മത്സരിക്കുമെന്ന് ഉറപ്പിച്ച് തരൂര്‍; രാജസ്ഥാനില്‍ കുരുങ്ങി ഗെഹ്‌ലോട്ട്, കലങ്ങി മറിഞ്ഞ് കോണ്‍ഗ്രസ്
രാജസ്ഥാനും കേരളത്തിനും ഇടയില്‍ കലങ്ങി മറിഞ്ഞ് കോണ്‍ഗ്രസ് രാഷ്ട്രീയം. രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിന്റെ നിലപാടുകള്‍ ദേശീയ തലത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിനെ പ്രതിസന്ധിയിലാക്കുകയാണ്. മുഖ്യമന്ത്രി സ്ഥാനം സച്ചിന്‍ പൈലറ്റിന് വിട്ടുനല്‍കാന്‍ തയ്യാറല്ലെന്ന ഗെഹ്‌ലോട്ടിന്റെ ദുർവാശിയാണ് പ്രതിസന്ധിക്ക് ആധാരം. എംഎല്‍എമാരെ അണിനിരത്തി വിലപേശുന്ന ഗെഹ്‌ലോട്ടിന്റെ നിലപാട് പാര്‍ട്ടിയെ പ്രശ്നങ്ങളിലേക്ക് തള്ളിവിടുന്നു എന്ന വികാരം ശക്തമായതോടെ അധ്യക്ഷ പദവിയിലേക്കുള്ള സ്ഥാനാര്‍ത്ഥിത്വവും അനിശ്ചിതത്തിലേക്ക് നീങ്ങുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.
അശോക് ഗെഹ്‌ലോട്ടിന്റെ നിലപാടുകള്‍ എഐസിസി തിരഞ്ഞെടുപ്പില്‍ നിന്ന് തന്നെ പുറത്തേക്കുള്ള വഴിയൊരുക്കുകയാണ്
അതിനിടെ, കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് ഉറപ്പിച്ചിരിക്കുകയാണ് തിരുവനന്തപുരം എംപി ഡോ. ശശി തരൂര്‍. ഭാരത് ജോഡോ യാത്രയ്ക്കിടെ പട്ടാമ്പിയില്‍ രാഹുല്‍ ഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് തരൂര്‍ ഇക്കാര്യം വ്യക്തമാക്കിയത്. രാജസ്ഥാനിലെ വിവരങ്ങളെ കുറിച്ചറിയില്ല, താന്‍ മത്സരിക്കുന്നതില്‍ ഗാന്ധി കുടുംബത്തിന് എതിര്‍പ്പില്ലെന്നും ആര് എതിരാളിയായാലും പ്രശ്‌നമില്ലെന്നും തരൂർ പറഞ്ഞു. പല സ്ഥാനാര്‍ത്ഥികള്‍ ഉണ്ടാവുന്നത് ജനാധിപത്യത്തിന്റെ ഭാഗമാണ്. വെള്ളിയാഴ്ച നാമ നിര്‍ദേശ പത്രിക സമര്‍പ്പിക്കുമ്പോള്‍ തനിക്കുള്ള പിന്തുണ മനസിലാകും. കേരളത്തില്‍ നിന്ന് പിന്തുണയുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും മറ്റുള്ളവരുടെ പൂര്‍ണ പിന്തുണയുണ്ടെന്നും തരൂര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
അതിനിടെ, അശോക് ഗെഹ്‌ലോട്ടിന്റെ നിലപാടുകള്‍ എഐസിസി തിരഞ്ഞെടുപ്പില്‍ നിന്ന് തന്നെ പുറത്തേക്കുള്ള വഴിയൊരുക്കുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതോടെ അധ്യക്ഷ സ്ഥാനത്തേക്ക് തരൂരിന് എതിരാളിയാര് എന്ന നിലയിലേക്ക് ചര്‍ച്ചകള്‍ മാറുകയാണ്.
രാജസ്ഥാന്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് തന്റെ അടുപ്പക്കാരെയല്ലാതെ അംഗീകരിക്കാനാവില്ലെന്ന് ഗെഹ്‌ലോട്ട് ആവര്‍ത്തിക്കുമ്പോള്‍ പരാതിയുമായി ഹൈക്കമാന്‍ഡിനെ സമീപിപ്പിരിക്കുകയാണ് സച്ചിന്‍ പൈലറ്റ്. പ്രിയങ്ക ഗാന്ധിയെ കണ്ട് സച്ചിന്‍ പൈലറ്റ് പരാതി ബോധിപ്പിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍.