'സൂറത്ത് കൊള്ളയടിച്ചതാണ്'; ശിവജിയെ ചൊല്ലി മഹാരാഷ്‌ട്ര ബിജെപിയിൽ ഭിന്നത, ഫഡ്നാവിസിനെ തള്ളി നാരായൺ റാണെ

'സൂറത്ത് കൊള്ളയടിച്ചതാണ്'; ശിവജിയെ ചൊല്ലി മഹാരാഷ്‌ട്ര ബിജെപിയിൽ ഭിന്നത, ഫഡ്നാവിസിനെ തള്ളി നാരായൺ റാണെ

ശിവജി സൂറത്ത് കൊള്ളയടിച്ചിട്ടില്ല എന്ന് ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞതിനു പിന്നാലെയാണ് നാരായൺ റാണെ രംഗത്തെത്തുന്നത്
Updated on
1 min read

നിയമസഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ മഹാരാഷ്ട്ര ബിജെപി നേതാക്കൾക്കിടയിൽ അഭിപ്രായഭിന്നത. മറാത്ത രാജാവായിരുന്ന ശിവജിയെ ചൊല്ലിയാണ് പുതിയ തർക്കം. ശിവജി യഥാർഥത്തിൽ സൂറത്ത് കൊള്ളയടിച്ചതാണ് എന്നതായിരുന്നു മുതിർന്ന ബിജെപി നേതാവ് നാരായൺ റാണെയുടെ പ്രസ്താവന. കോൺഗ്രസ് നേതാക്കൾ ശിവജിയുമായി ബന്ധപ്പെട്ട് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നു എന്നും ശിവജി സൂറത്ത് കൊള്ളയടിച്ചിട്ടില്ല എന്നും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞതിനു പിന്നാലെയാണ് ഘടകവിരുദ്ധമായ നിലപാടുമായി നാരായൺ റാനെ രംഗത്തെത്തുന്നത്.

ബിജെപി സംസ്ഥാന ആസ്ഥാനത്ത് നടന്ന വാർത്താ സമ്മേളനത്തിൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്കുള്ള മറുപടിയായി നാരായൺ റാണെ ഇങ്ങനെ പറഞ്ഞു, "ഞാൻ ഒരു ചരിത്രകാരനല്ല, പക്ഷെ ചരിത്രകാരനായ ബാബാസാഹിബ് പുരന്തരെയിൽ നിന്നുൾപ്പെടെ ഞാൻ വായിച്ചും കേട്ടും മനസിലാക്കിയതനുസരിച്ച് ശിവജി മഹാരാജ് സൂറത്ത് കൊള്ളയടിച്ചിട്ടുണ്ട് എന്നാണ്."

ശിവജി ഒരിക്കലും സൂറത്ത് കൊള്ളയടിച്ചിട്ടില്ല എന്ന് ഞായറാഴ്ചയാണ് ഫഡ്‌നാവിസ് പറഞ്ഞത്. ശേഷം ജവാഹർലാൽ നെഹ്‌റു തന്റെ പുസ്തകമായ 'ഡിസ്‌കവറി ഓഫ് ഇന്ത്യ'യിൽ ശിവജിയെ മോശമായി അവതരിപ്പിച്ചിരിന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നെഹ്‌റു ശിവജിയെ ഒരു കൊള്ളക്കാരനായി അവതരിപ്പിക്കുന്നത് ശരിയല്ലെന്നും, സ്വാതന്ത്ര്യാനന്തരം ശിവജിയുടെ പാരമ്പര്യം മോശമായി അവതരിപ്പിക്കപ്പെട്ടുവെന്നും ഫഡ്‌നാവിസ് ആരോപിച്ചു. സ്വരാജ്യമാണ് ശിവജി ലക്‌ഷ്യം വച്ചതെന്നും, രാജ്യനന്മയ്ക്കു വേണ്ടിയാണ് ശിവജി വലിയ സമ്പത്തുണ്ടാക്കിയത് എന്നുമാണ് ഫഡ്നാവിസിന്റെ പക്ഷം.

'സൂറത്ത് കൊള്ളയടിച്ചതാണ്'; ശിവജിയെ ചൊല്ലി മഹാരാഷ്‌ട്ര ബിജെപിയിൽ ഭിന്നത, ഫഡ്നാവിസിനെ തള്ളി നാരായൺ റാണെ
ഹരിയാന നിയമസഭ തിരഞ്ഞെടുപ്പ്: 20 സീറ്റ് ആവശ്യപ്പെട്ട് ആം ആദ്മി, സഖ്യചർച്ചയിൽ കോൺഗ്രസിന് തിരിച്ചടി

മഹാരാഷ്ട്രയിലെ സിന്ധ്‌ദുർഗ ജില്ലയിൽ നിർമിച്ച ശിവജിയുടെ പ്രതിമ തകർന്ന സംഭവത്തോടെയാണ് ഈ ചർച്ച കൂടുതൽ ചൂടുപിടിച്ചത്. സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ മാപ്പു പറയുന്ന സാഹചര്യമുണ്ടായി. സൂറത്ത് രണ്ടു തവണ ശിവജി കൊള്ളയടിച്ചിട്ടുണ്ട് എന്നതാണ് ചരിത്രരേഖകൾ വ്യക്തമാക്കുന്നത്, 1664, 1670 എന്നീ വർഷങ്ങളിൽ സൂറത്ത് ഒരു സമ്പന്നമായ തീരദേശ മുഗൾ നഗരമായിരുന്ന സമയത്താണ് കവർച്ച സംഭവിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട ചർച്ച ഒരുപാട് കാലമായി തുടരുന്നതാണ്.

ശിവജിയുടെ പ്രതിമ തകർന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി ഏക്‌നാഥ്‌ ഷിൻഡെ രാജ്യം വിട്ടുപോകണമെന്നാണ് ശിവസേന നേതാവ് ഉദ്ദവ്താക്കറെ അഭിപ്രായപ്പെട്ടത്. ഈ സാഹചര്യത്തിലാണ് കുറച്ചുകൂടി മയപ്പെടുത്തിയ പ്രതികരണവുമായി മുതിർന്ന നേതാവ് നാരായൺ റാനെ തന്നെ രംഗത്തെത്തുന്നത്. ബിജെപി, ശിവസേന താക്കറെ വിഭാഗങ്ങൾ തമ്മിലുള്ള സംഘർഷത്തിന്റെ ആവശ്യമില്ലെന്നും, എല്ലാ രാഷ്ട്രീയ പ്രവർത്തകരെയും സംഭവസ്ഥലത്തേക്ക് കടത്തിവിടാൻ പോലീസ് തയാറാകണമായിരുന്നു എന്നുമാണ് നാരായൺ റാനെയുടെ പക്ഷം

logo
The Fourth
www.thefourthnews.in