ഹാഥ്റസ് മുതൽ ജയിൽ മോചനം വരെ; സിദ്ദീഖ് കാപ്പന്റെ 28 മാസങ്ങൾ
രണ്ടര വര്‍ഷം, ജയില്‍ വിചാരണ പോലുമില്ലാത്ത ജയില്‍ വാസം. മലയാളി മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന് ഒടുവില്‍ ജയില്‍ മോചനം. ഉത്തര്‍ പ്രദേശിലെ ഹാഥ്‌റസില്‍ ദളിത് പെണ്‍കുട്ടി കൂട്ട ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെ രാജ്യവ്യാപകമായി പ്രതിഷേധങ്ങള്‍ ഉയരുന്നതിനിടെ ആണ് സിദ്ദീഖ് കാപ്പനെ യുപി പോലീസ് മഥുരയിൽ നിന്ന് കസ്റ്റഡിയില്‍ എടുക്കുന്നത്.
ഉത്തര്‍ പ്രദേശിലെ മഥുരയില്‍ വെച്ച് 2020 ഒക്ടോബര്‍ അഞ്ചിനാണ് കാപ്പന്‍ അറസ്റ്റിലാകുന്നത്. കാപ്പനടക്കം ഹാഥ്‌റസിലേക്ക് പോയവര്‍ നിലവില്‍ നിരോധിത സംഘടനയായ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയിലെ അംഗങ്ങളാണെന്നും പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡല്‍ഹിയില്‍ നടന്ന പ്രതിഷേധത്തില്‍ പങ്കെടുത്തിട്ടുണ്ടെന്നും ആരോപിച്ചായിരുന്നു കേസ്. കാപ്പനൊപ്പം പിഎഫ്ഐ അംഗങ്ങളായ അതികുര്‍ റഹ്‌മാന്‍, മസൂദ് അഹമ്മദ്, ഡ്രൈവര്‍ ആലം എന്നിവരുടെ മേല്‍ യുഎപിഎയും രാജ്യദ്രോഹക്കുറ്റവും ചുമത്തുകയായിരുന്നു. കള്ളപ്പണ നിരോധന നിയമ പ്രകാരവും കാപ്പനെതിരെ കേസെടുത്തിരുന്നു. കാപ്പന്റെ അക്കൗണ്ടിലേക്ക് എത്തിയ 45,000 രൂപയുടെ പേരിലായിരുന്നു ഇഡി കേസ്. ഹാഥ്റസില്‍ കലാപം സൃഷ്ടിക്കാനായാണ് കാപ്പന്‍ ഈ പണം സ്വീകരിച്ചത് എന്നായിരുന്നു ഇഡിയുടെ ആരോപണം. ഹാഥ്റസില്‍ കലാപം സൃഷ്ടിക്കുക ലക്ഷ്യമിട്ട് നടന്ന അന്താരാഷ്ട്ര ഗൂഢാലോചനയില്‍ പങ്കാളി എന്ന ഗുരുതര ആരോപണവും യുപി പോലീസ് കാപ്പനെതിരെ ഉന്നയിച്ചു.
ഏകദേശം 5,000 പേജുകളുള്ള കുറ്റപത്രത്തിൽ കാപ്പൻ വിവിധ മാധ്യമങ്ങൾക്കായി എഴുതിയ 36 ലേഖനങ്ങളും ഉൾപ്പെടുത്തിയിരുന്നു.
