ശ്യാം ശരണ്‍ നേഗി
ശ്യാം ശരണ്‍ നേഗി

ഇന്ത്യയിലെ ആദ്യ വോട്ടര്‍; ശ്യാം ശരണ്‍ നേഗി അന്തരിച്ചു, വിട പറയുന്നത് അവസാന വോട്ട് രേഖപ്പെടുത്തിയതിന് പിന്നാലെ

1951 ക്ടോബര്‍ 25-ന് സ്വതന്ത്ര ഇന്ത്യയില്‍ ആദ്യമായി നടത്തിയ പൊതുതെരഞ്ഞെടുപ്പില്‍ ആദ്യമായി വോട്ട് രേഖപ്പെടുത്തിയത് നേഗിയായിരുന്നു.
Updated on
1 min read

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ വോട്ടര്‍ ശ്യാം ശരണ്‍ നേഗി (106) അന്തരിച്ചു. സ്വന്തം നാടായ ഹിമാചല്‍പ്രദേശിലെ കിന്നൗറിലാണ് അന്ത്യം. 1947-ല്‍ ബ്രിട്ടീഷ് ഭരണം അവസാനിച്ചതിന് ശേഷം 1951 ല്‍ സ്വതന്ത്ര ഇന്ത്യയില്‍ നടന്ന പൊതുതിരഞ്ഞെടുപ്പില്‍ ആദ്യമായി വോട്ട് രേഖപ്പെടുത്തിയത് നേഗിയായിരുന്നു. പിന്നീട് 34 തവണ അദ്ദേഹം വിവിധ തിരഞ്ഞെടുപ്പുകളില്‍ വോട്ട് രേഖപ്പെടുത്തി.

നവംബര്‍ 12 ന് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കഴിഞ്ഞ ദിവസം തന്റെ അവസാന വോട്ടും രേഖപ്പെടുത്തിയാണ് നേഗി വിടപറയുന്നത്. പോസ്റ്റല്‍ വോട്ടിലൂടെ നവംബര്‍ ഒന്നിനായിരുന്നു നേഗി അവസാന വോട്ട് രേഖപ്പെടുത്തിയത്. 1917 ജൂലൈ ഒന്നിനാണ് ശ്യാം ശരണ്‍ നേഗിയുടെ ജനനം.

ശ്യാം ശരണ്‍ നേഗി ഇന്ത്യയിലെ ആദ്യ വോട്ടറായതെങ്ങനെ

ഇന്ത്യയിലെ ആദ്യ പൊതു തിരഞ്ഞെടുപ്പിന്റെ ഭൂരിഭാഗം വോട്ടെടുപ്പുകളും നടന്നത് 1952 ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലായിരുന്നു. ഹിമാചലില്‍ ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ കാലാവസ്ഥ പ്രതികൂലമാകുമെന്നതിനാല്‍ അഞ്ച് മാസം മുമ്പ് വോട്ടെടുപ്പ് നടത്തുകയായിരുന്നു. 1951 ഒക്ടോബര്‍ 25 ന് നടന്ന വോട്ടെടുപ്പില്‍ കല്‍പ്പ ബൂത്തിലെ പോളിംഗ് ഓഫീസര്‍ ആയിരുന്നു ശ്യാം നേഗി. ഡ്യൂട്ടിയില്‍ ആയിരുന്നതിനാല്‍ തന്റെ വോട്ട് ആദ്യം രേഖപ്പെടുത്തിയ നേഗി അങ്ങനെ ഇന്ത്യയുടെ ആദ്യവോട്ടര്‍ എന്ന സ്ഥാനം കരസ്ഥമാക്കി. ഹിമാചല്‍പ്രദേശിലെ കല്‍പ്പയിലെ സ്‌കൂളില്‍ അധ്യാപകനായിരുന്നു അക്കാലത്ത് അദ്ദേഹം.

രാജ്യത്തെ ആദ്യ ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി കല്‍പയിലെ ബൂത്തില്‍ വോട്ട് ചെയ്തുകൊണ്ടാണ് അദ്ദേഹം ചരിത്രത്തില്‍ ഇടം നേടിയത്. അന്ന് ചിനി ലോക്‌സഭ മണ്ഡലത്തിലെ ആദ്യ വോട്ടറായിരുന്നു അദ്ദേഹം. പിന്നീടാണ് ചിനി മണ്ഡലം കിന്നൗര്‍ എന്ന് പുനര്‍ നാമകരണം ചെയതത്.

പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയായിരിക്കും ശ്യാം ശരണ്‍ നേഗിയുടെ സംസ്‌കാര ചടങ്ങുകള്‍

സിനിമയിലും ശ്യാം ശരണ്‍ നേഗി മികവ് തെളിയിച്ചിട്ടുണ്ട്. ഹിന്ദി ചിത്രമായ സനം രേയിലും ശ്യാം ശരണ്‍ നേഗി ഒരു പ്രധാന വേഷം ചെയ്തിട്ടുണ്ട്.

പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയായിരിക്കും ശ്യാം ശരണ്‍ നേഗിയുടെ സംസ്‌കാര ചടങ്ങുകള്‍. ഇതിനുള്ള ക്രമീകരണം ജില്ലാ ഭരണകൂടം നടത്തുകയാണെന്നും ജില്ലാ കലക്ടര്‍ ആബിദ് ഹുസൈന്‍ അറിയിച്ചു.

logo
The Fourth
www.thefourthnews.in