സിദ്ദീഖ് കാപ്പന്‍
സിദ്ദീഖ് കാപ്പന്‍

സിദ്ദീഖ് കാപ്പന് ഇന്നും ജാമ്യമില്ല; ഹര്‍ജി സെപ്റ്റംബര്‍ 9ന് തീര്‍പ്പാക്കാമെന്ന് സുപ്രീം കോടതി

പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമുള്ള ഒരു മാധ്യമസ്ഥാപനത്തില്‍ ജോലി ചെയ്തിരുന്നെന്നും ഇപ്പോള്‍ അതിന്റെ ഭാഗമല്ലെന്നും സിദ്ദീഖ് കാപ്പന്‍
Updated on
1 min read

യുപി പോലീസ് അറസ്റ്റ് ചെയ്ത മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന് ഇന്നും ജാമ്യമില്ല. ജാമ്യ ഹര്‍ജി സെപ്റ്റംബര്‍ 9ന് തീര്‍പ്പാക്കാമെന്ന് ചീഫ് ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് വ്യക്തമാക്കി.

2020 ഒക്ടോബര്‍ ആറുമുതല്‍ സിദ്ദീഖ് കാപ്പന്‍ ജയിലിലാണെന്ന് കാപ്പന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ കോടതിയെ അറിയിച്ചു. ഹാഥ്റസിലേക്ക് പോയത് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാനായാണ്. പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമുള്ള ഒരു മാധ്യമസ്ഥാപനത്തില്‍ സിദ്ദീഖ് കാപ്പന്‍ ജോലി ചെയ്തിരുന്നെന്നും ഇപ്പോള്‍ അതിന്റെ ഭാഗമല്ലെന്നും കോടതിയെ അറിയിച്ചു.

തീവ്രവാദ പ്രവർത്തനങ്ങൾക്ക് പോപ്പുലര്‍ ഫ്രണ്ട് 45,000 രൂപ നൽകിയെന്നതാണ് സിദ്ദീഖ് കാപ്പനെതിരായ ആരോപണത്തിന്റെ അടിസ്ഥാനം. ഇത് വെറും തെളിവില്ലാത്ത ആരോപണമാണെന്ന് കപില്‍ സിബല്‍ പറഞ്ഞു. പോപ്പുലര്‍ ഫ്രണ്ട് ഒരു തീവ്രവാദ സംഘടനയല്ല, സര്‍ക്കാര്‍ അതിനെ നിരോധിച്ചിട്ടില്ലെന്നും സിബല്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി.

ഹര്‍ജിയെ എതിർത്ത ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ കേസിൽ എട്ട് പ്രതികളുണ്ടെന്നും അവരിൽ ചിലർ ഡൽഹി കലാപക്കേസിലെ പ്രതികളാണെന്നും സുപ്രീംകോടതിയെ അറിയിച്ചു. ഇതോടെ എതിര്‍ സത്യവാങ്മൂലത്തിലൂടെ വിശദാംശങ്ങള്‍ അറിയിക്കാന്‍ യുപി അഡീഷണല്‍ അഡ്വക്കറ്റ് ജനറലിനോട് സുപ്രീംകോടതി നിര്‍ദേശിച്ചു.

ഓഗസ്റ്റ് രണ്ടിന് അലഹബാദ് ഹൈക്കോടതിയുടെ ലഖ്‌നൗ ബെഞ്ച് കാപ്പന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. ഇതേ തുടർന്നാണ് സുപ്രീംകോടതിയെ സമീപിച്ചത്. കാപ്പനെതിരായ ആരോപണങ്ങള്‍ പ്രഥമദൃഷ്ട്യാ ശരിയാണെന്ന് വിശ്വസിക്കാനാകുന്ന കാരണങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് അലഹബാദ് ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയത്.

2020 ഒക്ടോബർ അഞ്ചിനാണ് ഹാഥ്റസ് ബലാത്സംഗ-കൊലപാതകം റിപ്പോർട്ട് ചെയ്യാൻ പോകുന്നതിനിടെ സിദ്ദീഖ് കാപ്പനെയും മറ്റ് മൂന്ന് പേരെയും ഉത്തർപ്രദേശ് പോലീസ് അറസ്റ്റ് ചെയ്തത്. സമാധാനാന്തരീക്ഷം തകർക്കാൻ ശ്രമിച്ചുവെന്ന് ആരോപിച്ചായിരുന്നു അറസ്റ്റ്. പിന്നീട് ഹാഥ്റസ് കേസിന്റെ പശ്ചാത്തലത്തിൽ കാപ്പനും സഹയാത്രികരും വർഗീയ കലാപം ഉണ്ടാക്കാനും സാമൂഹിക സൗഹാർദ്ദം തകർക്കാനും ശ്രമിച്ചുവെന്നാരോപിച്ച് യുഎപിഎ പ്രകാരം കേസെടുത്ത് ജയിലിലാക്കുകയായിരുന്നു.

logo
The Fourth
www.thefourthnews.in