നിർണായക നീക്കങ്ങൾ ലക്ഷ്യമിട്ട വിരമിക്കൽ പ്രഖ്യാപനം; ശരദ് പവാറിന്റെ തീരുമാനം എൻസിപിക്ക് വഴിത്തിരിവാകും

നിർണായക നീക്കങ്ങൾ ലക്ഷ്യമിട്ട വിരമിക്കൽ പ്രഖ്യാപനം; ശരദ് പവാറിന്റെ തീരുമാനം എൻസിപിക്ക് വഴിത്തിരിവാകും

ശരദ് പവാർ എൻസിപി അധ്യക്ഷ സ്ഥാനം ഒഴിയാനുള്ള തീരുമാനം പ്രഖ്യാപിച്ചതോടെ മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ വലിയ മാറ്റമുണ്ടാകുമെന്ന് ബിജെപി ദേശീയ വൈസ് പ്രസിഡന്റ് ദിലീപ് ഘോഷ്
Updated on
2 min read

എൻസിപി അധ്യക്ഷപദം ഒഴിയാനുളള്ള ശരദ് പവാറിന്റെ തീരുമാനം നിർണായക രാഷ്ട്രീയ നീക്കങ്ങൾ ലക്ഷ്യമിട്ട്. അപ്രതീക്ഷിത തീരുമാനത്തിലൂടെ ഒറ്റയടിക്ക് ഒന്നിലധികം 'പക്ഷി'കളെയാണ് അദ്ദേഹം ഉന്നംവച്ചിരിക്കുന്നത്. ഇതിൽ ആദ്യത്തേത്, അദ്ദേഹത്തിന്റെ അനന്തരവൻ അജിത് പവാർ ബിജെപിയിൽ ചേരുമെന്നുളള റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിലുള്ളതാണ്. രണ്ടാമത്തേത്, ബാരാമതി എംപിയായ മകൾ സുപ്രിയ സുലെയെ തന്റെ പിൻഗാമിയായി പാർട്ടിയുടെ നേതൃസ്ഥാനത്തേക്ക് കൊണ്ടുവരുന്നതിനുളള നീക്കവും.

പാർട്ടി അധ്യക്ഷ സ്ഥാനം ഒഴിയുകയും ഇനി തിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്നുമുളള ശരദ് പവാറിന്റെ തീരുമാനത്തിന് അനുസരിച്ച് കാര്യങ്ങൾ നടക്കുകയാണെങ്കിൽ, സുപ്രിയ സുലെ പിൻ​ഗാമിയായി എത്തും. ഇങ്ങനെ സംഭവിച്ചാൽ, എൻസിപിയ്ക്ക് ഇതൊരു വഴിത്തിരിവാകും. അതോടെ ഒരു ഏകധ്രുവ പാർട്ടിയായി എൻസിപിയ്ക്ക് തുടരാനാകില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. കഴി‍ഞ്ഞ ദിവസം ശരദ് പവാർ നടത്തിയ സുപ്രധാന നീക്കത്തിലൂടെ, താൻ ഇപ്പോഴും പാർട്ടിയുടെ അവസാനവാക്കാണെന്ന് തെളിയിച്ചിരിക്കുകയാണ്.

ബിജെപിയിൽ ചേരാൻ അജിത് പവാറിന് താൽപ്പര്യമുണ്ടെന്ന ഊഹാപോഹങ്ങളുടെ പശ്ചാത്തലത്തിൽ, ശരദ് പവാർ നടത്തിയ നീക്കങ്ങൾക്ക് വളരെയധികം പ്രാധാന്യമുണ്ട്. 2019-ൽ ബിജെപിയുമായി ചേർന്ന് സർക്കാർ രൂപീകരിക്കാനുള്ള നീക്കത്തിലൂടെ അജിത് പവാറിന് പാർട്ടിയിൽ കൂടുതൽ പിന്തുണയുണ്ടായിട്ടുണ്ട്. ഇതിനോടനുബന്ധിച്ച്, പാർട്ടിയിലെ മുതിർന്ന നേതാക്കളായ പ്രഫുൽ പട്ടേൽ, രാംരാജെ നിംബാൽക്കർ, ഛഗൻ ഭുജ്ബൽ, എംപി സുനിൽ തത്കരെ അടക്കമുളളവർ അജിത്തിന്റെ ആശയം ഗൗരവമായി പരിഗണിക്കണമെന്ന് ശരദ് പവാറിനോട് പറഞ്ഞെങ്കിലും അദ്ദേഹം അത് നിരസിച്ചിരുന്നു. എന്നാൽ, ഈ ഊഹാപോഹങ്ങളൊക്കെ രണ്ടാളും തളളിക്കളഞ്ഞെങ്കിലും പാർട്ടിക്കുളളിലെ അസ്വാരസ്യം വ്യക്തമായി കാണാം.

