നെഹ്റുവിന്റെ വിശ്വപ്രസിദ്ധമായ പ്രസംഗം, അടിയന്തരാവസ്ഥ പ്രഖ്യാപനം: ഒരു നൂറ്റാണ്ടിന്റെ ചരിത്രമുറങ്ങുന്ന പാർലമെന്റ് മന്ദിരം

തീവ്ര സംവാദങ്ങൾ, ചരിത്രപരമായ നിയമനിർമ്മാണങ്ങൾ, പ്രതിഷേധങ്ങൾ, പ്രശസ്തരായ നേതാക്കന്മാരുടെ വിഖ്യാതപ്രസംഗങ്ങൾ അങ്ങനെ പലതും പാർലമെന്റ് മന്ദിരത്തിന്റെ ചുവരുകളിൽ പ്രതിഫലിക്കുന്നുണ്ട്

പുതിയ പാർലമെന്റ് മന്ദിരവും ഉദ്‌ഘാടനവും ഇതിനോടകം തന്നെ രാജ്യത്തിന്റെ പല ഭാഗങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിവെച്ച് കഴിഞ്ഞു. മോദി സർക്കാരിന്റെ വാർഷികാഘോഷങ്ങളോടനുബന്ധിച്ച് മേയ് 28 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്‌ഘാടനം ചെയ്യുക. പല കാരണങ്ങൾ കൊണ്ട് പുതിയ പാർലമെന്റ് മന്ദിരം എന്ന ആശയം പ്രസ്കതമാണെങ്കിലും, രാജ്യത്തിന്റെ ചരിത്രം വെച്ച് നോക്കുമ്പോൾ പഴയ പാർലമെന്റ് മന്ദിരത്തിന്റെ പ്രാധാന്യം വളരെ വലുതാണ്. ന്യൂഡൽഹിയിൽ 2.43 ഹെക്ടർ സ്ഥലത്താണു ഈ പഴയ പാർലമെന്റ് മന്ദിരം സ്ഥിതി ചെയ്യുന്നത്.

1927 ലാണ് പാർലമെന്റ് മന്ദിരത്തിന്റെ പണി പൂർത്തികരിക്കുന്നത്. ഒരു നൂറ്റാണ്ടോളം നീണ്ട ഇന്ത്യൻ ചരിത്രത്തിലെ പല സുപ്രധാന സംഭവങ്ങൾക്കും ഈ മന്ദിരം സാക്ഷിയായിട്ടുണ്ട്. സ്വയം ഭരണത്തിലേക്കുള്ള പ്രാരംഭ ചുവടുകൾ മുതൽ സ്വാതന്ത്ര്യം വരെയും , പിന്നീടങ്ങോട്ടുമുള്ള രാഷ്ട്രത്തിന്റെ രൂപപ്പെടലുകൾ ഈ കെട്ടിടത്തിന്റെ സാന്നിധ്യത്തിലായിരുന്നു. തീവ്ര സംവാദങ്ങളും, ചരിത്രപരമായ നിയമനിർമ്മാണങ്ങളും, പ്രതിഷേധങ്ങൾ ആളിക്കത്തുന്ന മുദ്രാവാക്യങ്ങളും , പ്രശസ്തരായ നേതാക്കന്മാരുടെ വിഖ്യാദപ്രസംഗങ്ങളും ഉൾപ്പടെ പലതും പഴയ പാർലമെന്റ് മന്ദിരത്തിന്റെ ചുവരുകളിൽ പ്രതിഫലിക്കുന്നുണ്ട്.

