'ജെപിസി അന്വേഷണം എന്തിന്': ഹിൻഡൻബർഗ് വിവാദത്തിൽ മലക്കംമറിഞ്ഞ് ശരദ് പവാർ
അദാനി ഗ്രൂപ്പിനെതിരെ അമേരിക്ക ആസ്ഥാനമായുള്ള ഷോർട്ട് സെല്ലർ നടത്തിയ ആരോപണങ്ങളിൽ സംയുക്ത പാർലമെന്ററി സമിതി അന്വേഷണം വേണമെന്ന കോൺഗ്രസിന്റെ നിലപാടിനോട് യോജിക്കുന്നില്ലെന്ന് എൻസിപി നേതാവ് ശരദ് പവാർ. എൻഡിടിവിക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് അദാനി ഗ്രൂപ്പിനെ പിന്തുണച്ച് നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി മേധാവി രംഗത്തെത്തിയത്. പാർലമെന്റില്‍ വിഷയത്തിന് അനാവശ്യ പ്രാധാന്യമാണ് നല്‍കുന്നതെന്നും ശരദ് പവാർ ആരോപിച്ചു. അദാനി വിഷയത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ പാർലമെന്റിലടക്കം പ്രതിഷേധം ശക്തമാക്കുന്നതിനിടെയാണ് കോൺഗ്രസിന്റെ സഖ്യകക്ഷിയായ എൻസിപിയുടെ നിലപാടുമാറ്റം.
''ആ വിഷയത്തിന് അമിത പ്രാധാന്യമാണ് നൽകിയത്. പ്രസ്താവനയിറക്കിയവരെ കുറിച്ച് ഇതുവരെ കേട്ടിട്ട് പോലുമില്ല. എന്താണ് ഇത്തരക്കാരുടെ പശ്ചാത്തലം. അവർ ചില വിഷയങ്ങൾ ഉന്നയിച്ചതോടെ രാജ്യത്താകെ ഒച്ചപ്പാടുണ്ടായി. അത് നമ്മുടെ സമ്പദ് വ്യവസ്ഥയെയാണു ബാധിച്ചത്. ഈ കാര്യങ്ങൾ ഒന്നും നമുക്ക് അവഗണിക്കാനാവില്ല. ഇത് പ്രത്യേക ലക്ഷ്യം വച്ചുള്ളതാണ്''- പവാർ പറഞ്ഞു. രാജ്യത്തെ ഒരു വ്യക്തിഗത വ്യാവസായിക ഗ്രൂപ്പിനെയാണ് ലക്ഷ്യമിട്ടത്. അവർ എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അന്വേഷണം വേണം. പാർലമെന്റിൽ ജെപിസി അന്വേഷണം വേണമെന്ന ആവശ്യം ഉയർന്നിരുന്നു. ഇക്കാര്യത്തിൽ തനിക്ക് വ്യത്യസ്തമായ നിലപാടാണുള്ളതെന്നും ശരദ് പവാർ വ്യക്തമാക്കി.
ജെപിസി വേണമെന്ന ആവശ്യം തെറ്റല്ല. നേരത്തെ നിരവധി പ്രശ്നങ്ങളിൽ ജെപിസി അന്വേഷണം പ്രഖ്യാപിച്ചിരുന്നു. എന്നാൽ, അതിന്റെ ആവശ്യമെന്താണ്. പ്രതിപക്ഷത്തിന്റെ ആവശ്യപ്രകാരം പാർലമെന്റ് സമിതിയെ നിയോഗിച്ചാൽ അതിന്റെ മേൽനോട്ടം ഭരണകക്ഷിക്കായിരിക്കും. അപ്പോൾ എങ്ങനെയാണ് ഭരിക്കുന്ന പാർട്ടിക്കെതിരായ ആരോപണങ്ങളിൽ സത്യം പുറത്തുവരികയെന്നും പവാർ ചോദിച്ചു.
