'ജഗ്ഗി വാസുദേവിന്റെ ഇഷ ഫൗണ്ടേഷനിൽനിന്ന് 2016നുശേഷം കാണാതായത് ആറ് പേരെ'; തമിഴ്‌നാട് പോലീസ് മദ്രാസ് ഹൈക്കോടതിയിൽ
ജഗ്ഗി വാസുദേവിന്റെ ഇഷ ഫൗണ്ടേഷനില്‍ നിന്ന് 2016 മുതല്‍ ആറ് പേരെ കാണാതായിട്ടുണ്ടെന്ന് തമിഴ്‌നാട് പോലീസ്. മദ്രാസ് ഹൈക്കോടതിയെയാണ് തമിഴ്‌നാട് പോലീസ് ഇക്കാര്യം അറിയിച്ചത്. ജസ്റ്റിസുമാരായ എം എസ് രമേഷ്, സുന്ദർ മോഹന്‍ എന്നിവർക്ക് മുമ്പാകെ വാക്കാലാണ് പോലീസ് മൊഴി നല്‍കിയത്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചിട്ടുണ്ട്.
ഏപ്രില്‍ 18ന് അന്വേഷണത്തിന്റെ പുരോഗതി സംബന്ധിച്ച റിപ്പോർട്ട് സമർപ്പിക്കാന്‍ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. 18നാണ് കേസ് വീണ്ടും പരിഗണിക്കുന്നത്.
സഹോദരന്‍ ഗണേശനെ ഹാജരാക്കാന്‍ തിരുനല്‍വേലി സ്വദേശിയായ തിരുമലൈ സമർപ്പിച്ച ഹേബിയസ് കോർപ്പസ് ഹർജിയാണ് കോടതി പരിഗണിച്ചത്. കഴിഞ്ഞ വർഷം മാർച്ചിലായിരുന്നു 46കാരനായ ഗണേശനെ ഇഷ ഫൗണ്ടേഷനില്‍ നിന്ന് കാണാതായത്.
തന്റെ സഹോദരനുമായി ബന്ധപ്പെടാന്‍ സാധിക്കുന്നില്ലെന്ന് വ്യാഴാഴ്ചയാണ് തിരുമലൈ കോടതിയെ അറിയിച്ചത്. താന്‍ ഇഷ ഫൗണ്ടേഷനുമായി ബന്ധപ്പെട്ടെങ്കിലും രണ്ട് ദിവസമായി ഗണേശന്‍ ജോലിക്കെത്തിയിട്ടില്ല എന്നായിരുന്നു മറുപടി ലഭിച്ചതെന്നും തിരുമലൈ കോടതിയില്‍ വ്യക്തമാക്കി. ഇതിന് പിന്നാലെയാണ് തിരുമലൈ പോലീസില്‍ പരാതിപ്പെട്ടതും ഹൈക്കോടതിയെ സമീപിച്ചതും.