പ്രഫുൽ പട്ടേലിനെയും സുപ്രിയ സുലെയെയും എൻസിപി വർക്കിങ് പ്രസിഡന്റുമാരായി പ്രഖ്യാപിച്ച് ശരദ് പവാർ
എൻസിപിയുടെ പുതിയ വർക്കിങ് പ്രസിഡന്റുമാരായി സുപ്രിയ സുലെയെയും പ്രഫുൽ പട്ടേലിനെയും നിയമിച്ച് ശരദ് പവാർ. പാർട്ടിയുടെ 25-ാം വാർഷികത്തിലാണ് ശരദ് പവാറിന്റെ പ്രഖ്യാപനം. നിലവിൽ എൻസിപിയുടെ വൈസ് പ്രസിഡന്റാണ് പ്രഫുൽ പട്ടേൽ. അജിത് പവാറിന്റെ സാന്നിധ്യത്തിലായിരുന്നു പ്രഖ്യാപനം.
ബാരാമതിയിൽ നിന്നുള്ള എംപിയാണ് സുപ്രിയ. മഹാരാഷ്ട്ര, ഹരിയാന, പഞ്ചാബ് സംസ്ഥാനങ്ങളുടെ ചുമതലയാണ് സുപ്രിയ സുലെക്ക് നൽകിയത്. കൂടാതെ സ്ത്രീകൾ, യുവാക്കൾ, വിദ്യാർഥികൾ, ലോക്‌സഭ എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളും സുപ്രിയ കൈകാര്യം ചെയ്യും. മധ്യപ്രദേശ്, രാജസ്ഥാൻ, ഗോവ സംസ്ഥാനങ്ങളുടെ ചുമതല പ്രഫുൽ പട്ടേലിനും നൽകി. ഒഡിഷ, പശ്ചിമ ബംഗാൾ, കർഷകർ, ന്യൂനപക്ഷ വകുപ്പ് എന്നീ സംസ്ഥാനങ്ങളുടെ ചുമതലയും കർഷക ന്യൂനപക്ഷ വകുപ്പിന്റെ ചുമതലയും എൻസിപി ദേശീയ ജനറൽ സെക്രട്ടറി സുനിൽ തത്‌കറെയ്ക്ക് നൽകി. പാർട്ടി ഡൽഹി അധ്യക്ഷനായി നന്ദ ശാസ്ത്രിയെയും പ്രഖ്യാപിച്ചു.
പാർട്ടിയോട് അങ്ങേയറ്റം നന്ദിയുണ്ടെന്ന് പ്രഖ്യാപനത്തിന് ശേഷം സുപ്രിയ ട്വിറ്ററിൽ കുറിച്ചു. പാർട്ടി തന്നിൽ അർപ്പിച്ചിരിക്കുന്ന വിശ്വാസത്തിനനുസരിച്ച് പ്രവർത്തിക്കുമെന്നും സുപ്രിയ കൂട്ടിച്ചേർത്തു.
കഴിഞ്ഞ മാസം എന്‍സിപി ദേശീയ അധ്യക്ഷ സ്ഥാനത്ത് നിന്ന് ഒഴിയുന്നതായി ശരദ് പവാർ പ്രഖ്യാപിച്ചിരുന്നു. അനന്തരവനും പാർട്ടി നേതാവുമായ അജിത് പവാർ, ബിജെപി സഖ്യത്തിലേക്ക് പോകുന്നുവെന്ന അഭ്യൂഹം പരന്നതിന് പിന്നാലെയായിരുന്നു ശരദ് പവാറിന്റെ പ്രഖ്യാപനം. പിന്നാലെ മഹാരാഷ്ട്രയിലെ പ്രവർത്തകർ ഒന്നടങ്കം തീരുമാനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. നിരവധി പ്രതിപക്ഷ പാർട്ടികളും സ്ഥാനത്ത് തുടരമമെന്ന് പവാറിനോട് അഭ്യർഥിച്ചു. ശേഷം പുതിയ അധ്യക്ഷനെ തിരഞ്ഞെടുക്കാൻ ചേർന്ന ഉന്നത സമിതി രാജി തള്ളുകയും അനുനയിപ്പിക്കുകയും ചെയ്തതതോടെയാണ് പവാർ രാജി പിൻവലിച്ചത്. പാർട്ടി പ്രവർത്തകരുടെ വികാരത്തെ മാനിക്കാതിരിക്കാൻ ആവില്ലെന്ന് മുംബൈയിലെ വൈബി ചവാൻ സെന്ററിൽ നടത്തിയ വാർത്ത സമ്മേളനത്തിൽ പവാർ പറഞ്ഞിരുന്നു.