സ്ഥാനത്തിന് വേണ്ടിയല്ല; പാർട്ടിയുടെ ഭാവിക്ക് വേണ്ടിയാണ് മത്സരം; നേതാക്കളുടെ കൈപിടിച്ച് ശശി തരൂർ
കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിൽ വിജയ പ്രതീക്ഷയുണ്ടെന്ന് ഡോ. ശശി തരൂർ. പാർട്ടിയുടെ ഭാവിയിൽ പാർട്ടിയും പാർട്ടി പ്രവർത്തകരുമാണ് തീരുമാനം എടുക്കേണ്ടത്. സ്ഥാനത്തിന് വേണ്ടിയല്ല താൻ മത്സരിക്കുന്നതെന്നും ഭാരതത്തിനും പാർട്ടിയുടെ ഭാവിക്കും വേണ്ടിയാണ് മത്സരിക്കുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ചുരുങ്ങിയ സമയത്തിനുളളിൽ പരമാവധി ആളുകളെ കാണാൻ കഴിഞ്ഞുവെന്നും 10 സംസ്ഥാനങ്ങളിൽ പ്രചാരണം നടത്തിയെന്നും അദ്ദേഹം പറഞ്ഞു. പ്രചരണത്തിന്റെ 16 ദിവസവും ചെയ്യാൻ കഴിയുന്നതെല്ലാം ആത്മാർത്ഥമായി ചെയ്തു. പാർട്ടി പ്രവർത്തകരാണ് അധ്യക്ഷനെ തീരുമാനിക്കേണ്ടതെന്നും ആത്മാർത്ഥതയോടെ തനിക്കൊപ്പം പ്രചാരണത്തിനിറങ്ങിയ പ്രവർത്തകർക്ക് നന്ദിയും അദ്ദേഹം അറിയിച്ചു.
പ്രചരണത്തിന്റെ 16 ദിവസവും ചെയ്യാൻ കഴിയുന്നതെല്ലാം ആത്മാർത്ഥമായി ചെയ്തു
ഖാർഗെയുമായി ഫോണിൽ സംസാരിച്ചുവെന്നും പാർട്ടിയുടെ ജയത്തിനായി ആശംസിച്ചുവെന്നും അദ്ദേഹം പറഞ്ഞു. രാവിലെ ഖാർഗയുമായി സംസാരിച്ചപ്പോൾ പാർട്ടിയുടെ നന്മയ്ക്ക് വേണ്ടി നിൽക്കുകയാണെന്നും പാർട്ടിയുടെ വിജയം ഉണ്ടാകട്ടെ എന്നും അദ്ദേഹം പറഞ്ഞുവെന്നും ഖാർഗെ സെയിം ടു യു എന്ന് മറുപടി ൻൽകിയെന്നും അദ്ദേഹം പറഞ്ഞു.
ചില നേതാക്കൾ പക്ഷം പിടിച്ചുവെന്ന പറഞ്ഞ അദ്ദേഹം ആദ്യ വോട്ടറായ തമ്പാനൂർ രവി തനിക്ക് പരസ്യ പിന്തുണ നൽകിയിട്ടുണെന്നും പറഞ്ഞു. കൂടാതെ, ഗാന്ധി കുടുംബം നിക്ഷപക്ഷമാണെന്നും ഈ തിരഞ്ഞെടുപ്പ് പാർട്ടിക്ക് ഗുണം ചെയ്യുമെന്നും തരൂർ വ്യക്തമാക്കി.
പാർട്ടി ജനങ്ങൾക്ക് ഒപ്പം ഉണ്ടെന്ന് ചൂണ്ടിക്കാണിക്കാനാണ് ഭാരത് ജോഡോ യാത്ര. അതു പോലെയാണ് ഈ തിരഞ്ഞെടുപ്പും
2014ലും 2019ലും ലോക്സഭാ ഇലക്ഷനിൽ പാർട്ടിക്ക് 19 ശതമാനം വോട്ടാണ് ലഭിച്ചത്. ഇങ്ങനെ പോയാൽ പാർട്ടിക്ക് ഭാവിയുണ്ടോ എന്ന ചോദ്യം നാം ചോദിക്കണമെന്നും ഇതിന്റെ ഭാഗമാണ് ഭാരത് ജോഡേ യാത്രയെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് പാർട്ടി ജനങ്ങൾക്ക് ഒപ്പം ഉണ്ടെന്ന് ചൂണ്ടിക്കാണിക്കാനാണ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടക്കുന്ന ഭാരത് ജോഡോ യാത്ര. അതു പോലെയാണ് ഈ തിരഞ്ഞെടുപ്പും, കോൺഗ്രസ് പാർട്ടിയെ പുനർജ്ജീവിപ്പിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.