ഡല്‍ഹിയുടെ മേയറായി എഎപിയുടെ ഷെല്ലി ഒബ്‌റോയ്; ഗുണ്ടകള്‍ തോറ്റെന്നും പൊതുജനം വിജയിച്ചെന്നും ആംആദ്മി
ഡല്‍ഹി കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ ആംആദ്മിക്ക് ജയം. ബിജെപിയുടെ രേഖ ഗുപ്തയെ 34 വോട്ടുകൾക്ക് പരാജയപ്പെടുത്തി എഎപിയുടെ ഷെല്ലി ഒബ്‌റോയ് ഡൽഹിയുടെ പുതിയ മേയറായി തിരഞ്ഞെടുക്കപ്പെട്ടു. രേഖ ഗുപ്തയ്ക്ക് 116 വോട്ടും ഷെല്ലി ഒബ്‌റോയ്ക്ക് 150 വോട്ടുമാണ് ലഭിച്ചത്. 10 വര്‍ഷത്തിന് ശേഷമാണ് ഡല്‍ഹിയ്ക്ക് ഒരു വനിതാ മേയറെ ലഭിക്കുന്നത്. ഡല്‍ഹിയിലെ ഈസ്റ്റ് പട്ടേല്‍ നഗരത്തില്‍ നിന്ന് മത്സരിച്ച ഷെല്ലി ഒബ്‌റോയി കൗണ്‍സിലറായി തിരഞ്ഞെടുക്കപ്പെടുന്നതും ആദ്യമായാണ്.
സിവിക് സെന്ററിലായിരുന്നു വോട്ടെണ്ണൽ. തിരഞ്ഞെടുപ്പിൽ 250 വാർഡ് കൗൺസിലർമാരും 7 ലോക്‌സഭാ എംപിമാരും 14എംഎൽഎമാരും വോട്ട് രേഖപ്പെടുത്തി. രണ്ട് സ്വതന്ത്രരും കോണ്‍ഗ്രസ് അംഗവും ബിജെപിക്ക് വോട്ട് ചെയ്തു. എട്ട് കോൺഗ്രസ് അംഗങ്ങൾ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. നേരത്തെ സംഘർഷത്തെ തുടർന്ന് മൂന്ന് തവണ തിരഞ്ഞെടുപ്പ് തടസപ്പെട്ടിരുന്നു. ഡല്‍ഹി ലെഫ്റ്റനന്റ് ഗവർണർ നാമനിർദേശം ചെയ്ത 10 അംഗങ്ങൾ വോട്ട് ചെയ്യുന്നതിനെ ചൊല്ലിയായിരുന്നു തർക്കം. എഎപി അംഗങ്ങളും ബിജെപി അംഗങ്ങളും തമ്മിലുണ്ടായ തർക്കത്തെ തുടർന്നാണ് തിരഞ്ഞെടുപ്പ് തടസപ്പെട്ടത്.
മേയര്‍ തിരഞ്ഞെടുപ്പിന് വേണ്ടി ചേര്‍ന്ന യോഗങ്ങളെല്ലാം എഎപി ബിജെപി കയ്യാങ്കളിയില്‍ അവസാനിക്കുകയായിരുന്നു. കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പ് കഴിഞ്ഞ് രണ്ട് മാസം കഴിഞ്ഞിട്ടും ഇതുവരെ മേയറെ തിരഞ്ഞെടുക്കാന്‍ സാധിച്ചിരുന്നില്ല. ശേഷം സുപ്രീംകോടതിയുടെ വിധിയുടെ അടിസ്ഥാനത്തിലാണ് ഇന്ന് തിരഞ്ഞെടുപ്പ് നടന്നത്.
ഡൽഹി സർവകലാശാലയിൽ അസിസ്റ്റന്റ് പ്രൊഫസറായ ഷെല്ലി ഒബ്‌റോയ് 2013 ലാണ് ആംആദ്മിയില്‍ ചേരുന്നത്. സഭയുടെ അന്തസ് കാത്തുസൂക്ഷിക്കുമെന്നും അതിന്റെ സുഗമമായ പ്രവർത്തനത്തിൽ സഹകരിക്കുമെന്നും വിജയത്തിന് ശേഷം ഷെല്ലി ഒബ്റോയ് പ്രതികരിച്ചു. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും ഷെല്ലി ഒബ്‌റോയിയെയും പാർട്ടി പ്രവർത്തകരെയും അഭിനന്ദിച്ചു. ഗുണ്ടകൾ തോറ്റു, പൊതുജനം വിജയിച്ചുവെന്നും കെജ്രിവാൾ അഭിപ്രായപ്പെട്ടു. വോട്ടിങ് പ്രക്രിയ സമാധാനപരമായി പൂര്‍ത്തിയാക്കാന്‍ സഹായിച്ചതിന് പ്രോ ടേം സ്പീക്കര്‍ സത്യ ശര്‍മ എല്ലാവരോടും നന്ദി അറിയിച്ചു.