'ആ ചർച്ച രാഷ്ട്രീയ ഗൂഗ്ലി'; 2019ൽ ബിജെപിയുമായി ച‍ർച്ച നടത്തിയിരുന്നുവെന്ന് ശരദ് പവാർ, ബിജെപിയെ തുറന്നുകാട്ടുക ലക്ഷ്യം

'ആ ചർച്ച രാഷ്ട്രീയ ഗൂഗ്ലി'; 2019ൽ ബിജെപിയുമായി ച‍ർച്ച നടത്തിയിരുന്നുവെന്ന് ശരദ് പവാർ, ബിജെപിയെ തുറന്നുകാട്ടുക ലക്ഷ്യം

2019ൽ ബിജെപിയുമായി ചേർന്ന് സർക്കാർ രൂപീകരിക്കുന്നതിൽ നിന്ന് എൻസിപി പിന്മാറിയെന്ന ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ വെളിപ്പെടുത്തലിന് പിന്നാലെയാണ് പവാറിന്റെ പ്രതികരണം
Updated on
2 min read

2019ലെ മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം ബിജെപിയുമായി സഖ്യരൂപീകരണ ചർച്ച നടത്തിയെന്ന് വെളിപ്പെടുത്തി എൻസിപി അധ്യക്ഷൻ ശരദ് പവാർ. ബിജെപിയുടെ അധികാര മോഹവും സംസ്ഥാനത്ത് ഭരണം പിടിക്കാൻ ആരുമായും കൂട്ടുകൂടാനുള്ള അവരുടെ സന്നദ്ധതയും തുറന്നുകാട്ടാനുള്ള തന്ത്രപരമായ നീക്കമായിരുന്നു അതെന്ന് പവാർ പറഞ്ഞു. അനന്തരവന്‍ അജിത് പവാറിനെ ബിജെപി പാളയത്തിലേക്ക് വിട്ടതും അധികാരത്തിലേറി ഉടന്‍ തന്നെ പിന്തുണ പിന്‍വലിച്ചതുമെല്ലാം തന്റെ ഗൂഗ്ലിയായിരുന്നുവെന്നും ശരദ് പവാര്‍ വ്യക്തമാക്കി. 2019ൽ ബിജെപിയുമായി ചേർന്ന് സർക്കാർ രൂപീകരിക്കുന്നതിൽ നിന്ന് എൻസിപി പിന്മാറിയെന്ന ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ വെളിപ്പെടുത്തലിന് പിന്നാലെയാണ് പവാറിന്റെ പ്രതികരണം.

''2014ൽ എൻസിപി സർക്കാർ രൂപീകരിക്കാൻ ബിജെപിക്ക് ബാഹ്യ പിന്തുണ വാഗ്ദാനം ചെയ്തിരുന്നു. ഇത് സംസ്ഥാനത്തെ എൻഡിഎയുടെ സഖ്യകക്ഷികൾക്കിടയിൽ ഭിന്നത സൃഷ്ടിക്കാൻ ലക്ഷ്യമിട്ടായിരുന്നു. 2019ലെ നിയമസഭ തിരഞ്ഞെടുപ്പിനുശേഷവും ബിജെപിയുമായി നിരന്തരം ചർച്ചകൾ നടന്നിരുന്നു. ദേവേന്ദ്ര ഫഡ്‌നാവിസിന്റെയും അജിത് പവാറിന്റെയും സത്യപ്രതിജ്ഞയ്ക്ക് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ഞാൻ എന്റെ മനസ് മാറ്റിയെന്നും സർക്കാർ അധികകാലം നിലനിന്നില്ലെന്നുമാണ് ബിജെപി നേതാക്കൾ ആരോപിക്കുന്നത്. എൻസിപി അധികാരത്തിന് പിന്നാലെ ഓടുന്നില്ലെങ്കിലും അധികാരം പിടിക്കാൻ ബിജെപി ഏതറ്റം വരെയും പോകുമെന്ന് തെളിയിക്കാൻ ഞാൻ നടത്തിയ കണക്കുകൂട്ടലാണിത്''- പവാർ പ്രതികരിച്ചു.

