എന്‍സിപി അധ്യക്ഷ സ്ഥാനമൊഴിഞ്ഞ് ശരദ് പവാര്‍; ഇനി തിരഞ്ഞെടുപ്പിൽ മത്സരിക്കില്ല

എന്‍സിപി അധ്യക്ഷ സ്ഥാനമൊഴിഞ്ഞ് ശരദ് പവാര്‍; ഇനി തിരഞ്ഞെടുപ്പിൽ മത്സരിക്കില്ല

തന്റെ ആത്മകഥയായ 'ലോക് മാസെ സംഗതി'യുടെ രണ്ടാം എഡിഷൻ പ്രസിദ്ധീകരണ ചടങ്ങിലായിരുന്നു പവാറിന്റെ പ്രഖ്യാപനം
Updated on
1 min read

എന്‍സിപി അധ്യക്ഷ സ്ഥാനം ഒഴിയുകയാണെന്നു പ്രഖ്യാപിച്ച് ശരദ് പവാര്‍. ഭാവിയില്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തന്റെ ആത്മകഥയായ 'ലോക് മാസെ സംഗതി'യുടെ രണ്ടാം എഡിഷൻ പ്രസിദ്ധീകരണ ചടങ്ങിലായിരുന്നു പവാറിന്റെ പ്രഖ്യാപനം.

അന്തരവൻ അജിത് പവാര്‍ ബിജെപിയുമായി അടുക്കുന്നുവെന്ന വാര്‍ത്തകള്‍ക്കിടയിലാണ് വിരമിക്കൽ പ്രഖ്യാപനം ശരദ് പവാറിൽനിന്നുണ്ടായിരിക്കുന്നത്. ജനങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്നത് തുടരുമെന്ന് അദ്ദേഹം പറഞ്ഞു.

മകള്‍ സുപ്രിയ സുലെയാണോ അജിത് പവാറാണോ പുതിയ അധ്യക്ഷ സ്ഥാനത്തേയ്ക്ക് എന്ന് വ്യക്തമാക്കിയിട്ടില്ല

കോൺഗ്രസിൽനിന്ന് പുറത്തുവന്ന് 1999 ല്‍ എൻസിപി രൂപീകരിച്ചതു മുതല്‍ പാർട്ടിയുടെ അധ്യക്ഷ സ്ഥാനം വഹിച്ചത് ശരദ് പവാറാണ്. മകള്‍ സുപ്രിയ സുലെയാണോ അതോ അജിത് പവാറാണോ അധ്യക്ഷസ്ഥാനത്തുകയെന്ന് ശരദ് പവാർ വ്യക്തമാക്കിയിട്ടില്ല.

ഭാവി നടപടികള്‍ തീരുമാനിക്കാന്‍ എന്‍സിപി നേതാക്കളെ ഉള്‍പ്പെടുത്തി ഒരു സമിതി രൂപീകരിക്കുമെന്ന് പവാര്‍ പറഞ്ഞു. പ്രഫുല്‍ പട്ടേല്‍, സുനില്‍ തത്കരെ, പി സി ചാക്കോ, നര്‍ഹരി സിര്‍വാള്‍, അജിത് പവാര്‍, സുപ്രിയ സുലെ, ജയന്ത് പാട്ടീല്‍, ഛഗന്‍ ഭുജ്ബൽ, ദിലീപ് വാല്‍സെ പാട്ടീല്‍, അനില്‍ ദേശ്മുഖ്, രാജേഷ് തോപ്പെ, ജിതേന്ദ്ര അവ്ഹദ്, ഹസന്‍ മുഷ്രിഫ്, ധനന്‍ എന്നിവർ ഉൾപ്പെടുന്നതായിരിക്കും സമിതി.

''എനിക്ക് രാജ്യസഭയില്‍ മൂന്നു വര്‍ഷത്തെ കാലാവധി ഇനിയുമുണ്ട്. ഇനി തിരഞ്ഞെടുപ്പിൽ മത്സരിക്കില്ല. ഞാന്‍ രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത് 1960 മെയ് ഒന്നിനാണ്. ഇന്നലെ നാം മെയ് ദിനം കൊണ്ടാടി. ഈ നീണ്ട രാഷ്ട്രീയ ജീവിതത്തിനൊടുവിൽ എവിടെയങ്കിലും അവസാനിപ്പിക്കേണ്ടത് ചിന്തിക്കുന്നു. ഒരാള്‍ ഒരിക്കലും അത്യാഗ്രഹിയായിരിക്കരുത്,'' പവാർ പറഞ്ഞു.

മഹാരാഷ്ട്രയിൽ ബിജെപിയുമായി അജിത് പവാർ സഖ്യത്തിന് തയ്യാറായെന്ന വാർത്തകൾ പുറത്തുവന്ന സാഹചര്യത്തിലാണ് പവാറിന്റെ നിർണായക തീരുമാനം. ശിവസേനയെ പിളർത്തി ബിജെപിക്കൊപ്പം ചേർന്ന ഏക്നാഥ് ഷിൻഡെ പക്ഷത്തെ എംഎൽഎമാർ ആയോഗ്യരാക്കപ്പെട്ടേക്കുമെന്ന സാധ്യത മുന്നിൽ കണ്ട് അജിത് പവാറിനെ കൂടെകൂട്ടാന്‍ ബിജെപി നീക്കം നടത്തുവെന്നതായിരുന്നു പ്രചരിച്ച വാര്‍ത്തകള്‍. 53 എന്‍സിപി എംഎല്‍മാരിൽ 40 പേരും അജിത്ത് പവാറിനൊപ്പമെന്ന സമ്മതപത്രം ഒപ്പിട്ടതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

പവാര്‍ തീരുമാനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പാര്‍ട്ടി പ്രവര്‍ത്തകരും നേതാക്കളും രംഗത്തെത്തി

അതേ സമയം, ശരദ് പവാര്‍ തീരുമാനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പാര്‍ട്ടി പ്രവര്‍ത്തകരും നേതാക്കളും രംഗത്തെത്തി. തീരുമാനം പിന്‍വലിച്ചില്ലെങ്കില്‍ വേദി വിട്ടുപോകില്ലെന്നും പ്രവര്‍ത്തകര്‍ നിലപാടെടുത്തിരുന്നു.

മഹാരാഷ്ട്ര മുഖ്യമന്ത്രിയായും കേന്ദ്ര മന്ത്രിയായും പ്രവർത്തിച്ച ശരദ് പവാർ രാജ്യത്തെ മുന്‍നിര പ്രതിപക്ഷ നേതാക്കളിലൊരാളാണ്. എന്നാൽ അദാനി വിഷയത്തിലും പ്രധാനമന്ത്രിയുടെ ബിരുദ സർട്ടിഫിക്കറ്റ് വിഷയത്തിലും സമീപകാലത്ത് കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികളിൽനിന്നു വിഭിന്നമായ നിലപാടാണ് പവാർ സ്വീകരിച്ചത്.

logo
The Fourth
www.thefourthnews.in