനി ഉണ്ടാകില്ലെന്ന് ഉറപ്പ് വരുത്തുമെന്നും മുഖ്യമന്ത്രി ട്വീറ്റ് ചെയ്തു.

ആരാണീ ഷാരൂഖ് ഖാനെന്ന് അസം മുഖ്യമന്ത്രി; ഹിമന്ത ബിശ്വ ശർമയെ ഫോണിൽ വിളിച്ച് താരം
'ആരാണ് ഷാരൂഖ് ഖാൻ? എനിക്കയാളെ അറിയില്ല, പഠാന്‍ സിനിമയും അറിയില്ല'- അസം മുഖ്യമന്ത്രി

വെള്ളിയാഴ്ച അസമിലെ നരേംഗിയിലെ തിയേറ്ററില്‍ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ ആക്രമണം നടത്തി പഠാന്റെ പോസ്റ്ററുകള്‍ നശിപ്പിച്ചിരുന്നു. ഇത് സംബന്ധിച്ച ചോദ്യത്തിന് ''ആരാണ് ഷാരൂഖ് ഖാന്‍ എന്നും ഞങ്ങള്‍ എന്തിന് അതൊക്കെ ശ്രദ്ധിക്കണം'' എന്നുമായിരുന്നു ഹിമന്ത ബിശ്വ ശര്‍മയുടെ പ്രതികരണം.

ബോളിവുഡിലെ പല പ്രമുഖരും ഈ വിഷയവുമായി ബന്ധപ്പെട്ട് എന്നെ വിളിച്ചു. ഷാരൂഖ് ഖാന്‍ എന്നെ വിളിച്ചിട്ടില്ല, അദ്ദേഹം വിളിക്കുകയാണെങ്കില്‍ ഇക്കാര്യം ഞാന്‍ അന്വേഷിക്കാം. ക്രമസമാധനം ഹനിക്കപ്പെട്ടിട്ടുണ്ടങ്കില്‍ സംഭവത്തില്‍ കേസെടുക്കും, തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും ഹിമന്ത ശര്‍മ പറഞ്ഞിരുന്നു. ഷാരൂഖ് ഖാന്‍ ഒരു ഹിന്ദി സിനിമ സൂപ്പര്‍സ്റ്റാറാണെന്ന മാധ്യമപ്രവർത്തകരുടെ വിശദീകരണത്തിന്, അസമിലെ ജനങ്ങള്‍ അസമീസ് സിനിമയുടെ കാര്യത്തിലാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്. അല്ലാതെ ഹിന്ദി സിനിമയിലല്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

ഷാരൂഖ് ഖാനെ നായകനാക്കി സിദ്ധാര്‍ത്ഥ് ആനന്ദ് സംവിധാനം ചെയ്ത ചിത്രമാണ് പഠാന്‍. കഴിഞ്ഞ ഡിസംബര്‍ 12 നാണ് പഠാനിലെ ബേഷരം രംഗ് എന്ന ഗാനം പുറത്തിറങ്ങിയത്. പിന്നാലെ വിവാദവുമെത്തി. ഗാനരംഗത്തില്‍ ദീപിക പദുക്കോണ്‍ ധരിച്ച കാവി വസ്ത്രമാണ് പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചത്. ഹിന്ദുമതത്തെ അവഹേളിച്ചെന്നും മതവികാരം വൃണപ്പെടുത്തിയെന്നുമായിരുന്നു ആരോപണം. പ്രതിഷേധങ്ങള്‍ ശക്തമായതോടെ സിനിമയ്ക്കെതിരെ മുംബൈ പോലീസ് കേസെടുത്തിരുന്നു. വസ്ത്രം ഹിന്ദുമതത്തിന് എതിരാണെന്ന പരാതിയിലായിരുന്നു കേസ്. വിവാദ രംഗങ്ങള്‍ മാറ്റിയില്ലെങ്കില്‍ ചിത്രം റിലീസ് ചെയ്യാന്‍ അനുവദിക്കില്ലെന്നായിരുന്നു ബിജെപി നിലപാട്. ചിത്രത്തിലെ ചില രംഗങ്ങളില്‍ മാറ്റം വരുത്തണമെന്ന് സെന്‍സര്‍ ബോര്‍ഡും ആവശ്യപ്പെട്ടിരുന്നു. ജനുവരി 25 നാണ് ചിത്രം തീയേറ്ററുകളിലെത്തുക. നാല് വര്‍ഷത്തിന് ശേഷം തീയേറ്ററിലെത്തുന്ന ഷാരൂഖ് ചിത്രം കൂടിയാണ് പഠാന്‍.

logo
The Fourth
www.thefourthnews.in