നിർമ്മാണം

ബ്രിട്ടീഷ് ആർക്കിടെക്റ്റുകളായ സർ എഡ്വിൻ ലുട്ട്യൻസും, സർ ഹെർബർട്ട് ബേക്കറും ചേർന്നാണ് 1912-1913 ൽ ബ്രിട്ടീഷ് ഇന്ത്യയ്ക്കായി ഒരു പുതിയ ഭരണ തലസ്ഥാന നഗരം നിർമ്മിക്കാനുള്ള ഉത്തരവിന്റെ ഭാഗമായി ഇത് രൂപകൽപ്പന ചെയ്തത്. 1921 ൽ കൊണാട്ട് പ്രഭുവായ ആർതർ രാജകുമാരൻ തറക്കല്ലിട്ടാണ് മന്ദിരത്തിന്റെ പണി തുടങ്ങുന്നത്. 1927 ൽ ഇത് പൂർത്തീകരിച്ചു. പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങ് 1927 ജനുവരി 18 ന് ഇന്ത്യൻ വൈസ്രോയി പ്രഭു ഇർവിൻ പ്രഭു നിർവഹിച്ചു. കേന്ദ്ര നിയമസഭയുടെ മൂന്നാമത്തെ സെഷൻ 1927 ജനുവരി 19 ന് ഈ മന്ദിരത്തിൽ വെച്ച് നടന്നു. പണ്ഡിറ്റ് മദൻ മോഹൻ മാളവ്യ, മുഹമ്മദ് അലി ജിന്ന, പണ്ഡിറ്റ് മോത്തിലാൽ നെഹ്‌റു, ലാലാ ലജ്പത് റായ്, സി.എസ്. രംഗ അയ്യർ, മധേയോ ശ്രീഹരി ആനി, വിത്തൽഭായ് പട്ടേൽ തുടങ്ങി നിരവധി പ്രമുഖർ ഉൾപ്പെട്ടതായിരുന്നു ഈ മൂന്നാമത്തെ നിയമസഭ. 1956-ൽ നിലവിലുള്ള പാർലമെന്റ് മന്ദിരത്തോട് രണ്ട് നിലകൾ കൂട്ടിച്ചേർക്കപ്പെട്ടു.

സുപ്രധാന സംഭവങ്ങൾ

ഇന്ത്യൻ ചരിത്രത്തിലെ ഏറ്റവും പ്രാധാന്യമർഹിക്കുന്ന സംഭവം പാർലമെന്റ് മന്ദിരത്തിൽ അരങ്ങേറുന്നത് 1947 ഓഗസ്റ്റ് 14 നാണ്. അന്നാണ് ഇന്ത്യൻ ഭരണഘടന നിർമ്മാണ സമിതി ഇന്ത്യയുടെ ഭരണം ബ്രിട്ടീഷുകാരിൽ നിന്ന് ഏറ്റെടുത്തതായി പ്രഖ്യാപിച്ചത്. രാത്രി 11 മണിക്ക് രാഷ്ട്രപതി ഡോ. രാജേന്ദ്രപ്രസാദിന്റെ നേതൃത്വത്തിൽ ഭരണഘടനാ നിർമ്മാണ സഭ ചേർന്നു. തുടർന്നാണ് ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്രുവിന്റെ വിശ്വപ്രസിദ്ധമായ 'ട്രൈസ്റ്റ് വിത്ത് ഡെസ്റ്റിനി' ( വിധിയുമായുള്ള കൂടിക്കാഴ്ച) എന്ന പ്രസംഗം. രാജ്യത്തിൻറെ അഭിലാഷങ്ങളും പ്രസംഗങ്ങളും പ്രതിധ്വനിക്കുന്ന ഈ പ്രസംഗം ഇരുപതാം നൂറ്റാണ്ടിലെ തന്നെ മഹത്തായ പ്രഭാഷണങ്ങളിൽ ഒന്നായാണ് രേഖപ്പെടുത്തിയത്. ത്രിവര്‍ണ പതാക ഇന്ത്യയുടെ ദേശീയപതാക എന്ന പദവിയോടെ ആദ്യമായി പാറിപ്പറന്നതും ഈ പാര്‍ലമെന്‍റ് മന്ദിരത്തിന് മുകളിലാണ്.

