കാപ്പന് പോപുലര്‍ ഫ്രണ്ട് പോലെ  തീവ്രവാദ സംഘടനകള്‍ക്ക് ഫണ്ട് നല്‍കുന്നവരുമായി ബന്ധം; യുപി സര്‍ക്കാര്‍ സുപ്രീംകോടതിയില്‍

കാപ്പന് പോപുലര്‍ ഫ്രണ്ട് പോലെ തീവ്രവാദ സംഘടനകള്‍ക്ക് ഫണ്ട് നല്‍കുന്നവരുമായി ബന്ധം; യുപി സര്‍ക്കാര്‍ സുപ്രീംകോടതിയില്‍

കീഴ്‌ക്കോടതിയില്‍ കാപ്പന്‍ സമര്‍പ്പിച്ച ജാമ്യ ഹര്‍ജികള്‍ വൈരുദ്ധ്യവും അസത്യങ്ങളും നിറഞ്ഞതെന്നും യുപി സര്‍ക്കാര്‍
Updated on
2 min read

ഹാഥ്റസ് ഗൂഢാലോചന കേസില്‍ തടവില്‍ കഴിയുന്ന മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന് തീവ്രവാദ സംഘടനകള്‍ക്ക് ഫണ്ട് നല്‍കുന്നവരുമായി ആഴത്തിലുള്ള ബന്ധമുണ്ടെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ, അവരുടെ വിദ്യാര്‍ത്ഥി സംഘടന ക്യാമ്പസ് ഫ്രണ്ട് എന്നിവയുമായി കാപ്പന് അടുത്ത ബന്ധമാണുള്ളത്. ഈ സംഘടനകള്‍ക്ക് അല്‍ഖ്വയ്ദ ബന്ധമുള്ള തുര്‍ക്കിയിലെ ഐഎച്ച്എച്ച് എന്ന തീവ്രവാദ ഗ്രൂപ്പുമായി ബന്ധമുണ്ടെന്നാണ് യുപി സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നത്. സിദ്ദീഖ് കാപ്പന് ജാമ്യം അനുവദിക്കുന്നതിനെതിരെ സുപ്രീംകോടതിയില്‍ നല്‍കിയ എതിര്‍ സത്യവാങ്മൂലത്തിലാണ് ആരോപണം.

കീഴ്‌ക്കോടതിയില്‍ സിദ്ദീഖ് കാപ്പന്‍ സമര്‍പ്പിച്ച ജാമ്യ ഹര്‍ജികള്‍ വൈരുദ്ധ്യവും അസത്യങ്ങളും നിറഞ്ഞതാണെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നു. കീഴ്‌ക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ പോപുലര്‍ ഫ്രണ്ടുമായുള്ള ബന്ധം കാപ്പന്‍ നിഷേധിക്കുകയാണ് ചെയ്തിരിക്കുന്നത്. എന്നാല്‍ 2009 മുതല്‍ കാപ്പന്‍ പോപുലര്‍ ഫ്രണ്ടിന്‌റെ മുഖപത്രമായ തേജസില്‍ ജോലി ചെയ്യുകയാണെന്ന് യുപി സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു. അറസ്റ്റ് ചെയ്തപ്പോള്‍ നാല് ഐഡി കാര്‍ഡുകള്‍ കാപ്പനില്‍ നിന്ന് പിടിച്ചെടുത്തു. ഇതില്‍ രണ്ടെണ്ണം തേജസ് പത്രത്തിന്‌റേതായിരുന്നു. ഹാഥ്റസിലെ പെണ്‍കുട്ടിയുടെ കുടുംബത്തെ കാണാനും ഭീകരത സൃഷ്ടിക്കാനും ശ്രമിച്ച പോപുലര്‍ ഫ്രണ്ട് പ്രതിനിധി സംഘത്തിന്‌റെ ഭാഗമായിരുന്നു കാപ്പനെന്ന ഗുരുതര ആരോപണവും സത്യവാങ്മൂലത്തിലുണ്ട്. യാത്രയ്ക്കുള്ള പണം കാപ്പന് നല്‍കിയത് ക്യാമ്പസ് ഫ്രണ്ടിന്‌റെ ഫണ്ട് കൈകാര്യം ചെയ്യുന്ന റൗഫ് ഷരീഫാണെന്നും യുപി സര്‍ക്കാര്‍ വ്യക്തമാക്കുന്നു.

കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ലെങ്കിലും തീവ്രവാദ സംഘങ്ങളെ കുറിച്ചുള്ള അന്വേഷണം തുടരുകയാണെന്നാണ് യുപി സര്‍ക്കാര്‍ വിശദീകരിക്കുന്നത്. കാപ്പന്‍ സഞ്ചരിച്ചിരുന്ന കാറില്‍ നിന്ന് മൂന്ന് സെറ്റ് ലഘുലേഖകള്‍ പിടിച്ചെടുത്തു. കലാപാഹ്വാനം നല്‍കുന്ന ലഘുലേഖകളായിരുന്നു ഇവ. മുന്‍പ് കലാപങ്ങളില്‍ പ്രതികളായവര്‍ക്കൊപ്പമാണ് അറസ്റ്റിലാകുമ്പോള്‍ സഞ്ചരിച്ചിരുന്നതെന്ന വസ്തുത സിദ്ദീഖ് കാപ്പന്‍ മറച്ചുവെച്ചെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നു. മുസഫര്‍ നഗര്‍ കലാപത്തിലുള്‍പ്പെടെ പ്രതികളായിരുന്നവര്‍ക്കൊപ്പമാണ് യാത്ര ചെയ്തിരുന്നത്. മാധ്യമപ്രവര്‍ത്തകനാണെങ്കില്‍ കലാപ കേസിലെ പ്രതികള്‍ക്കൊപ്പം യാത്ര ചെയ്തത് എന്തിനാണെന്നും യുപി സര്‍ക്കാര്‍ ചോദിക്കുന്നു. ഹാഥ്റസ് യാത്രയ്ക്ക് തൊട്ടുമുന്‍പായി അക്കൗണ്ടിലേക്ക് വന്ന 45,000 രൂപയുടെ സ്രോതസിനെ കുറിച്ച് കാപ്പന് വിശദീകരിക്കാനായിട്ടില്ലെന്നും ആരോപണമുണ്ട്.

ഈ കേസില്‍ പ്രതികളായവര്‍ക്ക് നിയമത്തിന്‌റെ പഴുതുകള്‍ ഉപയോഗപ്പെടുത്തുന്നത് എങ്ങനെയാണെന്നറിയാം. കാപ്പനൊപ്പം കേസില്‍‌ പ്രതിയായ ഡാനിഷ് കോടതിയില്‍ ഹാജരാകാത്തതിനെ ചൂണ്ടിക്കാട്ടിയാണ് സത്യവാങ്മൂലത്തിലെ പരാമര്‍ശം. കുറ്റകൃത്യം ആരോപിക്കുന്ന രേഖകള്‍ കാപ്പനില്‍ നിന്ന് കണ്ടെടുത്തതിനാലാണ് ജാമ്യം നല്‍കാന്‍ ഹൈക്കോടതി തയ്യാറാകാതിരുന്നതെന്ന് പ്രത്യേകം അറിയിച്ചതായും യുപി സര്‍‌ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. സിദ്ദീഖ് കാപ്പന് ജാമ്യം നല്‍കുന്നത് കേസിലെ നിര്‍ണായക സാക്ഷിയായ മാധ്യമപ്രവര്‍ത്തകന്‍ വി വി ബിനുവിന് ഭീഷണിയാകുമെന്നും സത്യവാങ്മൂലത്തിലുണ്ട്.

ഓഗസ്റ്റ് 29ന് കാപ്പന്‌റെ ജാമ്യഹര്‍ജി പരിഗണിച്ച ചീഫ് ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ ബെഞ്ച് കേസ് സെപ്റ്റംബര്‍ 9ന് തീര്‍പ്പാക്കുമെന്ന് അറിയിച്ചിരുന്നു.

തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് പോപുലര്‍ ഫ്രണ്ട് 45,000 രൂപ നല്‍കിയെന്ന യുപി സര്‍ക്കാരിന്റെ ആരോപണം കാപ്പന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ തള്ളിയിരുന്നു. തെളിവില്ലാത്ത ആരോപണമാണെന്നും പോപുലര്‍ ഫ്രണ്ട് ഒരു തീവ്രവാദ സംഘടനയല്ല, സര്‍ക്കാര്‍ അതിനെ നിരോധിച്ചിട്ടില്ലെന്നും സിബല്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി.

ഹര്‍ജിയെ എതിർത്ത ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ കേസിൽ എട്ട് പ്രതികളുണ്ടെന്നും അവരിൽ ചിലർ ഡൽഹി കലാപക്കേസിലെ പ്രതികളാണെന്നും സുപ്രീംകോടതിയെ അറിയിച്ചു. ഇതോടെയാണ് എതിര്‍ സത്യവാങ്മൂലത്തിലൂടെ വിശദാംശങ്ങള്‍ അറിയിക്കാന്‍ യുപി അഡീഷണല്‍ അഡ്വക്കറ്റ് ജനറലിനോട് സുപ്രീംകോടതി നിര്‍ദേശിച്ചത്.

logo
The Fourth
www.thefourthnews.in