തർക്കങ്ങൾക്കിടെ പാർട്ടിയെ പുനരുജ്ജീവിപ്പിക്കാൻ ശരദ് പവാർ; സംസ്ഥാന പര്യടനത്തിന് ഒരുങ്ങുന്നു
അജിത് പവാറിന്റെ എന്‍ഡിഎയിലേക്കുള്ള ചുവടുമാറ്റത്തിന് പിന്നാലെ എൻസിപിയെ പുനരുജ്ജീവിപ്പിക്കാനുള്ള നീക്കങ്ങളുമായി ശരദ് പവാർ. അടിത്തട്ടിൽനിന്ന് പിന്തുണ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ശരദ് പവാറിന്റെ പുതിയ നീക്കം. ഇതിനായി സംസ്ഥാന പര്യടനത്തിലേക്ക് കടക്കുകയാണ് അദ്ദേഹം. നാസിക്കിൽ നിന്നാകും പര്യടനത്തിന് തുടക്കം കുറിക്കുക.
നാസിക്, പൂനെ, സോലാപൂര്‍, വിദര്‍ഭ മേഖലയിലെ ചില ഭാഗങ്ങൾ, വിമത എംഎൽഎമാരായ ചഗന്‍ ഭുജ്ബലിന്റേയും ധനഞ്ജയ് മുണ്ഡയുടേയും മണ്ഡലങ്ങൾ എന്നിവിടങ്ങളിലാകും ആദ്യം സന്ദർശനം നടത്തുക. മറ്റ് വിമത എന്‍സിപി എംഎല്‍എമാരുടെ മണ്ഡലങ്ങളിലും പര്യടനത്തിന്റെ ഭാഗമായി പ്രവർത്തകരുമായി സംവദിക്കും.
പാർട്ടിക്കുള്ളിലെ ആഭ്യന്തര സംഘർഷം രൂക്ഷമാക്കിയായിരുന്നു അജിത് പവാറിന്റെ എൻഡിയേയിലേക്കുള്ള ചുവടുമാറ്റം. എൻസിപിയുടെ ഭൂരിപക്ഷ പിന്തുണയും തനിക്കാണെന്ന് അവകാശപ്പെടുന്ന അജിത് പവാർ, തനിക്ക് കീഴിലാണ് പാർട്ടിയെന്നും പരസ്യമായി പ്രഖ്യാപിച്ചിരുന്നു. പാര്‍ട്ടി പേരിനും ചിഹ്നത്തിനും അവകാശവാദമുന്നയിച്ച് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചതായും അജിത് പവാര്‍ അറിയിച്ചിരുന്നു. എന്നാല്‍ ഇരുവര്‍ക്കുമുള്ള പിന്തുണയെക്കുറിച്ചുള്ള ഔദ്യോഗിക കണക്കുകള്‍ ഇതുവരെ പുറത്ത് വന്നിട്ടില്ല. അജിത് പവാറിന് 32 എംഎല്‍എമാരുടെ പിന്തുണയുണ്ടെന്നാണ് സൂചന. ശരദ് പവാറിന് 14 പേരുടെ പിന്തുണയാണുള്ളത്.
പാര്‍ട്ടിയുടെ പേരിനും ചിഹ്നത്തിനും അവകാശവാദമുന്നയിച്ച് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചതായി അജിത് പവാര്‍
അതിനിടെ, അജിത് പവാര്‍ പാര്‍ട്ടി ചിഹ്നത്തിന് അവകാശം ഉന്നയിച്ചതില്‍ പ്രതിഷേധിച്ച് ശരദ് പവാര്‍ തിരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചു. നിയമോപദേശം തേടി, പാര്‍ട്ടി നേതാക്കളുമായി ചര്‍ച്ച നടത്തി മുന്നോട്ടുപോകാനാണ് ശരദ് പവാർ വിഭാഗത്തിന്റെ നീക്കം. എൻസിപി പിളർപ്പിന് തൊട്ടുമുൻപായി ജൂൺ 30ന് അജിത് പവാറിനെ ഐക്യകണ്‌ഠേന എന്‍സിപിയുടെ അധ്യക്ഷനായി നിയമിച്ചിരുന്നു എന്നാണ് മുതിര്‍ന്ന എൻസിപി നേതാവ് പ്രഫുല്‍ പട്ടേലിന്റെ അവകാശവാദം. അജിത് പവാര്‍ വിഭാഗത്തിലെ നേതാക്കളെ പുറത്താക്കുകയോ അയോഗ്യരാക്കുകയോ ചെയ്തുകൊണ്ടുള്ള തീരുമാനം ശരദ് പവാർ എടുത്താലും ബാധകമാകില്ലെന്നാണ് പ്രഫുൽ പട്ടേലിന്റെ നിലപാട്.
അതിനിടെ മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും വീണ്ടും കൂടിക്കാഴ്ച നടത്തി. മന്ത്രിസഭാ പുനഃസംഘടനകളുടെ ഭാഗമായിരുന്നു കൂടിക്കാഴ്ചകളെന്നാണ് സൂചന. അജിത് പവാർ വിഭാഗം എൻഡിഎ സർക്കാരിന്റെ ഭാഗമായതിൽ ഷിൻഡെ വിഭാഗം അസ്വസ്ഥരാണെന്ന റിപ്പോർട്ടുകൾക്കിടെയായിരുന്നു കൂടിക്കാഴ്ച. തനിക്ക് മുഖ്യമന്ത്രിസ്ഥാനം വേണമെന്ന അജിത് പവാറിന്റെ ആവശ്യം മുന്നണിക്കുള്ളില്‍ വലിയ കോളിളക്കം സൃഷ്ടിച്ചതായാണ് റിപ്പോർട്ടുകൾ.