1948 ഫെബ്രുവരി 2-ന് ലോക്‌സഭയുടെ ഒരു സമ്മേളനത്തിൽ സ്പീക്കർ ജി.വി.മാവ്‌ലങ്ക മഹാത്മാഗാന്ധിയുടെ മരണവാർത്ത പ്രഖ്യാപിച്ചു. അടിമത്തത്തിൽ നിന്ന് സ്വാതന്ത്ര്യത്തിലേക്ക് നമ്മെ നയിച്ച ഈ യുഗത്തിലെ ഏറ്റവും വലിയ മനുഷ്യന്റെ വിയോഗത്തിന്റെയും രാജ്യത്ത് നടക്കുന്ന അക്രമങ്ങളുടെയും ഇരട്ട ദുഖത്തിന്റെ നിഴലിലാണ് ഇന്ന് നമ്മൾ കണ്ടുമുട്ടുന്നതെന്നാണ് അദ്ദേഹം തന്റെ പ്രസംഗത്തിൽ പറഞ്ഞത്.

1971 ലെ ഇന്ത്യ-പാക് യുദ്ധത്തിലെ വിജയം പാർലമെൻറിൽ വലിയ രീതിയിലാണ് ആഘോഷിച്ചത്. അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി പടിഞ്ഞാറൻ പാകിസ്ഥാൻ സേന ബംഗ്ലാദേശിൽ നിരുപാധികം കീഴടങ്ങിയതായി പ്രഖ്യാപിച്ചപ്പോൾ ലോക്സഭയിൽ രാഷ്ട്രീയ ഭേദമന്യേ അംഗങ്ങൾ ബെഞ്ചിൽ അടിക്കുകയും പേപ്പറുകൾ വായുവിൽ പറത്തി മുദ്രാവാക്യങ്ങൾ വിളിക്കുകയും ചെയ്തു. സഭാംഗങ്ങൾ ഇന്ദിരാഗാന്ധിക്ക് വേണ്ടി എഴുന്നേറ്റ് നിന്ന് കയ്യടിച്ചു.

പാർലമെന്റ് മന്ദിരം സാക്ഷ്യം വഹിച്ച മറ്റൊരു സുപ്രധാന സംഭവം 1975 ലാണ്. ഇന്ത്യയിൽ അടിയന്തരാവസ്ഥ ഏർപ്പെടുത്തിയിരുന്ന സമയത്ത്. 1975 ജൂലൈ 21 ന് നടന്ന സെഷനിൽ രാഷ്ട്രപതി തയ്യാറാക്കിയ അടിയന്തരാവസ്ഥ പ്രഖ്യാപനം ഡെപ്യൂട്ടി ആഭ്യന്തര മന്ത്രി എഫ് എച്ച് മൊഹ്‌സിൻ അവതരിപ്പിച്ചു. അന്നത്തെ ഗുരുതരമായ സ്ഥിതിവിശേഷത്തെക്കുറിച്ച് ചർച്ച ചെയ്യാൻ ലോക്സഭ വിളിച്ചുകൂട്ടി. എന്നാൽ പാർലമെന്റിൽ പ്രശ്‌നങ്ങൾ ഉന്നയിക്കാനുള്ള സ്വകാര്യ അംഗങ്ങളുടെ അവകാശം താൽക്കാലികമായി നിർത്തിവച്ച സർക്കാർ തീരുമാനത്തിനെതിരെ അംഗങ്ങൾ കടുത്ത പ്രതിഷേധവുമായി രംഗത്തിറങ്ങി.

ആക്രമണങ്ങള്‍

2001 ഡിസംബർ 13 ന് പാർലമെന്റ് മന്ദിരത്തിൽ അഞ്ച് ലഷ്കർ-ഇ-തായ്ബ, ജയ്ഷ്-ഇ-മുഹമ്മദ് തീവ്രവാദികൾ ആക്രമണം നടത്തി. തീവ്രവാദികൾക്ക് പുറമേ ആറ് സൈനികരും ഒരു സിവിലിയനും ആക്രമണത്തിൽ കൊല്ലപ്പെട്ടു.

Related Stories

No stories found.
logo
The Fourth
www.thefourthnews.in