പാര്‍ട്ടി മാറിയെത്തി; സിക്കിമിലെ ഒറ്റയാള്‍ പ്രതിപക്ഷം, ടെന്‍സിങ് എസ്ഡിഎഫിന്റെ 'കനലൊരു തരി'

പാര്‍ട്ടി മാറിയെത്തി; സിക്കിമിലെ ഒറ്റയാള്‍ പ്രതിപക്ഷം, ടെന്‍സിങ് എസ്ഡിഎഫിന്റെ 'കനലൊരു തരി'

എസ്ഡിഎഫിന്റെ പ്രമുഖരെല്ലാം തകര്‍ന്നടിഞ്ഞ തിരഞ്ഞെടുപ്പില്‍, പാര്‍ട്ടിക്ക് ആകെ ആശ്വാസമായത് ടെന്‍സിങ് നേടിയ 1,314 വോട്ടിന്റെ ചെറിയ വിജയമാണ്
Updated on
1 min read

ഭരണകക്ഷിയായ സിക്കിം ക്രാന്തികാരി മോര്‍ച്ച തൂത്തുവാരിയ സിക്കിം നിയമസഭ തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷമായ എസ്ഡിഎഫിന് ആകെ കിട്ടിയത് ഒരൊറ്റ സീറ്റ്. ഷയരി മണ്ഡലത്തില്‍ നിന്ന് ജയിച്ച ടെന്‍സിങ് നോര്‍ബു ലാംതയാണ് സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ടിന്റെ ഏക എംഎല്‍എ. മുന്‍ മുഖ്യമന്ത്രിയും എസ്ഡിഎഫ് അധ്യക്ഷനുമായ പവന്‍കുമാര്‍ ചാംലിങും ഉപാധ്യക്ഷന്‍ ബയ്ചൂങ് ബൂട്ടിയയും അടക്കമുള്ള എസ്ഡിഎഫിന്റെ പ്രമുഖരെല്ലാം തകര്‍ന്നടിഞ്ഞ തിരഞ്ഞെടുപ്പില്‍, പാര്‍ട്ടിക്ക് ആകെ ആശ്വാസമായത് ടെന്‍സിങ് നേടിയ 1,314 വോട്ടിന്റെ ചെറിയ വിജയമാണ്.

മത്സരിച്ച രണ്ടു സീറ്റിലും തോല്‍ക്കുകയും എസ്ഡിഎഫ് സമ്പൂര്‍ണമായി തകര്‍ന്നടിയുകയും ചെയ്തതോടെ, സിക്കിമില്‍ കൂടുതല്‍ കാലം മുഖ്യമന്ത്രി സ്ഥാനത്തിരുന്ന പവന്‍കുമാര്‍ ചാംലിങിന്റെ രാഷ്ട്രീയ ഭാവി അനിശ്ചിതത്വത്തിലായി. കഴിഞ്ഞനിയമസഭയില്‍, എസ്ഡിഎഫില്‍ നിന്ന് 12 എംഎല്‍എമാരെ ചാക്കിട്ടുപിടിച്ച ബിജെപിക്ക് ഇത്തവണ ഒരാളെ പോലും വിജയിപ്പിക്കാന്‍ സാധിച്ചില്ല.

ആരാണ് ടെന്‍സിങ് നോര്‍ബു ലാംത

എസ്‌കെഎമ്മില്‍ മറുകണ്ടം ചാടിയാണ് ടെന്‍സിങ് എസ്ഡിഎഫ് ക്യാമ്പിലെത്തിയത്. നിയമസഭ തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പായിരുന്നു ടെന്‍സിങിന്റെ പാര്‍ട്ടി മാറ്റം. മത്സരിക്കാന്‍ സീറ്റ് നല്‍കാത്തതിനെ തുടര്‍ന്നായിരുന്നു ടെന്‍സിങ് എസ്‌കെഎം വിട്ടത്. പിന്നാലെ, എസ്ഡിഎഫില്‍ ചേര്‍ന്ന ടെന്‍സിങിനെ എസ്ഡിഎഫ് ഷയരി മണ്ഡലത്തില്‍ മത്സരിപ്പിക്കുകയായിരുന്നു. എസ്‌കെഎമ്മിന്റെ പെംപോ ദോര്‍ജി ലെപച്ചെയെയാണ് ടെന്‍സിങ് തോല്‍പ്പിച്ചത്. സിക്കിം സര്‍ക്കാരില്‍ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ഡിപ്പാര്‍ട്ട്‌മെന്റിന്റെ ഉപദേശകനായും ടെന്‍സിങ് പ്രവര്‍ത്തിച്ചിട്ടുണ്ട്.

