ഷർജീൽ ഇമാം
ഷർജീൽ ഇമാം

ഡല്‍ഹി ഹൈക്കോടതി പരാമര്‍ശങ്ങള്‍ പിന്‍വലിക്കണം; സുപ്രീംകോടതിയെ സമീപിച്ച് ഷര്‍ജീല്‍ ഇമാം

പ്രതിഷേധത്തിനും കലാപത്തിനും പിന്നിലെ തലച്ചോർ ഷർജീൽ ഇമാം ആണെന്നായിരുന്നു കോടതിയുടെ നിരീക്ഷണം
Updated on
1 min read

തനിക്കെതിരെ ഡൽഹി ഹൈക്കോടതി നടത്തിയ പരാമർശങ്ങൾ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ജെഎൻയു മുൻ വിദ്യാർത്ഥി ഷർജീൽ ഇമാം സുപ്രീംകോടതിയെ സമീപിച്ചു. ഡൽഹി കലാപത്തിന്റെ ഗൂഢാലോചന കേസിൽ രാജ്യദ്രോഹക്കേസ് ചുമത്തപ്പെട്ട് ജയിലിൽ കഴിയുന്ന ഉമർ ഖാലിദിന് ജാമ്യം നിഷേധിക്കവെ ഡൽഹി ഹൈക്കോടതി നടത്തിയ പരാമർശങ്ങൾ പിൻവലിക്കണമെന്നാണ് ആവശ്യം. പ്രതിഷേധത്തിനും കലാപത്തിനും പിന്നിലെ തലച്ചോർ ഷർജീൽ ഇമാം ആണെന്നായിരുന്നു കോടതിയുടെ നിരീക്ഷണം.

ഉമർ ഖാലിദുമായി ഷർജീൽ നിരന്തരം ബന്ധപ്പെട്ടിരുന്നുവെന്നും 'ഗൂഢാലോചനയുടെ തലപ്പത്ത്' ഷർജീൽ ഇമാം ആണെന്നും ഖാലിദ് വലിയ ഗൂഢാലോചനയുടെ ഭാഗമായിരുന്നുെവന്നും കോടതി നിരീക്ഷിച്ചു. എന്നാൽ തന്നെ കേൾക്കാനുള്ള അവസരം നൽകാതെയാണ് കോടതിയുടെ ഇത്തരം നിരീക്ഷണങ്ങളെന്ന് ഷർജീൽ സുപ്രീംകോടതിയിൽ സമർപ്പിച്ച ഹർജിയിൽ ചൂണ്ടിക്കാട്ടി. ഇത്തരം നിരീക്ഷണങ്ങൾ താൻ പ്രതിയായ ക്രിമിനൽ കേസിന്റെ മെറിറ്റിനെ ബാധിക്കുമെന്നും താൻ സമർപ്പിച്ച പ്രത്യേക ജാമ്യാപേക്ഷ ഹൈക്കോടതിയുടെ പരിഗണനയിലാണെന്നും ഷർജീൽ പറഞ്ഞു. അതുകൊണ്ട് തന്നെ കോടതിയുടെ പരാമർശങ്ങൾ തന്റെ കേസിൽ മുൻവിധിക്ക് കാരണമാകുമെന്നും ഷർജീൽ ചൂണ്ടിക്കാട്ടി.

കഴിഞ്ഞ ഒക്ടോബർ 18നാണ് ഡല്‍ഹി കലാപത്തിനിടെ പ്രകോപനപരമായ പ്രസംഗം നടത്തിയെന്ന കേസില്‍ ഉമര്‍ ഖാലിദിന്റെ ജാമ്യാപേക്ഷ ഡല്‍ഹി ഹൈക്കോടതി തള്ളിയത്. ഡല്‍ഹി ജാമിയ ഏരിയയിലെ പ്രതിഷേധങ്ങളുടെയും വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ 2019 ഡിസംബറിലും 2020 ഫെബ്രുവരിയിലും അരങ്ങേറിയ കലാപങ്ങളുടെയും പിന്നിലെ ഗൂഢാലോചന ആരോപിച്ചുള്ള കേസില്‍ ഉമർ ഖാലിദിനെതിരായ ആരോപണങ്ങള്‍ പ്രഥമദൃഷ്ട്യാ ശരിയാണെന്ന വിചാരണക്കോടതി വിധി അംഗീകരിച്ചുകൊണ്ടായിരുന്നു ഹൈക്കോടതി ഉത്തരവ്.

ഷർജീൽ ഇമാം
ജാമിയ കലാപക്കേസ്; ഷർജീൽ ഇമാമിന് ജാമ്യം, ജയിലിൽ തുടരും

സിഎഎ വിരുദ്ധ പ്രതിഷേധത്തിനിടെ പ്രകോപനപരമായ പ്രസംഗം നടത്തിയതില്‍ 2020 ജനുവരി മുതല്‍ ഷര്‍ജീല്‍ ഇമാം കസ്റ്റഡിയിലായത്. പ്രതിഷേധവുമായി ബന്ധപ്പെട്ട നിരവധി കേസുകളില്‍ ഷര്‍ജീല്‍ പ്രതിയാണ്.

ഉമർ ഖാലിദിന്റെ ജാമ്യാപേക്ഷയെ എതിര്‍ത്തുകൊണ്ട്, ഷര്‍ജീല്‍ ഇമാം നടത്തിയ പ്രസംഗങ്ങളും വിവിധ പ്രതികളുടെ വാട്‌സ്ആപ്പ് ചാറ്റുകളും സാക്ഷികള്‍ നല്‍കിയ മൊഴികളും പ്രോസിക്യൂഷന്‍ ഹാജരാക്കിയിരുന്നു. ഡല്‍ഹിയിലെ വിവിധ സ്ഥലങ്ങളില്‍ നടന്ന ഉപരോധത്തിനും പ്രതിഷേധത്തിനും പിന്നില്‍ വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും കോടതി വ്യക്തമാക്കിയിരുന്നു. 2020 ഫെബ്രുവരി 17ന് അറസ്റ്റിലായ ഷര്‍ജീല്‍ ഇമാമും 2020 സെപ്റ്റംബര്‍ 13ന് അറസ്റ്റിലായ ഉമര്‍ ഖാലിദും ഇപ്പോഴും ജയിലില്‍ തുടരുകയാണ്.

logo
The Fourth
www.thefourthnews.in