ജെയിന്‍ സര്‍വകലാശാലയിലെ ദളിത് അധിക്ഷേപ സ്‌കിറ്റ്: പ്രിൻസിപ്പളടക്കം ഒൻപത് പേർ അറസ്റ്റിൽ
ബെംഗളുരു ജയിൻ സർവകലാശാലയിൽ ദളിത് വിഭാഗത്തെ അധിക്ഷേപിക്കുന്ന സ്കിറ്റ് അവതരിപ്പിച്ചതിന് വിദ്യാർഥികളും കോളേജ് പ്രിൻസിപ്പാളും ഉൾപ്പെടെ ഒൻപത് പേർ അറസ്റ്റിൽ. സെന്റർ ഫോർ മാനേജ്മെന്‍റ് സ്റ്റഡീസിലെ ഓഴ് വിദ്യാർഥികളെയാണ് സ്കിറ്റ് അവതരിപ്പിച്ചതിന് അറസ്റ്റ് ചെയ്തത്. കോളേജ് പ്രിൻസിപ്പാൾ , പരിപാടിയുടെ സംഘാടകൻ എന്നിവരും അറസ്റ്റിലായി .
വിവിധ ദളിത് സംഘടനകൾ നൽകിയ പരാതിയിലാണ് നടപടി. വിദ്യാർഥികളെയും മറ്റുള്ളവരെയും ചോദ്യംചെയ്യാൻ പോലീസ് വിളിച്ച് വരുത്തിയിരുന്നു . ഇതിനു പിറകെയാണ് അറസ്റ്റ്. പട്ടിക ജാതി - പട്ടിക വർഗ പീഡന നിരോധന നിയമമാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.
പട്ടിക ജാതി - പട്ടിക വര്‍ഗ അതിക്രമ നിരോധന നിയമ പ്രകാരമാണ് നടപടി
കഴിഞ്ഞ ഒൻപതാം തീയതിയായിരുന്നു വിവാദമായ സ്കിറ്റ് കോളേജ് വാർഷിക പരിപാടിയോടനുബന്ധിച്ചു അരങ്ങേറിയത് . ദളിത് വിഭാഗത്തെയും ഭരണഘടനാ ശില്പി ഡോ. ബി ആർ അംബേദ്കറെയും അധിക്ഷേപിക്കുന്ന നിരവധി സംഭാഷണങ്ങൾ സ്കിറ്റിലുണ്ടായിരുന്നു . അംബേദ്കറെ, ബിയർ അംബേദ്‌കർ എന്നും ദളിത് വിഭാഗത്തെ സംവരണത്തിലൂടെ എന്തും നേടുന്നവർ എന്നും വിശേഷിപ്പിച്ചാണ് സ്കിറ്റ് അരങ്ങേറിയത് . ഇതേ തുടർന്നായിരുന്നു ദളിത് വിദ്യാർഥികളും സംഘടനകളും പ്രതിഷേധവുമായെത്തിയത് . ഇവർ നൽകിയ പരാതിയെ തുടർന്ന് നേരത്തെ കോളേജ് പ്രിൻസിപ്പാൾ , സർവകലാശാല ഡീൻ , പരിപാടിയുടെ സംഘാടകർ എന്നിവർക്കെതിരെ പോലീസ് കേസെടുത്തിരുന്നു .
അതേസമയം, സ്‌കിറ്റ് അവതരിപ്പിച്ച വിദ്യാര്‍ഥികളെ രണ്ട് ദിവസം മുന്‍പ് സര്‍വകലാശാല സസ്പെന്‍ഡ് ചെയ്തിരുന്നു. ഇവര്‍ക്കെതിരെ സര്‍വകലാശാലാ അന്വേഷണം പുരോഗമിക്കവെയാണ് പ്രിൻസിപ്പാൾ അടക്കമുള്ളവരുടെ അറസ്റ്റ്.