അഫ്താബിന് വധശിക്ഷ ലഭിക്കണം, പോലീസ് കൃത്യസമയത്ത് ഇടപെട്ടില്ല;വിമർശനങ്ങളുമായി ശ്രദ്ധ വാള്‍ക്കറിന്റെ പിതാവ്
ഡല്‍ഹിയില്‍ പങ്കാളി ക്രൂരമായി കൊലപ്പെടുത്തിയ ശ്രദ്ധ വാള്‍ക്കറിന്റെ പിതാവ് വികാസ് വാള്‍ക്കര്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിനെ കണ്ടു. മുംബൈയിലെ വസതിയിലെത്തിയായിരുന്നു കൂടിക്കാഴ്ച. മകളെ കൊലപ്പെടുത്തിയ അഫ്താബിന് പരമാവധി ശിക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ട പിതാവ് മഹാരാഷ്ട്ര പോലീസിനെതിരെയും രൂക്ഷവിമര്‍ശനമുന്നയിച്ചു.
പോലീസ് അന്ന് കൃത്യസമയത്ത് നടപടി സ്വീകരിച്ചിരുന്നുവെങ്കില്‍ മകള്‍ ഇന്ന് ജീവിച്ചിരുന്നേനെ
ഇപ്പോഴത്തെ അന്വേഷണത്തില്‍ തൃപ്തിയുണ്ടെങ്കിലും തുടക്കത്തില്‍ അലസത ഉണ്ടായിരുന്നുവെന്നും വികാസ് വാള്‍ക്കര്‍ കുറ്റപ്പെടുത്തി. മണിക്പൂര്‍, വസായ് പോലീസിന്റെ നിസ്സഹകരണ മനോഭാവത്തില്‍ തനിക്ക് ഒരുപാട് പ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നു. പോലീസ് അന്ന് കൃത്യസമയത്ത് നടപടി സ്വീകരിച്ചിരുന്നുവെങ്കില്‍ മകള്‍ ഇന്ന് ജീവിച്ചിരുന്നേനെ. ഞങ്ങള്‍ക്ക് സംഭവിച്ച് ഈ ദുര്‍വിധി ഇനി മറ്റൊരാള്‍ക്കും ഉണ്ടാകരുതെന്നും വികാസ് വാള്‍ക്കര്‍ വ്യക്തമാക്കി. മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.
മകള്‍ക്ക് നീതി ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ഉറപ്പ് നല്‍കിയിട്ടുണ്ട്
' 2021 ല്‍ ആണ് താന്‍ അവസാനമായി മകളെ കണ്ടത്. പരസ്പരം സുഖാന്വേഷണം മാത്രമാണ് നടത്തിയത്. അതേവര്‍ഷം സെപ്റ്റംബര്‍ 26 ന് താന്‍ അഫ്താബുമായി സംസാരിച്ചു. മകള്‍ എവിടെയാണെന്ന് അന്വേഷിച്ച തന്നോട് എവിടെയാണെന്ന് അറിയില്ലെന്നും അവള്‍ എന്നെ വിട്ടു പോയി എന്നു മാത്രമാണ് പറഞ്ഞത് ' വികാസ് വാര്‍ത്താ സമ്മേളനത്തില്‍ കൂട്ടിച്ചേര്‍ത്തു. മകള്‍ക്ക് നീതി ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും വികാസ്.
അതേസമയം പ്രതി അഫ്താബ് പൂനാവാലയുടെ കസ്റ്റഡി ഡല്‍ഹി കോടതി വീണ്ടും നീട്ടി. 14 ദിവസത്തേക്കാണ് നീട്ടിയത്. നവംബര്‍ 26 നാണ് ഇയാളെ 13 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്. ജീവന് ഭീഷണിയുള്ളതിനാല്‍ കര്‍ശന നിരീക്ഷണത്തിലാണ് അഫ്താബ് പൂനവാല ഉള്ളത്.