'പ്രതിപക്ഷം ഒറ്റക്കെട്ട്'; രാഹുൽ ഗാന്ധിയെയും മല്ലികാർജുൽ ഖാർഗെയെയും കണ്ട് ശരദ് പവാർ

'പ്രതിപക്ഷം ഒറ്റക്കെട്ട്'; രാഹുൽ ഗാന്ധിയെയും മല്ലികാർജുൽ ഖാർഗെയെയും കണ്ട് ശരദ് പവാർ

പ്രതിപക്ഷ ഏകീകരണവുമായി ബന്ധപ്പെട്ട് കോൺഗ്രസ് അധ്യക്ഷന്‍ ഖാര്‍ഗെയുടെ വീട്ടില്‍ വച്ചായിരുന്നു കൂടിക്കാഴ്ച
Updated on
1 min read

പ്രതിപക്ഷത്ത് അനൈക്യമെന്ന ആരോപണം ബിജെപി ഉന്നയിക്കുന്നതിനിടെ ഐക്യ സന്ദേശവുമായി എൻസിപിയും കോൺഗ്രസും. വിവിധ വിഷയങ്ങളിൽ കോൺഗ്രസ് നിലപാടിനെ പരസ്യമായി തള്ളി പറഞ്ഞ ശരദ് പവാർ, മുതിർന്ന കോൺഗ്രസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ നടന്ന കൂടിക്കാഴ്ചയിൽ രാഹുല്‍ ഗാന്ധിയും കെ സി വേണുഗോപാലും പങ്കെടുത്തു.

അദാനി വിഷയത്തിലും രാഹുൽ ഗാന്ധിയുടെ അയോഗ്യതയിലും പ്രതിപക്ഷ പാർട്ടികളെ ഒറ്റക്കെട്ടായി അണി നിരത്താൻ കോൺഗ്രസിന് സാധിച്ചിരുന്നു. എന്നാൽ വിവിധ വിഷയങ്ങളിൽ ശരദ് പവാർ പിന്നീട് എടുത്ത നിലപാട് പ്രതിപക്ഷ പാർട്ടികൾക്കിടയിൽ വിള്ളലുണ്ടെന്ന തോന്നലിന് ഇടയാക്കി. അദാനിയിൽ ജെ പി സി അന്വേഷണം ആവശ്യമില്ലെന്ന് പറഞ്ഞ പവാർ, അദാനിയും അംബാനിയും രാജ്യത്തിന് നല്‍കിയ സംഭാവനകളെ കുറിച്ച് ചിന്തിക്കണമെന്ന് വ്യക്തമാക്കി. പ്രധാനമന്ത്രിയുടെ ബിരുദ സർട്ടിഫിക്കറ്റ് വിവാദം രാഷ്ട്രീയ ആയുധമാക്കുന്നതിനെയും പവാർ വിമർശിച്ചു. ഇതോടെ പ്രതിപക്ഷത്തെ അനൈക്യം മറനീക്കി. ഇതിന് പിന്നാലെയാണ് ഐക്യസന്ദേശവുമായി പവാറെത്തുന്നത്.

എല്ലാ പ്രതിപക്ഷ പാര്‍ട്ടി നേതാക്കളുമായും താന്‍ ചര്‍ച്ച നടത്തുമെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം ശരദ് പവാർ പറഞ്ഞു. എല്ലാവരെയും ഒപ്പം ചേര്‍ത്തുകൊണ്ട് പ്രതിപക്ഷം ഒറ്റക്കെട്ടായി മുന്നോട്ടു പോകുമെന്നും പവാര്‍ പറഞ്ഞു. രാജ്യത്തെ പ്രതിപക്ഷത്തെ ഒറ്റക്കെട്ടായി നിര്‍ത്തുമെന്ന് ഖാര്‍ഗെയും ഞങ്ങള്‍ ഒറ്റക്കെട്ടെന്ന് രാഹുലും പ്രതികരിച്ചു.

'പ്രതിപക്ഷം ഒറ്റക്കെട്ട്'; രാഹുൽ ഗാന്ധിയെയും മല്ലികാർജുൽ ഖാർഗെയെയും കണ്ട് ശരദ് പവാർ
ഹിൻഡൻബർഗ് വിവാദം: പ്രതിപക്ഷ ഐക്യത്തില്‍ വിള്ളലില്ല, പറഞ്ഞത് സ്വന്തം അഭിപ്രായം; വിശദീകരിച്ച് ശരദ് പവാർ

ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ഉപമുഖ്യമന്ത്രി തേജസ്വീ യാദവും കഴിഞ്ഞ ദിവസം ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. നിതീഷ് കുമാര്‍ സീതാറാം യെച്ചൂരി, ഡി രാജ എന്നിവരുമായും ഇന്ന് കൂടിക്കാഴ്ച നടത്തിയിരുന്നു. ആംആദ്മി പാര്‍ട്ടിയുടെ ദേശീയ കണ്‍വീനറും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള്‍ ഉള്‍പ്പെടെ നിരവധി പ്രതിപക്ഷ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് നിതീഷ് കുമാര്‍ മടങ്ങിയത്.

logo
The Fourth
www.thefourthnews.in