'മുഷറഫ് സമാധാനത്തിന്റെ ശക്തി'; ബിജെപിയെ ചൊടിപ്പിച്ച് തരൂരിന്റെ ട്വീറ്റ്

'മുഷറഫ് സമാധാനത്തിന്റെ ശക്തി'; ബിജെപിയെ ചൊടിപ്പിച്ച് തരൂരിന്റെ ട്വീറ്റ്

പർവേസ് മുഷറഫിന് അനുശോചനം അറിയിച്ചുകൊണ്ടുള്ള ശശി തരൂരിന്റെ ട്വീറ്റാണ് ബിജെപിയെ ചൊടിപ്പിച്ചിരിക്കുന്നത്
Updated on
1 min read

പാകിസ്താൻ മുൻ പ്രസിഡന്റ് പർവേസ് മുഷറഫിന്റെ നിര്യാണത്തിൽ അനുശോചനം അറിയിച്ചുകൊണ്ടുള്ള ശശി തരൂർ എംപിയുടെ ട്വീറ്റ് ബിജെപിയെ ആകെ ചൊടിപ്പിച്ചിരിക്കുകയാണ്. കാർഗിൽ യുദ്ധത്തിന്റെ ശില്പിയെ ശശി തരൂർ വാഴ്ത്തുന്നു എന്നാണ് ബിജെപി വാദം. മുഷറഫിന്റെ മരണം അറിഞ്ഞ ശേഷം യുഎൻ മുൻ അണ്ടർ സെക്രട്ടറി ജനറലായ ശശി തരൂർ ട്വീറ്റ് ചെയ്ത അനുശോചന കുറിപ്പാണ് വിവാദമായത്.

"ഒരിക്കൽ ഇന്ത്യയുടെ ശത്രുവായിരുന്ന അദ്ദേഹം 2002-2007 കാലഘട്ടത്തിൽ സമാധാനത്തിന്റെ ശക്തിയായി മാറി. ഐക്യരാഷ്ട്ര സഭയിൽ വച്ച് എല്ലാ വർഷവും ഞാൻ അദ്ദേഹത്തെ കാണാറുണ്ടായിരുന്നു. മിടുക്കനും തന്ത്രശാലിയുമായ ആളായിരുന്നു അദ്ദേഹം, ആർഐപി" എന്നായിരുന്നു തരൂരിന്റെ ട്വീറ്റ്.

'മുഷറഫ് സമാധാനത്തിന്റെ ശക്തി'; ബിജെപിയെ ചൊടിപ്പിച്ച് തരൂരിന്റെ ട്വീറ്റ്
പര്‍വേസ് മുഷറഫ്: ഷെരീഫിനെ ഇരുട്ടില്‍ നിര്‍ത്തി കാര്‍ഗില്‍ യുദ്ധം നയിച്ച അട്ടിമറികളുടെ പ്രസിഡന്റ്

തരൂരിന് മറുപടി പറഞ്ഞും പ്രതിഷേധം അറിയിച്ചും നിരവധി ബിജെപി നേതാക്കളാണ് രംഗത്തെത്തിയത്. തരൂരിന്റെ വാക്കുകൾ കടമെടുത്തായിരുന്നു കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിന്റെ മറുപടി. 'സമാധാനത്തിനുള്ള ശക്തി'യായി മാറാനും 'തന്ത്രപരമായ ചിന്ത' വികസിപ്പിക്കാനും കരുത്തനായ സൈനിക മേധാവിയെ പ്രാപ്തനാക്കുന്നത് സൈനിക അടിച്ചമർത്തലെന്ന് രാജീവ് ചന്ദ്രശേഖർ കുറ്റപ്പെടുത്തി. നിരവധി ജീവനുകൾ നഷ്ടമാക്കിയിട്ടും, നിയമങ്ങൾ ലംഘിച്ചിട്ടും ഇത്തരത്തിലുള്ളവർക്ക് ഇന്ത്യയിൽ ആരാധകർ ഉണ്ടെന്നും അദ്ദേഹം ട്വീറ്റിൽ പറയുന്നു.

'മുഷറഫ് സമാധാനത്തിന്റെ ശക്തി'; ബിജെപിയെ ചൊടിപ്പിച്ച് തരൂരിന്റെ ട്വീറ്റ്
പാകിസ്താന്‍ മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫ് അന്തരിച്ചു

തരൂരിനോട് തികഞ്ഞ അമർഷം രേഖപ്പെടുത്തിക്കൊണ്ട് ബിജെപി വക്താവ് ഷെഹ്‌സാദ് പൂനാവാലയും ട്വീറ്റ് ചെയ്തിരുന്നു. ''കാർഗിലിന്റെ ശില്പിയും ഏകാധിപതിയും പല ഹീന കൃത്യങ്ങളിലും കുറ്റാരോപിതനുമായ പർവേസ് മുഷറഫ്- താലിബാനെയും ഒസാമയെയും 'സഹോദരങ്ങൾ' എന്നും 'വീരന്മാർ' എന്നും കണക്കാക്കിയ ആൾ- സ്വന്തം സൈനികരുടെ മൃതദേഹങ്ങൾ പോലും നാട്ടിലെത്തിക്കാൻ വിസമ്മതിച്ച ഒരുവനെയാണ് കോൺഗ്രസ് പ്രശംസിക്കുന്നത്. അദ്ഭുതം തോന്നുന്നുണ്ടോ?'' എന്നായിരുന്നു പൂനാവാലയുടെ ട്വീറ്റ്. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ ഒരിക്കൽ 'മാന്യൻ' എന്ന് വിശേഷിപ്പിച്ചതുകൊണ്ടാണോ ഒരുപക്ഷെ കോൺഗ്രസിന് മുഷറഫ് പ്രിയങ്കരൻ ആയതെന്നും അദ്ദേഹം ട്വീറ്റ് ചെയ്തിരുന്നു.

അമിലോയിഡോസിസ് എന്ന അപൂര്‍വ്വ രോഗത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് യുഎഇയിലെ അമേരിക്ക ഹോസ്പിറ്റലില്‍ വച്ച് പര്‍വേസ് മുഷറഫ് മരിച്ചത്. 2007 ല്‍ പാകിസ്താനില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച സംഭവത്തിലുള്‍പ്പെടെ 2019 ല്‍ മുഷറഫിന് പെഷവാറിലെ പ്രത്യേക കോടതി വധശിക്ഷ വിധിച്ചിരുന്നു. 2013 ഡിസംബറിലാണ് മുഷറഫിനെതിരെ രാജ്യദ്രോഹക്കേസെടുത്തത്. പിന്നാലെ രാജ്യം വിട്ട അദ്ദേഹം ദുബായില്‍ താമസിച്ച് വരികയായിരുന്നു.

logo
The Fourth
www.thefourthnews.in