നൂതന കുമാരിക്ക് ജോലി നഷ്ടപ്പെടില്ല; കൊല്ലപ്പെട്ട ബിജെപി പ്രവർത്തകന്റെ ഭാര്യയുടെ  നിയമനം പരിഗണിക്കുമെന്ന്  സിദ്ധരാമയ്യ

നൂതന കുമാരിക്ക് ജോലി നഷ്ടപ്പെടില്ല; കൊല്ലപ്പെട്ട ബിജെപി പ്രവർത്തകന്റെ ഭാര്യയുടെ നിയമനം പരിഗണിക്കുമെന്ന് സിദ്ധരാമയ്യ

കർണാടകയിൽ പുതിയ സർക്കാർ അധികാരമേറ്റപ്പോൾ ബൊമ്മെ സർക്കാരിന്റെ കാലത്തെ താത്കാലിക നിയമനങ്ങൾ റദ്ദാവുകയായിരുന്നു
Updated on
1 min read

കൊല്ലപ്പെട്ട യുവമോർച്ച പ്രവർത്തകൻ പ്രവീൺ നെട്ടാരുവിന്റെ ഭാര്യ നൂതന കുമാരിയെ സർക്കാർ സർവീസിൽ താത്കാലിക ജോലിയിൽ തുടരാൻ അനുവദിക്കുന്ന കാര്യം പരിഗണിക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. ഭരണ മാറ്റം ഉണ്ടായതോടെ ബസവരാജ്‌ ബൊമ്മെ സർക്കാർ നൽകിയ താത്കാലിക നിയമനം റദ്ദായ സാഹചര്യത്തിലാണ് സിദ്ധരാമയ്യയുടെ ഇടപെടൽ.

പ്രവീൺ  നെട്ടാരുവും നൂതന കുമാരിയും
പ്രവീൺ നെട്ടാരുവും നൂതന കുമാരിയും

നെട്ടാരുവിന്റെ ഭാര്യയെ സർക്കാർ ജോലിയിൽ നിന്ന് പിരിച്ചു വിട്ടെന്ന വാർത്ത സിദ്ധരാമയ്യ നിഷേധിച്ചു. കഴിഞ്ഞ സർക്കാരിന്റെ കാലത്തെ താത്കാലിക നിയമനങ്ങളെല്ലാം പുതിയ സർക്കാർ അധികാരമേറ്റപ്പോൾ തനിയെ റദ്ദായതാണ്. 150 ഓളം താത്കാലിക നിയമനങ്ങൾ ഇത്തരത്തിൽ റദ്ദായിട്ടുണ്ട്.

ചില പ്രത്യേക സാഹചര്യങ്ങളിൽ സർക്കാരിന്റെ വിവേചനാധികാരം ഉപയോഗിച്ചാണ് ഇത്തരം താത്കാലിക നിയമനങ്ങൾ നടക്കുന്നത്. തുടർന്ന് വരുന്ന സർക്കാരുകൾക്ക് നിയമനങ്ങൾ തുടരാൻ ബാധ്യതയില്ല. നൂതന കുമാരിയുടെ കാര്യം പ്രത്യേക കേസായി പരിഗണിച്ച് നിയമനം തുടരാനാകുമോ എന്ന് സർക്കാർ പരിശോധിക്കുമെന്നും സിദ്ധരാമയ്യ ട്വീറ്റ് ചെയ്തു.

കഴിഞ്ഞ വർഷം ജൂലൈ മാസത്തിലായിരുന്നു യുവമോർച്ച പ്രവർത്തകൻ പ്രവീൺ നെട്ടാരു സുള്ളിയയിൽ കൊലചെയ്യപ്പെട്ടത്. എൻഐഎ ഏറ്റെടുത്തു അന്വേഷിച്ച കേസിൽ കർണാടകയിലെ പോപ്പുലർ ഫ്രണ്ടിന്റെ പ്രമുഖ നേതാവടക്കം 21 പ്രതികളാണുള്ളത്. രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരിൽ പോപ്പുലർ ഫ്രണ്ട് ആസൂത്രണം ചെയ്തു നടപ്പിലാക്കിയ കൊലപാതകമാണ് നെട്ടാരുവിന്റേതെന്ന് എൻഐഎ കണ്ടെത്തിയിരുന്നു

പ്രവീണിന്റെ മരണത്തിന് ശേഷം അന്നത്തെ മുഖ്യമന്ത്രി ബസവരാജ്‌ ബൊമ്മെയായിരുന്നു ഭാര്യ നൂതന കുമാരിക്ക് തന്റെ ഓഫിസിൽ ക്ലാസ്സ് സി ജീവനക്കാരിയായി താത്കാലിക നിയമനം നൽകിയത്. നൂതന കുമാരി അഭ്യർത്ഥിച്ചതനുസരിച്ച് മംഗളൂരുവിലെ ജില്ലാ കളക്ട്രേറ്റിലേക്ക് പിന്നീട് സ്ഥലം മാറ്റം നൽകുകയായിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു ജോലിയിൽ നിന്ന് മാറി നിൽക്കണമെന്നാവശ്യപ്പെട്ടുള്ള സർക്കാർ ഉത്തരവ് ഇവർക്ക് ലഭിച്ചത്.

logo
The Fourth
www.thefourthnews.in