ഒച്ചിഴയുന്ന വേഗമായിരുന്നു കാപ്പന് എതിരായ നടപടികളില്‍ ഉണ്ടായത്. പിടിയിലായ ആദ്യ ദിവസങ്ങളില്‍ അഭിഭാഷകരെ പോലും കാണാന്‍ അനുവദിക്കാത്ത തരത്തിലായിരുന്നു പോലീസ് ഇടപെടല്‍. ഇതിനിടെ കേരള പത്ര പ്രവര്‍ത്തക യൂണിയന്‍ സുപ്രീംകോടതിയെ സമീപിച്ചു. 2020 നവംബര്‍ 16നാണ് യൂണിയന്‍ സുപ്രീംകോടതിയെ സമീപിച്ചത്. ഇതോടെ വിഷയത്തില്‍ യുപി പോലീസിനും സര്‍ക്കാറിനും സുപ്രീംകോടതി നോട്ടീസ് അയച്ചു. വിഷയത്തില്‍ ഏഴോളം ഹേബിയസ് കോര്‍പ്പസ് ഹര്‍ജികളും സമര്‍പ്പിക്കപ്പെട്ടെങ്കിലും കാപ്പന്റെ മോചനം മാത്രം സാധ്യമായില്ല.
കാപ്പന് അറസ്റ്റിലായി ആറ് മാസത്തോളം പിന്നിട്ട ശേഷമാണ് കേരളത്തില്‍ ഉള്‍പ്പെടെ പ്രതിഷേധം ശക്തമായത്. സാമൂഹിക മാധ്യമങ്ങളിലും വിഷയം വലിയ ചര്‍ച്ചയായി. ജയിലില്‍ വച്ച് കാപ്പന് കോവിഡ് ബാധിച്ചതും ആരോഗ്യ നില മോശമായതും വലിയ ചര്‍ച്ചകള്‍ക്ക് വഴിവച്ചു. 28 മാസം നീണ്ട ജയിൽ വാസത്തിനിടെ രണ്ട് തവണ മാത്രമാണ് കാപ്പൻ പുറത്തിറങ്ങിയത്. ഒരിക്കൽ അസുഖബാധിയായായ ഉമ്മയെ സന്ദർശിക്കാനും മറ്റൊരിക്കൽ കോവിഡ് ബാധിതനായപ്പോഴും.
യുപി സര്‍ക്കാരിന് മുഖ്യമന്ത്രിയുടെ കത്ത്
മഥുരയിലെ ഒരു ആശുപത്രിയിൽ, കോവിഡ് ബാധിതനായ തന്റെ ഭർത്താവിനെ പ്രവേശിപ്പിച്ചിരിക്കുകയാണ്. അവിടെ അദ്ദേഹത്തിന് ആവശ്യമായ ചികിത്സ പോലും നൽകുന്നില്ലെന്നും വിദഗ്ധ ചികിത്സ ലഭ്യമാക്കാൻ ഡൽഹിയിലേക്ക് മാറ്റണമെന്നും ആവശ്യപ്പെട്ട് 2020 ഏപ്രിൽ 24ന് കാപ്പന്റെ ഭാര്യ റൈഹാനത്ത് ചീഫ് ജസ്റ്റിസിന് അപേക്ഷ നൽകി. സാമൂഹിക മാധ്യമങ്ങളില്‍ ഉള്‍പ്പെടെ കേരളത്തിന്റെ ഇടപെടല്‍ ആവശ്യപ്പെട്ട് ചര്‍ച്ച ഉയര്‍ന്നതിന് പിന്നാലെ സർക്കാരും വിഷയത്തില്‍ ഇടപെട്ടു. ഏപ്രില്‍ 25നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്തയച്ചത്. ഇതേ ദിവസം തന്നെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്‍ വി രമണയ്ക്ക് കേരളത്തില്‍ നിന്നുള്ള 11 എംപിമാര്‍ കത്തുനല്‍കുകയും ചെയ്തു. സിദ്ദീഖ് കാപ്പന്റെ ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്നും മാനുഷിക പരിഗണന നല്‍കി തുടര്‍ ചികിത്സയ്ക്കായി അദ്ദേഹത്തെ ഡല്‍ഹി എയിംസിലേക്ക് മാറ്റണമെന്നുമായിരുന്നു ആവശ്യം.