പാർട്ടി അധ്യക്ഷ സ്ഥാനത്തുനിന്ന് ഒഴിഞ്ഞ ശരദ് പവാറിന്റെ നീക്കം അജിത്ത് അടക്കമുളള മുതിർന്ന നേതാക്കളെ ബിജെപിയിൽ ചേരുന്നതിൽനിന്ന് പിന്തിരിപ്പിച്ചതായാണ് വിവരം. എന്നാൽ, എൻസിപി അധ്യക്ഷ സ്ഥാനം ഒഴിഞ്ഞ തീരുമാനം ശരദ് പവാർ പുനഃപരിശോധിക്കാമെന്ന് തന്നോട് സമ്മതിച്ചെന്നാണ് അജിത് പവാർ കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. അതേസമയം, ശരദ് പവാറിന്റെ നീക്കത്തിലൂടെ അജിത് പവാറിന്റെയും അദ്ദേഹത്തെ പിന്തുണയ്ക്കുന്ന എംഎൽഎമാരുടെയും ബിജെപിയിലേക്കുള്ള പോക്കിന് സാധ്യത മങ്ങിയതായും വിലയിരുത്തപ്പെടുന്നു.

2019 മുതലാണ് പവാറും അജിത്തും തമ്മിലുളള അധികാര തർക്കം തുടങ്ങുന്നത്. അജിത്തിന്റെ മകൻ പാർത്ഥിന് ലോക്‌സഭാ സ്ഥാനാർത്ഥിത്വം നൽകുന്നതിനെ തുടർന്നാണ് പ്രശ്നങ്ങൾ തുടങ്ങുന്നത്. സീറ്റ് നൽകുന്നതിൽ പവാറിന് താൽപ്പര്യമില്ലാതിരുന്നിട്ടും ഒടുവിൽ അജിത്തിന്റെ സമ്മർദ്ദത്തിന് വഴങ്ങേണ്ടി വന്നു.

2019 നവംബറിൽ എൻസിപിയോട് ആലോചിക്കാതെ ബിജെപിക്കൊപ്പം ചേർന്ന് അജിത് പവാർ മഹാരാഷ്ട്രയുടെ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. പക്ഷേ 80 മണിക്കൂറിൽ താഴെ മാത്രമായിരുന്നു ആ സഖ്യത്തിന്റെ ആയുസ്. തുടർന്ന് ആഭ്യന്തര ചർച്ചകളെത്തുടർന്ന് എൻസിപി ക്യാമ്പിൽ മടങ്ങിയെത്തിയ അദ്ദേഹം ഡിസംബറിൽ എൻസിപി- ശിവസേന- കോൺഗ്രസ് നേതൃത്വത്തിൽ രൂപീകരിക്കപ്പെട്ട മഹാവികാസ് അഘാഡി സഖ്യ സർക്കാരിൽ ഉപമുഖ്യമന്ത്രിയായി.

താത്കാലികമായി പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടെങ്കിലും അജിത് പവാറിലുള്ള വിശ്വാസം ശരദ് പവാറിന് പതിയെ കുറയുന്ന കാഴ്ചയാണ് പിന്നെ മഹാരാഷ്ട്ര കണ്ടത്. പാർട്ടിയുടെ സംഘടനാ കാര്യങ്ങളിൽ മകൾ സുപ്രിയ സുലെയുടെയും സംസ്ഥാന പ്രസിഡന്റ് ജയന്ത് പാട്ടീലിന്റെയും കൂടുതൽ ഇടപെടൽ പവാർ ഉറപ്പാക്കി. ഇതോടെ അജിത്തല്ല, സുലെയാണ് പവാറിന്റെ രാഷ്ട്രീയ അവകാശിയെന്ന് പാർട്ടിയിലെ മുതിർന്ന നേതാക്കൾക്ക് ഏറെക്കുറെ വ്യക്തമായി. വരും ദിവസങ്ങളിൽ അജിത്തും സുപ്രിയയും പാർട്ടിയിൽ രണ്ടു തട്ടുകളാവാനും പാർട്ടി പിളരാൻ സാധ്യതയുണ്ടെന്നും രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.

അതേസമയം, ശരദ് പവാർ പാർട്ടി അധ്യക്ഷ സ്ഥാനം ഒഴിയാനുള്ള തീരുമാനം പ്രഖ്യാപിച്ചതോടെ മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ വലിയ മാറ്റമുണ്ടാകുമെന്ന് ബിജെപി ദേശീയ വൈസ് പ്രസിഡന്റ് ദിലീപ് ഘോഷ് പറഞ്ഞു. ചില ചർച്ചകൾ നടക്കുന്നുന്നതിന്റെ ഫലമാണ് ഇപ്പോൾ സംഭവിച്ചിരിക്കുന്നത്. എൻസിപിയുടെ നിലനിൽപ്പ് അപകടത്തിലാണെന്നും ശരദ് പവാറിന് അധികാരം നഷ്ടപ്പെടുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

logo
The Fourth
www.thefourthnews.in