ശശി തരൂര്‍
ശശി തരൂര്‍

'മാറ്റം അനിവാര്യം': കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേയ്ക്ക് മത്സരിക്കുമെന്ന സൂചന നല്‍കി ശശി തരൂര്‍

ജി 23 സംഘത്തിന്റെ സ്ഥാനാര്‍ത്ഥിയായി തരൂരുണ്ടാകുമെന്ന് സൂചന
Updated on
1 min read

കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേയ്ക്ക് ശശി തരൂര്‍ മത്സരിക്കാനുള്ള സാധ്യതകളേറുന്നു. ഗാന്ധി കുടുംബത്തിന് പുറത്ത് നിന്നൊരാള്‍ മത്സരത്തിന് എത്തിയാല്‍, അവര്‍ക്കെതിരെ ജി 23 സംഘത്തിന്റെ പ്രതിനിധിയായാകും തരൂര്‍ മത്സരിക്കുക. ശശി തരൂരിന് പുറമേ മനീഷ് തിവാരിയുടെ പേരും ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്.

രാഹുല്‍ ഗാന്ധിയാണ് അധ്യക്ഷ സ്ഥാനത്തേയ്ക്ക് മത്സരിക്കുന്നതെങ്കിലും സ്ഥാനാര്‍ത്ഥിയെ നിര്‍ത്താനാണ് ജി 23 നേതാക്കള്‍ ആലോചിക്കുന്നത്. അധ്യക്ഷ സ്ഥാനത്തേയ്ക്ക് മത്സരിക്കാന്‍ അശോക് ഗെഹ്ലോട്ടിനുമേല്‍ ഗാന്ധികുടുംബത്തിന്റെ സമ്മര്‍ദ്ദവുമുണ്ട്.

സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് പ്രക്രിയയാണ് നിലവിലെ പ്രശ്‌നങ്ങള്‍ പഹിരിക്കുന്നതിനുള്ള ആരോഗ്യകരമായ മാര്‍ഗം

ഔദ്യോഗിക പ്രതികരണം നടത്തിയില്ലെങ്കിലും, കഴിഞ്ഞ ദിവസം മാതൃഭൂമിയിലെഴുതിയ ലേഖനത്തില്‍ പ്രസിഡന്‌റ് സ്ഥാനത്തേക്ക് മത്സരിക്കുമെന്നതിന്‌റെ ചെറിയ സൂചനകള്‍ തരൂര്‍ നല്‍കി. പാര്‍ട്ടിക്ക് നവീകരണം ആവശ്യമാണെന്നും അടിയന്തരമായി കോണ്‍ഗ്രസ് അധ്യക്ഷനെ കണ്ടെത്തേണ്ടതുണ്ടെന്നും ലേഖനത്തില്‍ പറയുന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഉത്തേജിപ്പിക്കുക, വോട്ടര്‍മാരെ പ്രചോദിപ്പിക്കുക എന്നീ രണ്ട് ലക്ഷ്യങ്ങള്‍ കൈവരിക്കാനാകുന്നയാളാകണം പുതിയ പ്രസിഡന്‌റ്. ജനാധിപത്യ സംവിധാനത്തില്‍, ഒരു കുടുംബത്തിന് മാത്രമെ നയിക്കാന്‍ കഴിയൂ എന്ന് വിശ്വസിക്കുന്ന തരത്തിലേക്ക് ഒരു പാര്‍ട്ടിയും മാറരുത്. സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് പ്രക്രിയയാണ് നിലവിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള ആരോഗ്യകരമായ മാര്‍ഗമെന്നും തരൂര്‍ ലേഖനത്തില്‍ പറയുന്നു.

തിരഞ്ഞെടുപ്പ് ഒഴിവായാല്‍ പാര്‍ട്ടിക്കുള്ളിലെ പ്രശ്നങ്ങള്‍ ഒരിക്കലും ചര്‍ച്ചയാകില്ലെന്ന വിലയിരുത്തലാണ് വിമതസംഘത്തിനുള്ളത്

പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മത്സരിക്കുന്നതുമായി ബന്ധപ്പെട്ട് ഇതുവരെ ശശിതരൂര്‍ പ്രതികരിച്ചിട്ടില്ല. തരൂരിന് സമ്മതമല്ലെങ്കില്‍ മനീഷ് തിവാരിയെ സ്ഥാനാര്‍ത്ഥിയാക്കാനാണ് ആലോചന. ഹൈക്കമാന്‍ഡ് തീരുമാനിക്കുന്ന നേതാവിനെ എല്ലാവരും അംഗീകരിക്കുന്ന രീതി ഇനി പാര്‍ട്ടിക്കുള്ളില്‍ വേണ്ട എന്നാണ് വിമതസംഘത്തിന്റെ അഭിപ്രായം. തിരഞ്ഞെടുപ്പ് ഒഴിവായാല്‍ പാര്‍ട്ടിക്കുള്ളിലെ പ്രശ്നങ്ങള്‍ ഒരിക്കലും ചര്‍ച്ചയാകില്ലെന്ന വിലയിരുത്തലാണ് അവര്‍ക്കുള്ളത്. ഒരു സമ്മര്‍ദ്ദമില്ലാതെ പ്രസിഡന്റ് സ്ഥാനത്തെത്തുന്നയാള്‍ ഉത്തരവാദിത്തം കാണിക്കില്ലെന്നാണ് നിരീക്ഷണം

ഒക്ടോബര്‍ 17നാണ് കോണ്‍ഗ്രസ് അധ്യക്ഷനെ കണ്ടെത്താനുള്ള തിരഞ്ഞെടുപ്പ്. ഒരു സ്ഥാനാര്‍ത്ഥി മാത്രമാണുള്ളതെങ്കില്‍ ഒക്ടോബര്‍ 8 ന് തന്നെ പ്രസിഡന്റിനെ പ്രഖ്യാപിക്കും. ഈ സാഹചര്യം ഒഴിവാക്കാനാണ് ജി 23 സ്ഥാനാര്‍ഥിയെ നിശ്ചയിക്കുന്നത്. പാര്‍ട്ടിയുടെ പ്രവര്‍ത്തന രീതിയില്‍ മാറ്റം ആവശ്യപ്പെട്ട് 2020 ലാണ് ജി 23 വിമത സംഘം കോണ്‍ഗ്രസിനുള്ളില്‍ രൂപപ്പെട്ടത്. ജി 23 നേതൃത്വത്തിലെ മുന്‍നിരയിലുണ്ടായിരുന്ന ഗുലാം നബി ആസാദ് കഴിഞ്ഞയാഴ്ച പാര്‍ട്ടി വിട്ടിരുന്നു.

logo
The Fourth
www.thefourthnews.in