കലാപ സമയത്ത് പലായനം ചെയ്യുന്ന സിഖുകാർ  (ഫയല്‍ ചിത്രം)
കലാപ സമയത്ത് പലായനം ചെയ്യുന്ന സിഖുകാർ (ഫയല്‍ ചിത്രം)

സിഖ് വിരുദ്ധ കലാപം: ക്രമസമാധാന- നീതിന്യായ സംവിധാനങ്ങൾക്ക് വീഴ്ച സംഭവിച്ചു: അന്വേഷണ കമ്മീഷൻ റിപ്പോർട്ട് പുറത്ത്

"പോലീസ് സംവിധാനത്തിന്റെ ഉദാസീന നിലപാടിനെയും വിവേക ശൂന്യരായ വിചാരണ കോടതി ജഡ്ജിമാരെയും" റിപ്പോർട്ടിൽ വിമർശിക്കുന്നു
Updated on
3 min read

1984 സിഖ് വിരുദ്ധ കലാപത്തിൽ ക്രമസമാധാന- നീതിന്യായ സംവിധാനങ്ങൾക്ക് ഗുരുതര വീഴ്ച സംഭവിച്ചതായി പ്രത്യേക അന്വേഷണ സമിതി റിപ്പോർട്ട്. കലാപത്തിലെ ഇരകൾക്ക് നീതി ലഭ്യമാക്കുന്നതിൽ പോലീസും വിചാരണ കോടതികളും കാണിച്ച അനാസ്ഥ ജസ്റ്റിസ് എസ്എൻ ധിംഗ്രയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് (എസ്ഐടി) കണ്ടെത്തിയത്. "പോലീസ് സംവിധാനത്തിന്റെ ഉദാസീന നിലപാടും വിവേക ശൂന്യരായ വിചാരണ കോടതി ജഡ്ജിമാരെയും" റിപ്പോർട്ടിൽ വിമർശിക്കുന്നു. 2018ൽ സുപ്രീം കോടതിയാണ് അന്വേഷണ സംഘത്തെ നിയമിക്കുന്നത്. കലാപ സമയത്ത് രജിസ്റ്റർ ചെയ്യപ്പെട്ട കേസുകളിലാണ് സംഘം അന്വേഷണം നടത്തിയത്. 2019ൽ അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിച്ചെങ്കിലും കഴിഞ്ഞ ദിവസമാണ് രേഖകൾ പുറത്തുവിട്ടത്.

സിഖ് വിരുദ്ധ കലാപം  (ഫയല്‍ ചിത്രം)
സിഖ് വിരുദ്ധ കലാപം (ഫയല്‍ ചിത്രം)

സിഖ് വിരുദ്ധ കലാപത്തെ കുറിച്ച് അന്വേഷിച്ച രംഗനാഥ് മിശ്ര കമ്മീഷനെയും എസ്ഐടി റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നു. സിഖ് വിഭാഗത്തിനെതിരെ അരങ്ങേറിയ ക്രൂര കുറ്റകകൃത്യങ്ങളിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാനുണ്ടായ കാലതാമസത്തെയും എടുത്തുകാട്ടുന്നു. പോലീസ് അന്വേഷണം വെറുമൊരു പ്രഹസനം മാത്രമായിരുന്നു. പതിവ് രീതികളാണ് വിചാരണ കോടതികൾ അവലംബിച്ചത്. സാഹചര്യങ്ങൾ കണക്കിലെടുക്കാതെ പതിവ് രീതിയിൽ കേസിൽ പ്രതിസ്ഥാനത്ത് ഉണ്ടായിരുന്നവരെ വിചാരണ കോടതികൾ കുറ്റവിമുക്തരാക്കി. ഡൽഹി പോലീസും അധികാരികളും കേസുകൾ നിയമാനുസൃതമായി കൈകാര്യം ചെയ്യുന്നതിന് കാണിച്ച താൽപ്പര്യക്കുറവാണ് കുറ്റവാളികൾ മോചിതരായതിനുള്ള പ്രധാന കാരണമെന്ന് റിപ്പോർട്ടിൽ പറയുന്നു. നൂറുകണക്കിന് സത്യവാങ്മൂലങ്ങൾ ജസ്റ്റിസ് മിശ്ര കമ്മീഷൻ സ്വീകരിച്ചു. എന്നാൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാനുള്ള നിർദേശം പോലീസിന് നൽകുന്നതിന് കാലതാമസമുണ്ടായി. ഇത് പ്രതികളെ കുറ്റവിമുക്തരാക്കുന്നതിലേക്ക് നയിച്ചു. കൂടാതെ ഒരു പ്രദേശത്ത് നടന്ന പല കൊലപാതകങ്ങൾക്കും കവർച്ചകൾക്കും കൂടി ഒരൊറ്റ എഫ്ഐആർ രജിസ്റ്റർ ചെയ്യുന്ന പ്രവണതയായിരുന്നു പോലിസിന്റെ ഭാഗത്ത് നിന്നുണ്ടായതെന്നും റിപ്പോർട്ടിൽ പറയുന്നു.

കലാപത്തിന് മുന്നോടിയായി, സിഖ് വിഭാഗങ്ങളിൽ പലരുടെയും കൈവശം ഉണ്ടായിരുന്ന ലൈസൻസുള്ള ആയുധങ്ങൾ അന്നത്തെ കല്യാൺപുരി എസ്എച്ച്ഒ സുർവീർ സിങ് ത്യാഗി വാങ്ങിവെച്ചിരുന്നു.

മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ കൊലപാതകത്തെ തുടർന്ന് നടന്ന കലാപത്തിന് തൊട്ടുപിന്നാലെ അന്നത്തെ രാജീവ്ഗാന്ധി സർക്കാർ നിയോഗിച്ച ജസ്റ്റിസ് രംഗനാഥ് മിശ്ര കമ്മീഷൻ പുലർത്തിയ നിസ്സംഗതയും റിപ്പോർട്ടിൽ വിമർശിക്കപ്പെടുന്നുണ്ട്. കൃത്യമായ വിശദാംശങ്ങളോടെ കമ്മീഷന് ലഭിച്ച സത്യവാങ്മൂലങ്ങളിൽ അന്വേഷണം നടത്താൻ മിശ്ര കമ്മീഷൻ ശ്രമിച്ചില്ല. മിശ്ര കമ്മീഷന് മുൻപാകെ 1985ൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ 1991-92ലാണ് എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്. എഫ്‌ഐആർ ഫയൽ ചെയ്യുന്നതിലും സാക്ഷികളുടെ മൊഴി രേഖപ്പെടുത്തുന്നതിലുമുള്ള കാലതാമസത്തിന്റെ പേരിലാണ് മിക്കവാറും എല്ലാ കേസുകളിലും വിചാരണ ജഡ്ജിമാർ സാക്ഷികളുടെ മൊഴി തള്ളിയതെന്നും റിപ്പോർട്ട് സമർത്ഥിക്കുന്നു.

കലാപ സമയത്ത് നടന്ന 186 കേസുകളിൽ കൃത്യമായ അന്വേഷണം നടത്തിയില്ലെന്ന് ചൂണ്ടികാട്ടി എസ് ഗുർലാദ് സിങ് ഖലോണ്‍ സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു. പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കണമെന്നായിരുന്നു പ്രധാന ആവശ്യം.

കലാപത്തിന് മുന്നോടിയായി, സിഖ് വിഭാഗങ്ങളിൽ പലരുടെയും കൈവശം ഉണ്ടായിരുന്ന ലൈസൻസുള്ള ആയുധങ്ങൾ അന്നത്തെ കല്യാൺപുരി എസ്എച്ച്ഒ സുർവീർ സിങ് ത്യാഗി വാങ്ങിവെച്ചിരുന്നു. ഇതുവഴി അവരെ നിരായുധരാക്കിയതിന് ത്യാഗിക്കെതിരെ നടപടിയെടുക്കാനും എസ്ഐടി ശുപാർശ ചെയ്തു. മുൻപ് ഇയാളെ സസ്‌പെൻഡ് ചെയ്തിരുന്നെങ്കിലും പിന്നീട് എസിപിയായി തിരിച്ചെടുത്തിരുന്നു. കേസിന്റെ നടപടികൾക്കായി ഡൽഹി പോലീസിന്റെ കലാപ സെല്ലിലേക്ക് ശുപാർശ ചെയ്യണമെന്നാണ് എസ്‌ഐടിയുടെ നിലപാട്.

ജഡ്ജിമാർ നടത്തിയ വിചാരണയുടെ കാര്യവും റിപ്പോർട്ടിൽ ചർച്ച ചെയ്യുന്നുണ്ട്. എഫ്ഐആർ ഫയൽ ചെയ്യുന്നതിൽ കാലതാമസം വരുത്തിയതിന് ഇരകളല്ല ഉത്തരവാദികൾ എന്ന വസ്തുത കോടതി ഒരിക്കൽ പോലും പരിഗണിച്ചിരുന്നില്ല എന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ഏറ്റവും വലിയ കലാപബാധിത പ്രദേശങ്ങളിലൊന്നായ കല്യാൺപുരിയിൽ നടന്ന 56 കൊലപാതകങ്ങളിലുള്ള എഫ്ഐആർ ഒരൊറ്റ കുറ്റപത്രമായാണ് പോലീസ് സമർപ്പിച്ചത്. അതിനാൽ അഞ്ച് കൊലപാതകങ്ങളിൽ മാത്രമാണ് വിചാരണക്കോടതി കുറ്റം ചുമത്തിയതെന്ന സംഭവവും പ്രത്യേക അന്വേഷണ സംഘം ഉദാഹരണമായി ചൂണ്ടിക്കാട്ടുന്നു.

കലാപ സമയത്ത് നടന്ന 186 കേസുകളിൽ കൃത്യമായ അന്വേഷണം നടത്തിയില്ലെന്ന് ചൂണ്ടികാട്ടി എസ് ഗുർലാദ് സിങ് ഖലോണ്‍ സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു. പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കണമെന്നായിരുന്നു പ്രധാന ആവശ്യം. അത് പ്രകാരം രൂപീകരിച്ച എസ്ഐടി റിപ്പോർട്ടിന്റെ ഹ്രസ്വ വിശദീകരണം കഴിഞ്ഞ ദിവസം കേട്ട ജസ്റ്റിസുമാരായ എ എസ് ബൊപ്പണ്ണ, പി എസ് നരസിംഹ എന്നിവരടങ്ങിയ ബെഞ്ച് വിഷയം രണ്ടാഴ്‌ചത്തേക്ക് മാറ്റി. എസ്ഐടിയുടെ ജോലി പൂർത്തിയായെന്നും അന്വേഷണം അവസാനിപ്പിക്കണമെന്നുള്ള കേന്ദ്രത്തിന്റെ ആവശ്യവും കോടതി പരിഗണിച്ചു.

logo
The Fourth
www.thefourthnews.in