'2000 രൂപ പിൻവലിച്ചത് നോട്ട് നിരോധനത്തിൽ നിന്നുള്ള പിന്നോട്ട് പോക്ക്'; സർക്കാർ ദയനീയ പരാജയമെന്ന് യെച്ചൂരി
2000 നോട്ട് പിൻവലിക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തെ രൂക്ഷമായി വിമർശിച്ച് സിപിഎം. 2000 രൂപ നോട്ട് പിൻവലിച്ചതിലൂടെ 2016 ലെ നോട്ട് നിരോധന തീരുമാനത്തിൽ നിന്ന് പിന്നോട്ടു പോകുകയാണ് സർക്കാർ ചെയ്തതെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. കള്ളപ്പണം ഇല്ലാതാക്കും അഴിമതി ഇല്ലാതാക്കും തീവ്രവാദ ഫണ്ടിങ് തടയും ഡിജിറ്റൽ പണമിടപാട് പ്രോത്സാഹിപ്പിക്കും തുടങ്ങിയ അവകാശവാദങ്ങളുമായാണ് നോട്ട് നിരോധനം നടപ്പാക്കിയത്. ഈ എല്ലാ കാര്യത്തിലും ദയനീയ പരാജയമായിരുന്നു സർക്കാരെന്ന് വ്യക്തമാകുകയാണ് പുതിയ തീരുമാനത്തിലൂടെയെന്ന് യെച്ചൂരി കുറ്റപ്പെടുത്തി.
കോടിക്കണക്കിനാളുകളുടെ ജീവിതമാര്‍ഗം ഇല്ലാതാക്കിയും നൂറുകണക്കിന് ജീവിതം എടുത്തുമാണ് നോട്ട് നിരോധനം നടപ്പാക്കിയത്. സമ്പദ് വ്യവസ്ഥയേയും ചെറുകിട വ്യവസായത്തെയും താറുമാറാക്കി. അഴിമതി നിയമപരമാകുകയാണ് ചെയ്തത്. തീവ്രവാദ ആക്രമണങ്ങളിൽ പാവപ്പെട്ട ജനങ്ങളുടെ ജീവൻ പൊലിയുന്നത് തുടരുകയാണ്. ഫേസ്ബുക്ക് പോസ്റ്റിൽ യെച്ചൂരി കുറ്റപ്പെടുത്തി. പൊതുസ്വത്ത് കൊള്ളയടിക്കുകയും സമ്പത്ത് വ്യവസ്ഥയെ തകർക്കുകയും ചെയ്യുന്ന ബിജെപിയെയും കേന്ദ്രസർക്കാരിനെയും എതിർത്ത് തോൽപ്പിക്കണമെന്നും യെച്ചൂരി ആഹ്വാനം ചെയ്തു.
ഇന്ന് വൈകുന്നേരമാണ് 2000 രൂപ നോട്ട് പിന്‍വലിക്കുകയാണെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അറിയിച്ചത്. നിലവില്‍ കൈവശമുള്ള നോട്ടുകള്‍ ഈ വര്‍ഷം സെപ്റ്റംബര്‍ 30 വരെ മാറ്റിയെടുക്കാമെന്ന് വെള്ളിയാഴ്ച റിസര്‍വ് ബാങ്ക് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. ആര്‍ബിഐയുടെ 'ക്ലീന്‍ നോട്ട് പോളിസി'യുടെ ഭാഗമായാണ് 2000 രൂപ നോട്ടുകള്‍ പിന്‍വലിക്കുന്നത്.