എപ്പോള്‍ എവിടെ ‘ഗൂഗ്‌ളി’ എറിയണമെന്ന് തനിക്ക് നന്നായി അറിയാം. താന്‍ ഇന്റര്‍നാഷനല്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് ആയിരുന്നുവെന്നും ശരദ് പവാര്‍ പറഞ്ഞു. ഉപമുഖ്യമന്ത്രി അനാവശ്യമായ രാഷ്ട്രീയ പ്രസ്താവനകൾ നടത്തുന്നതിന് പകരം സംസ്ഥാനത്ത് സ്ത്രീകൾക്കെതിരെ നടക്കുന്ന അതിക്രമങ്ങൾക്കെതിരെ നടപടി സ്വീകരിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും പവാര്‍ അഭിപ്രായപ്പെട്ടു.

2014ൽ സംസ്ഥാനത്ത് അധികാരം നഷ്ടപ്പെട്ടെങ്കിലും മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ എൻസിപി ഒരു പ്രധാന പങ്ക് വഹിച്ചിരുന്നു. ശിവസേനയേക്കാൾ കൂടുതൽ സീറ്റുകൾ ബിജെപി നേടിയതിനാൽ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി എൻഡിഎയ്ക്കുള്ളിൽ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ എൻസിപി ബിജെപിക്ക് പരസ്യമായി പിന്തുണ വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ ബിജെപി മുന്നോട്ടുവച്ച കാര്യങ്ങൾ ശിവസേന അംഗീകരിക്കുകയും ദേവേന്ദ്ര ഫഡ്നാവിസ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുകയും ചെയ്തു. ഇതോടെ എൻഡിഎയ്ക്കുള്ളിൽ ഭിന്നിപ്പുണ്ടാക്കാനുള്ള എൻസിപിയുടെ ശ്രമം പ്രതീക്ഷിച്ച ഫലം നൽകിയില്ല.

2019ലും സമാനമായ സാഹചര്യം ഉടലെടുത്തെങ്കിലും മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള തർക്കം ശിവസേന-ബിജെപി സഖ്യത്തിനുള്ളിൽ വിള്ളലുണ്ടാക്കി. അഞ്ചുവര്‍ഷവും മുഖ്യമന്ത്രി സ്ഥാനം തങ്ങള്‍ക്ക് വേണമെന്ന ബിജെപിയുടെ അവകാശവാദം ശിവസേന അംഗീകരിക്കാതെ വന്നതോടെ, ബിജെപി അജിത് പവാറുമായി സഖ്യം സ്ഥാപിച്ച് സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറി. എന്നാൽ ശരദ് പവാറിന്റെ നേതൃത്വത്തിലുള്ള എന്‍സിപി പിന്തുണ പിന്‍വലിച്ചതോടെ സര്‍ക്കാര്‍ മൂന്ന് ദിവസത്തിനുള്ളില്‍ വീണു. പകരം, എൻസിപിയും കോൺഗ്രസും ചേർന്ന് ശിവസേനയുമായി ചേർന്ന് സംസ്ഥാനത്ത് മഹാ വികാസ് അഘാഡി സർക്കാർ രൂപീകരിക്കുകയും ഉദ്ധവ് താക്കറെയെ മുഖ്യമന്ത്രിയാക്കുകയും ചെയ്തു. ഇതെല്ലാം തന്റെ രാഷ്ട്രീയ നീക്കമായിരുന്നുവെന്ന് തുറന്ന് സമ്മതിച്ചിരിക്കുകയാണ് ശരദ് പവാര്‍. 

അതിനിടെ, ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിൽ ശിവസേനയിലെ ഭിന്നത ബിജെപി മുതലെടുത്തു. ഒടുവിൽ മഹാ വികാസ് അഘാഡി സർക്കാർ തകർന്നു. തുടർന്ന് ബിജെപിയും ഏക്നാഥ് ഷിൻഡെ വിഭാഗവും ചേർന്ന് ഒരു പുതിയ സർക്കാർ രൂപീകരിക്കുകയും ഷിൻഡെ മുഖ്യമന്ത്രിയും ഫഡ്‌നാവിസ് ഉപമുഖ്യമന്ത്രിയും ആവുകയും ചെയ്തു.

logo
The Fourth
www.thefourthnews.in