പാര്‍ട്ടി മാറിയെത്തി; സിക്കിമിലെ ഒറ്റയാള്‍ പ്രതിപക്ഷം, ടെന്‍സിങ് എസ്ഡിഎഫിന്റെ 'കനലൊരു തരി'
സിക്കിം തൂത്തുവാരി എസ്‌കെഎം; 32-ല്‍ 28 സീറ്റിലും വിജയം; തകര്‍ന്നടിഞ്ഞ് എസ്ഡിഎഫ്

പിണങ്ങിപ്പോയ ടെന്‍സിങ് അപ്രതീക്ഷിത വിജയം നേടിയതോടെ, അദ്ദേഹത്തെ തിരിച്ച് എസ്‌കെഎം പാളയത്തിലെത്തിക്കാന്‍ മുതിര്‍ന്ന നേതാക്കള്‍ ശ്രമം തുടങ്ങിയതായാണ് വിവരം. ഉന്നത പോസ്റ്റുകള്‍ അദ്ദേഹത്തിന് വാഗ്ദാനം ചെയ്തു എന്നാണ് വിവരം. അങ്ങനെയാണെങ്കില്‍, ടെന്‍സിങ് തിരിച്ചുപോയേക്കും. ഇതോടെ, എസ്ഡിഎഫ് നിയമസഭയില്‍ സംപൂജ്യമാവുകയും സിക്കിമില്‍ പ്രതിപക്ഷമില്ലാത്ത സാഹചര്യമുണ്ടാവുകയും ചെയ്യും.

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ തകര്‍ന്നടിഞ്ഞ എസ്ഡിഎഫിന് ആകെയുണ്ടായിരുന്നത് ഒരൊറ്റ എംഎല്‍എയായിരുന്നു. മുന്‍ മുഖ്യമന്ത്രി പവന്‍ കുമാര്‍ ചാംലിങ് തന്നെയായിരുന്നു ഏക എസ്ഡിഎഫ് അംഗം. ആ തിരഞ്ഞെടുപ്പില്‍ എസ്ഡിഎഫ് 15 സീറ്റില്‍ വിജയിച്ചിരുന്നു. 17 സീറ്റ് നേടിയ എസ്‌കെഎം അധികാരത്തിലെത്തി. തുടര്‍ന്ന് 12 എസ്ഡിഎഫ് എംഎല്‍എമാര്‍ ബിജെപിയിലും രണ്ടുപേര്‍ എസ്‌കെഎമ്മിലും ചേരുകയായിരുന്നു.

1994 മുതല്‍ 2019-വരെ മുഖ്യമന്ത്രി സ്ഥാനത്തിരുന്ന ചാംലിങുമായി തെറ്റിപ്പിരിഞ്ഞ നേതാക്കള്‍ ചേര്‍ന്ന് പ്രേം സിങിന്റെ നേതൃത്വത്തില്‍ 2013-ലാണ് എസ്‌കെഎം രൂപീകരിച്ചത്. 2014 നിയമസഭ തിരഞ്ഞെടുപ്പില്‍ വരവറിയിച്ച പാര്‍ട്ടി, പത്തു സീറ്റ് നേടി. പിന്നാലെ, സിക്കിം ജനങ്ങള്‍ക്കിടയില്‍ ആഴത്തില്‍ വേരോട്ടമുള്ള പാര്‍ട്ടിയായി എസ്‌കെഎം വളരുകയായിരുന്നു.

logo
The Fourth
www.thefourthnews.in