സിദ്ധരാമയ്യ മുഖ്യമന്ത്രി, ശിവകുമാര്‍ ഉപമുഖ്യമന്ത്രി; പ്രഖ്യാപിച്ച് ഹൈക്കമാന്‍ഡ്, സത്യപ്രതിജ്ഞ ശനിയാഴ്ച 12.30 ന്
കര്‍ണാടക മുഖ്യമന്ത്രിയായി എസ് സിദ്ധരാമയ്യയെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്. ഡല്‍ഹി എഐസിസി ആസ്ഥാനത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു ഔദ്യോഗിക പ്രഖ്യാപനം. കര്‍ണാടക പിസിസി അധ്യക്ഷന്‍ ഡികെ ശിവകുമാര്‍ ഏക ഉപമുഖ്യമന്ത്രിയാകും. ശനിയാഴ്ച 12.30നാണ് സത്യപ്രതിജ്ഞാ ചടങ്ങ്. സിദ്ധരാമയ്യ, ഡി കെ ശിവകുമാര്‍ ഉള്‍പ്പെടെ കുറച്ച് പേര്‍മാത്രമാകും ശനിയാഴ്ചയിലെ ചടങ്ങില്‍ സത്യപ്രതിജ്ഞ ചെയ്യുക. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിമാരായ കെസി വേണുഗോപാല്‍, രണ്‍ദീപ് സിങ് സുര്‍ജേവാല എന്നിവരാണ് ഹൈക്കമാന്‍ഡ് തീരുമാനം പ്രഖ്യാപിച്ചത്.
മുഖ്യമന്ത്രി സ്ഥാനത്തിനായി കര്‍ണാടക പിസിസി അധ്യക്ഷന്‍ കൂടിയായ ഡി കെ ശിവകുമാര്‍ കൂടി അവകാശവാദം ഉന്നയിച്ചതോടെയാണ് തീരുമാനങ്ങള്‍ മാരത്തോണ്‍ ചര്‍ച്ചകളിലേക്ക് നീണ്ടത്.
ഇത് രണ്ടാം തവണയാണ് സിദ്ധരാമയ്യ കര്‍ണാടക മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തുന്നത്. 2013 മെയ് 13 മുതല്‍ 2018 മെയ് 17 വരെ ആയിരുന്നു സിദ്ധരാമയ്യയുടെ ആദ്യ ഭരണകാലം. കര്‍ണാടക നിയമസഭയിലെ പ്രതിപക്ഷ നേതാവ്, കര്‍ണാടക ഉപമുഖ്യമന്ത്രി എന്നിങ്ങനെയുള്ള പദവികളും കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി അംഗം കൂടിയായ സിദ്ധരാമയ്യ വഹിച്ചിട്ടുണ്ട്.
1983 ലാണ് അഭിഭാഷകനില്‍ നിന്നും രാഷ്ട്രീയക്കാരനിലേക്കുള്ള സിദ്ധരാമയ്യയുടെ മാറ്റം തുടങ്ങുന്നത്. പിന്നീട് ന്യൂനപക്ഷങ്ങള്‍, ദളിതര്‍, മറ്റ് പിന്നാക്കവിഭാഗങ്ങള്‍ എന്നിവരെ ഒപ്പം നിര്‍ത്തിക്കൊണ്ട് കര്‍ണാടകയില്‍ 'അഹിന്ദ' രാഷ്ട്രീയത്തിന്റെ ശക്തനായ വക്താവായി മാറി സിദ്ധരാമയ്യ. ഭാരതീയ ലോക്ദള്‍ പാര്‍ട്ടിയുടെ ടിക്കറ്റില്‍ ആദ്യമായി തിരഞ്ഞെടുപ്പ് ഗോദയിലെത്തി. മൈസൂര്‍ ജില്ലയിലെ ചാമുണ്ഡേശ്വരി മണ്ഡലത്തില്‍നിന്നായിരുന്നു നിയമസഭയിലേക്കുള്ള ആദ്യ ജയം.