ഹരിയാനയിൽ സംഘർഷം തുടരുന്നു: ബാദ്ഷാപൂരിൽ ഭക്ഷണശാലകളും വാഹനങ്ങളും തകർത്തു, കടകൾക്ക് തീ വെച്ചു

ഹരിയാനയിൽ സംഘർഷം തുടരുന്നു: ബാദ്ഷാപൂരിൽ ഭക്ഷണശാലകളും വാഹനങ്ങളും തകർത്തു, കടകൾക്ക് തീ വെച്ചു

വിശ്വഹിന്ദു പരിഷത്ത് സംഘടിപ്പിച്ച 'ബ്രിജ് മണ്ഡൽ ജലാഭിഷേക് യാത്ര'ക്ക് പിന്നാലെയാണ് ഹരിയാനയിൽ സംഘർഷം ആരംഭിച്ചത്
Updated on
1 min read

ഹരിയാനയിൽ രണ്ട് ദിവസമായി തുടരുന്ന വർഗീയ സംഘർഷങ്ങൾ രൂക്ഷമാകുന്നു. ഗുരുഗ്രാമിലെ ബാദ്ഷാപൂരിൽ ആൾകൂട്ടം പ്രധാന മാർക്കറ്റിലെ 14 കടകൾ അടിച്ച് തകർത്തു. സെക്ടർ 66ൽ ഏഴ് കടകൾക്ക് തീവെച്ചു. വാഹനങ്ങൾ അടിച്ച് തകർത്തു. മോട്ടോർ ബൈക്കുകളിലും എസ്‌യുവികളിലും എത്തിയ 200 ഓളം പേർ ചേർന്നാണ് അക്രമം അഴിച്ച് വിട്ടത്. ജനക്കൂട്ടം ഒരു പ്രത്യേക വിഭാഗത്തിന്റെ കടകൾ അടിച്ചുതകർക്കുകയും ബാദ്ഷാപൂരിലെ ഒരു മുസ്ലീം പള്ളിക്ക് മുന്നിൽ 'ജയ് ശ്രീറാം' വിളിക്കുകയും ചെയ്തുവെന്ന് വാർത്താ ഏജൻസി പിടിഐ റിപ്പോർട്ട് ചെയ്തു. ബാദ്ഷാപൂർ മാർക്കറ്റും അടച്ചിട്ടതായി പോലീസ് പിടിഐയോട് പറഞ്ഞു.

ഹരിയാനയിൽ സംഘർഷം തുടരുന്നു: ബാദ്ഷാപൂരിൽ ഭക്ഷണശാലകളും വാഹനങ്ങളും തകർത്തു, കടകൾക്ക് തീ വെച്ചു
ഹരിയാനയിൽ വർഗീയ സംഘർഷം വ്യാപിക്കുന്നു; ഗുരുഗ്രാമിൽ മുസ്ലിം പള്ളിക്ക് ആൾക്കൂട്ടം തീയിട്ടു, ഇമാം കൊല്ലപ്പെട്ടു

വൈകുന്നേരം നാല് മണിയോടെ ജനക്കൂട്ടം വടികളും കല്ലുകളും കൊണ്ട് പ്രദേശത്തെത്തുകയും ഇറച്ചിക്കടകൾ ഉൾപ്പെടെ നിരവധി കടകൾ നശിപ്പിക്കുകയും റസ്റ്റോറന്റിന് തീയിടുകയും ചെയ്തെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. അക്രമങ്ങളില്‍ ആർക്കും പരുക്കില്ല. നുഹിൽ നിന്ന് 40 കിലോമീറ്റർ അകലെയുള്ള ബാദ്ഷപൂരിലാണ് പുതിയ അക്രമങ്ങൾ പൊട്ടിപ്പുറപ്പെട്ടിട്ടുള്ളത്.

ഹരിയാനയിലെ അക്രമങ്ങളിൽ ഇതുവരെ ആകെ അഞ്ച് പേർ കൊല്ലപ്പെടുകയും 70 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസം ഉണ്ടായ അക്രമണത്തിലാണ് ഒരു ഇമാമും രണ്ട് ഹോം ഗാർഡുകളും ഉൾപ്പെടെ അഞ്ച് പേർ കൊല്ലപ്പെട്ടത്. ഹരിയാന സർക്കാർ ഗുരുഗ്രാമിലും നുഹിലും സെക്ഷൻ നിരോധനാജ്ഞ ഏർപ്പെടുത്തിയിരിക്കുകയാണ്. ഇവിടങ്ങളിൽ മൊബൈൽ, ഇന്റർനെറ്റ് സേവനങ്ങളും ബുധനാഴ്ച വരെ താത്കാലികമായി റദ്ദാക്കി. സംസ്ഥാനത്ത് ഇതുവരെ 44 എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 70 ലധികം പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

വിശ്വഹിന്ദു പരിഷത്ത് സംഘടിപ്പിച്ച 'ബ്രിജ് മണ്ഡൽ ജലാഭിഷേക് യാത്ര'ക്ക് പിന്നാലെയാണ് ഹരിയാനയിൽ സംഘർഷം ആരംഭിച്ചത്. പശുക്കടത്ത്‌ ആരോപിച്ച്‌ ഹരിയാനയിൽ രണ്ട് മുസ്ലിം യുവാക്കളെ ചുട്ടുകൊന്ന കേസിലെ പ്രതിയും സംഘപരിവാർ പ്രവർത്തകനുമായ മോനു മനേസറും സംഘവും പങ്കെടുത്തതോടെയാണ് വർഗീയ സംഘർഷം ആരംഭിച്ചത്. ഘോഷയാത്രക്കിടെ കൊലപാതകവും കല്ലേറും തീവയ്പ്പും ഉൾപ്പെടെ നിരവധി അക്രമസംഭവങ്ങളാണ് റിപ്പോർട്ട് ചെയ്തത്. നാല് പേരാണ് സംഘർഷത്തിൽ കൊല്ലപ്പെട്ടത്.

ഹരിയാനയിൽ സംഘർഷം തുടരുന്നു: ബാദ്ഷാപൂരിൽ ഭക്ഷണശാലകളും വാഹനങ്ങളും തകർത്തു, കടകൾക്ക് തീ വെച്ചു
ഹരിയാന വർഗീയ സംഘർഷത്തിൽ മരണം മൂന്നായി; ഇരുന്നൂറിലേറെ പേർക്ക് പരുക്ക്, ഇന്റർനെറ്റ് സേവനം റദ്ദാക്കി
logo
The Fourth
www.thefourthnews.in