ഹിൻഡൻബർഗ് വിവാദം: പ്രതിപക്ഷ ഐക്യത്തില്‍ വിള്ളലില്ല, പറഞ്ഞത് സ്വന്തം അഭിപ്രായം; വിശദീകരിച്ച് ശരദ് പവാർ
ഹിൻഡൻബർഗ് റിപ്പോർട്ടിൽ സംയുക്ത പാർലമെന്ററി സമിതി അന്വേഷണം വേണമെന്ന നിലപാടിനോട് യോജിപ്പില്ലെന്ന പ്രസ്താവനയിൽ വിശദീകരണവുമായി എൻസിപി നേതാവ് ശരദ് പവാർ. സുപ്രീംകോടതി നിയോഗിക്കുന്ന സമിതി ജെപിസിയെക്കാൾ ഫലപ്രദമാകുമെന്നാണ് താൻ ഉദ്ദേശിച്ചതെന്ന് പവാർ പറഞ്ഞു. കോൺഗ്രസിന്റെ നിലപാടിനോട് അകലം പാലിക്കുന്ന അഭിപ്രായപ്രകടനം ഏറെ ചർച്ചയായതിന് പിന്നാലെയാണ് പവാറിന്റെ വിശദീകരണം.
താൻ പറഞ്ഞത് തന്റെ അഭിപ്രായമാണെന്നും പ്രതിപക്ഷ ഐക്യത്തിൽ ഇത് വിള്ളൽ വീഴ്ത്തില്ലെന്നും പവാർ പറഞ്ഞു. 'പ്രതിപക്ഷത്തിനിടയിൽ അകൽച്ചയുണ്ടായെന്ന് പറയുന്നതാരാണെന്ന് അറിയില്ല. തന്റെ കാഴ്ചപ്പാടുകൾ മാത്രമേ വ്യക്തമാക്കിയിട്ടുള്ളു. പല കക്ഷികളും ഒന്നിക്കുമ്പോൾ വ്യത്യസ്ത അഭിപ്രായങ്ങളുണ്ടാകും. മല്ലികാർജുൻ ഖാർഗെയുടെ വീട്ടിൽ ഞങ്ങൾ കണ്ടുമുട്ടിയപ്പോൾ (വി ഡി) സവർക്കർ വിഷയത്തിൽ സമാനമായ ഒരു കാര്യം സംഭവിച്ചു. ഞാൻ അതിൽ എന്റെ നിലപാട് പ്രകടിപ്പിക്കുകയും പ്രശ്നം പരിഹരിക്കപ്പെടുകയും ചെയ്തു. അതുപോലെ, വ്യത്യസ്ത അഭിപ്രായങ്ങൾ പ്രകടിപ്പിക്കാവുന്ന ചർച്ചകൾ നടക്കും' പവാർ വ്യക്തമാക്കി
ജെപിസിയിൽ ഭരണകക്ഷിയിലെ അംഗങ്ങളാകും ഭൂരിപക്ഷം. അതുകൊണ്ട് കാര്യമായ ഫലമൊന്നും ഉണ്ടാകില്ല. സുപ്രീംകോടതി അന്വേഷണം പ്രഖ്യാപിച്ചാൽ അതാകും കൂടുതൽ ഗുണം ചെയ്യുകയെന്നും പവാർ ആവർത്തിച്ചു. അദാനി ഗ്രൂപ്പിനെ ചില സ്ഥാപനങ്ങൾ ലക്ഷ്യമിടുന്നതായി വിശ്വസിക്കുന്നുവെന്നും പവാർ വെള്ളിയാഴ്ച പറഞ്ഞിരുന്നു. ഇതേപ്പറ്റിയുള്ള ചോദ്യത്തിന് വസ്തുതകൾ മാത്രമാണ് പറഞ്ഞതെന്നായിരുന്നു പവാറിന്റെ മറുപടി. 20,000 കോടി രൂപയുടെ ക്രമക്കേടിനെക്കുറിച്ചുള്ള കോൺഗ്രസിന്റെ ആരോപണത്തെ കുറിച്ച് യാതൊരു അറിവുമില്ലെന്നും പവാർ പറഞ്ഞു.
“ഇതിനെക്കുറിച്ച് എനിക്കറിയില്ല. എല്ലാ വിശദാംശങ്ങളും ലഭിക്കുന്നതുവരെ ഞാൻ അതിനെക്കുറിച്ച് സംസാരിക്കില്ല,” അദ്ദേഹം പറഞ്ഞു. തൊഴിലില്ലായ്മയും വിലക്കയറ്റവും കർഷകരുടെ ദുരവസ്ഥയുമാണ് ഇന്നത്തെ കാലത്ത് ഏറ്റവും വലിയ പ്രശ്‌നങ്ങളെന്നും പവാർ കൂട്ടിച്ചേർത്തു. അതേസമയം, ശരദ് പവാറിന്റെ നിലപാട് പാർട്ടിയുടേത് കൂടിയാണെന്ന് എൻസിപി നേതാവ് അജിത് പവാറും വ്യക്തമാക്കി.
ഹിൻഡൻബർഗ് റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ അദാനി ഗ്രൂപ്പിന്റെ ക്രമക്കേടുകൾ കണ്ടെത്താൻ ജെപിസി അന്വേഷണം വേണമെന്ന ആവശ്യം രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് നിരന്തരം ഉയർത്തിയിരുന്നു. പാർലമെന്റിലടക്കം പ്രതിഷേധം ശക്തമാക്കുന്നതിനിടെയാണ് കോൺഗ്രസിന്റെ പ്രധാന സഖ്യകക്ഷിയായ എൻസിപി നിലപാട് അറിയിച്ചത്. ദേശീയ മാധ്യമമായ എൻഡിടിവിക്ക് നൽകിയ അഭിമുഖത്തിലായിരുന്നു ശരദ് പവാറിന്റെ പ്രസ്താവന. 1999 മുതൽ മഹാരാഷ്ട്രയിൽ എൻസിപിയും കോൺഗ്രസും സഖ്യകക്ഷികളാണ്.