തുടർന്ന് കാപ്പനെ ചികിത്സയ്ക്കായി എയിംസിലേക്കോ ഡൽഹി സർക്കാർ ആശുപത്രിയിലേക്കോ മാറ്റണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. സുഖം പ്രാപിച്ച ശേഷം അദ്ദേഹത്തെ മഥുര ജയിലിലേക്ക് തിരിച്ചയക്കാമെന്ന് കേരള വർക്കിംഗ് ജേണലിസ്റ്റ് യൂണിയൻ സമർപ്പിച്ച ഹർജി തീർപ്പാക്കിക്കൊണ്ട് ചീഫ് ജസ്റ്റിസ് എൻ വി രമണ അധ്യക്ഷനായ ബെഞ്ച് പറഞ്ഞു.
2021 ഫെബ്രുവരിയിലാണ് കാപ്പനെയും മറ്റ് നാല് പേരെയും ഉൾപ്പെടുത്തി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസ് ചാർജ് ചെയുന്നത്. യുഎപിഎ കേസിൽ ഏപ്രിൽ 4-ന് ഉത്തർപ്രദേശ് പോലീസിൻ്റെ സ്പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് കാപ്പനെതിരായ കുറ്റപത്രവും സമർപ്പിച്ചു. ഏകദേശം 5,000 പേജുകളുള്ള കുറ്റപത്രത്തിൽ കാപ്പൻ വിവിധ മാധ്യമങ്ങൾക്കായി എഴുതിയ 36 ലേഖനങ്ങളും ഉൾപ്പെടുത്തിയിരുന്നു.
2021 ഏപ്രിൽ 15- അസുഖബാധിതയായ ഉമ്മയെ സന്ദർശിക്കാൻ സുപ്രീംകോടതി കാപ്പന് അഞ്ച് ദിവസത്തെ ജാമ്യം നൽകി.
2021 ഏപ്രിൽ 21- കാപ്പൻ കോവിഡ് പോസിറ്റീവ് ആണെന്ന് പരിശോധനയിൽ കണ്ടെത്തി.
2021 ഏപ്രിൽ 24- കാപ്പനെ മഥുര ജയിലിൽ നിന്ന് ഡൽഹിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് റൈഹാന സിദ്ദീഖ് സുപ്രീംകോടതിയിൽ അപേക്ഷ നൽകി.
ഏപ്രിൽ 25- മുഖ്യമന്ത്രി പിണറായി വിജയനും കേരളത്തില്‍ നിന്നുള്ള 11 എംപിമാര്‍ കത്തെഴുതി
ഏപ്രിൽ 30- ഡൽഹിയിലെ ആശുപത്രിയിലേക്ക് മാറ്റി, തിരികെ മെയ് ഏഴിന് വീണ്ടും ജയിലിലേക്ക്.
2021 ജൂൺ- സമാധാനാന്തരീക്ഷം തകർക്കാൻ ശ്രമിച്ചുവെന്ന കാപ്പനെതിരായ ആരോപണം മഥുര കോടതി തള്ളി.
2021 ഡിസംബർ 13- മഥുര കോടതി കാപ്പന്റെ കേസ് ലഖ്‌നൗവിലെ ദേശീയ അന്വേഷണ ഏജൻസിയുടെ പ്രത്യേക കോടതിയിലേക്ക് മാറ്റി.
2022 സെപ്റ്റംബർ 9- സുപ്രീംകോടതി കാപ്പന് യുഎപിഎ കേസിൽ ജാമ്യം അനുവദിച്ചു. ഇ ഡി കേസ് നിലനിന്നതിനാൽ ജയിൽ മോചിതനായില്ല.
2022 ഡിസംബർ 23- അലഹബാദ് ഹൈക്കോടതി കാപ്പന് ജാമ്യം അനുവദിച്ചു.
2023 ഫെബ്രുവരി 2- കാപ്പൻ ജയിൽ മോചിതനായി.