പ്രശസ്ത പിന്നണി ഗായിക വാണി ജയറാം അന്തരിച്ചു. ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം. 77 വയസ്സായിരുന്നു. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി നിരവധി ശ്രദ്ധേയമായ ഗാനങ്ങള്‍ ആലപിച്ചു. മൂന്ന് തവണ മികച്ച ഗായികയ്ക്കുളള ദേശീയ പുരസ്കാരം നേടി. ഇത്തവണ പത്മഭൂഷണ്‍ പുരസ്കാരം നല്‍കി രാജ്യം വാണി ജയറാമിനെ ആദരിച്ചിരുന്നു.
ബോളിവുഡില്‍ തുടങ്ങി ദക്ഷിണേന്ത്യന്‍ സംഗീത മേഖലയിലും മികവ് തെളിയിച്ച വാണി ജയറാം 'സ്വപ്നം' എന്ന ചിത്രത്തിലൂടെയാണ് മലയാളത്തില്‍ സാന്നിധ്യം ഉറപ്പിക്കുന്നത്. 1974-ല്‍ ചെന്നൈയിലേക്ക് തന്റെ താമസം മാറ്റിയതിനുശേഷമാണ് ദക്ഷിണേന്ത്യന്‍ ഭാഷാചിത്രങ്ങളിലും സജീവമായത്. സൗരയൂഥത്തില്‍ വിടര്‍ന്നൊരു എന്ന ഗാനമാണ് മലയാളത്തില്‍ അവര്‍ ആദ്യം ആലപിച്ചത്. മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, എന്നിവയുള്‍പ്പെടെ 19 ഭാഷകളിലായി വാണി ജയറാംഗാനങ്ങള്‍ ആലപിച്ചു.
മദന്‍ മോഹന്‍, ഒപി നയ്യാര്‍, ആര്‍ഡി ബര്‍മന്‍, കല്യാണ്‍ജി ആനന്ദ്ജി, ലക്ഷ്മികാന്ത് പ്യാരേലാല്‍, ജയ്ദേവ്, എംഎസ് വിശ്വനാഥന്‍, എംബി ശ്രീനിവാസന്‍, കെഎ മഹാദേവന്‍, എംകെ അര്‍ജുനന്‍, ജെറി അമല്‍ദേവ്, സലില്‍ ചൗധരി, ഇളയരാജ, എആര്‍ റഹ്‌മാന്‍ തുടങ്ങിയവരുടെ സംഗീതത്തിന് വാണി ജയറാം ശബ്ദം നല്‍കിയിട്ടുണ്ട്. മുഹമ്മദ് റഫി, മുകേഷ്, മന്നാഡേ എന്നിവരോടൊപ്പവും വാണി ജയറാം ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്.
തമിഴ്‌നാട്ടിലെ വെല്ലൂരില്‍ 1945-ലായിരുന്നു വാണി ജയറാമിന്റെ ജനനം. കലൈവാണി എന്നാണ് യഥാര്‍ഥ പേര്.