അന്വേഷണത്തിനായി വിദഗ്ധ സമിതിയെ നിയോഗിച്ച സുപ്രീംകോടതി നടപടിയെ അദ്ദേഹം സ്വാഗതം ചെയ്തു. 'ജെപിസി ആരംഭിച്ചുകഴിഞ്ഞാൽ അതിന്റെ നടപടിക്രമങ്ങൾ ദിവസേന മാധ്യമങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെടാം എന്നതാകാം കോൺഗ്രസിന്റെ മുന്നിലുളളത്. മൂന്നോ നാലോ മാസത്തേക്ക് പ്രശ്നം രൂക്ഷമാകണമെന്ന് ആരെങ്കിലും ആഗ്രഹിച്ചിരിക്കാം. പക്ഷേ സത്യം ഒരിക്കലും പുറത്തുവരില്ല'- പവാർ പറഞ്ഞു. വൻകിട വ്യവസായ സ്ഥാപനങ്ങളെ ലക്ഷ്യമിട്ടുള്ള രാഹുൽ ഗാന്ധിയുടെ അദാനി-അംബാനി ശൈലിയോട് താൻ യോജിക്കുന്നില്ലെന്നും പവാർ വ്യക്തമാക്കി.
നേരത്തെ ടാറ്റ-ബിർള എന്നിവർക്കെതിരെ സംസാരിക്കാറായിരുന്നു പതിവെങ്കിൽ ഇന്നത് അദാനി-അംബാനിയ്ക്കെതിരെയായി മാറി. ഇത് തികച്ചും അർത്ഥശൂന്യമാണ്. രാജ്യത്തിന് ഒട്ടനവധി കാര്യങ്ങൾ ചെയ്തിട്ടുളളവരാണ് അദാനിയും അംബാനിയും. പെട്രോകെമിക്കൽ മേഖലയിൽ അംബാനിയും വൈദ്യുതി മേഖലയിൽ അദാനിയും സംഭാവന ചെയ്തിട്ടുണ്ട്. ഇതൊന്നും രാജ്യത്തിന് ആവശ്യമില്ലേയെന്നും അദ്ദേഹം ചോദിച്ചു.
സർക്കാരിന്റെ നയങ്ങളെക്കുറിച്ച് ശക്തമായി സംസാരിക്കാൻ അവകാശമുണ്ട്. പക്ഷേ ഒരു ജനാധിപത്യ സംവിധാനത്തിൽ ചർച്ചകളും സംവാദങ്ങളും ഉണ്ടാകേണ്ടത് അത്യാവശ്യമാണ്. സാധാരണക്കാരുടെ പ്രശ്നങ്ങൾ പതിവായി അവഗണിക്കുന്നത് ശരിയല്ലെന്നും ഒരു പ്രശ്നം ഉണ്ടാകുമ്പോൾ അതിനൊരു പരിഹാരം കണ്ടെത്താനുള്ള ശ്രമം പ്രതിപക്ഷത്തും സർക്കാരിലും കാണുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അതേസമയം പവാറിന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി കോൺഗ്രസ് രംഗത്തെത്തി. ''അദാനി ഗ്രൂപ്പിനെതിരെ ഉയർന്ന ആരോപണം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ബന്ധപ്പെട്ടതാണെന്നും ഇത് വളരെ ഗുരുതരമാണെന്നും കോൺഗ്രസ് പ്രതികരിച്ചു. എൻസിപിയ്ക്ക് അവരുടേതായ കാഴ്ചപ്പാടുകൾ ഉണ്ടാകാം. എന്നാൽ ഒരേ ചിന്താഗതിക്കാരായ 19 പാർട്ടികളും അദാനി ഗ്രൂപ്പ് വിഷയം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ബന്ധപ്പെട്ടിരിക്കുന്നെന്ന് വിശ്വസിക്കുന്നവരാണ്. എൻസിപി ഉൾപ്പെടെയുള്ള 20 പാർട്ടികൾ ബിജെപിയുടെ വിഭജന അജണ്ടയ്ക്കെതിരെ ഭരണഘടനയെയും ജനാധിപത്യത്തെയും സംരക്ഷിക്കാൻ ഒന്നിച്ചവരാണ്''- കോൺഗ്രസ് വക്താവ് ജയ്റാം രമേശ് പറഞ്ഞു.