നെട്ടോട്ടമോടിച്ച നോട്ട്നിരോധനം; ഇന്നും പൊരുളറിയാതെ പൊതുജനം
നിയമവിരുദ്ധ ഇടപാടുകളും കള്ളപ്പണത്തിന്റെ അനിയന്ത്രിത ഒഴുക്കും തടയുക എന്ന പേര് പറഞ്ഞാണ് 2016 നവംബര്‍ എട്ടിന് ഒന്നാം നരേന്ദ്രമോദി സര്‍ക്കാര്‍ ഇന്ത്യയില്‍ നോട്ട് നിരോധനം ഏര്‍പ്പെടുത്തിയത്. ആറ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു അര്‍ധരാത്രിയില്‍ പെട്ടെന്ന് വെളിപാടുണ്ടായ കണക്കെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ അസാധുവാക്കിക്കൊണ്ടുള്ള പ്രഖ്യാപനം നടത്തിയത്
'ലെസ് ക്യാഷ്' എന്നൊരു ലക്ഷ്യം കൂടി ഇതിനു പിന്നില്‍ ഉണ്ടായിരുന്നു. രാജ്യത്ത് കറന്‍സിയുടെ ഉപയോഗം കുറച്ച് ഡിജിറ്റല്‍ സംവിധാനങ്ങളിലേക്ക് സാമ്പത്തിക ഇടപാടുകളെ കൊണ്ടുപോവുക എന്നതായിരുന്നു ഉദ്ദേശ്യം. എന്നാല്‍ സംഭവിച്ചത് നേരെ തിരിച്ചായിരുന്നു. ഇടിത്തീപോലെ വന്ന് വീണ നോട്ട് നിരോധനം രാജ്യത്തെയാകെ പിടിച്ചുലച്ചു കളഞ്ഞു. ആറ് വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും അന്ന് പ്രധാനമന്ത്രിയുടെ അപ്രതീക്ഷിത നോട്ട് നിരോധനം വരുത്തിവച്ച സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ രാജ്യത്തിനായിട്ടില്ല. ആ രാത്രിയിൽ വീമ്പു പറഞ്ഞ ലക്ഷ്യങ്ങള്‍ ഒന്നും നടപ്പിലായില്ല എന്നതും പകല്‍ പോലെ വാസ്തവം.
നോട്ട് നിരോധനം ഏറ്റവും കൂടുതല്‍ ആഘാതമുണ്ടാക്കിയത് സാധാരണക്കാരിലാണ്. ദൈനംദിന ജീവിതത്തില്‍ കറന്‍സികളെ ആശ്രയിച്ചിരുന്ന ജനങ്ങള്‍ക്കും ചെറുകിട കച്ചവടക്കാര്‍ക്കും ഒന്നിരുട്ടി വെളുത്തപ്പോഴേക്ക് നിൽക്കക്കളിയില്ലാതെയായി. നോട്ട് മാറ്റിയെടുക്കാന്‍ അനുവദിച്ച 50 ദിവസങ്ങളിലും എടിഎമ്മുകളിലും ബാങ്കുകളിലും ജനങ്ങള്‍ തിങ്ങിക്കൂടി. ജോലിക്ക് പോലും പോവാന്‍ കഴിയാതെ ദിവസങ്ങളോളം പുതിയ നോട്ടുകള്‍ക്കായി പൊതുജനം വരിനിന്നു.ജീവിക്കാനുള്ള ഈ നെട്ടോട്ടത്തിനിടയിൽ നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടമായി. രണ്ടായിരത്തിന്റെയും അഞ്ഞൂറിന്റെയും ഇരുന്നൂറിന്റെയും പുതുക്കിയ നോട്ടുകള്‍ ഇറക്കിയിട്ടും ആശങ്കകള്‍ അവിടം കൊണ്ട് തീര്‍ന്നില്ല. രണ്ടായിരത്തിന്റെ ഒറ്റ നോട്ടുകളുമായി പുറത്തിറങ്ങിയ സാധാരണക്കാർ വലഞ്ഞത് ചില്ലറയൊന്നുമല്ല. മോദി സര്‍ക്കാരിന്റെ ജനദ്രോഹ പ്രഖ്യാപനത്തിനെതിരെ പ്രതിഷേധങ്ങള്‍ ഉണ്ടായി.
അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ നിരോധിക്കുന്നതോടെ രാജ്യത്ത് കള്ളപ്പണത്തിന്റെ ഒഴുക്ക് പാടെ തുടച്ചു നീക്കുമെന്ന് മേനി പറഞ്ഞവരുടെ ലക്ഷ്യം പാളിപ്പോയി. രാജ്യത്ത് കള്ളനോട്ടടി കുറഞ്ഞില്ലെന്ന് മാത്രമല്ല സാമ്പത്തിക അസ്ഥിരത ഉണ്ടാവുകയും ചെയ്തു. ആര്‍ബിഐ പുറത്തിറക്കിയ 99 ശതമാനം നോട്ടുകള്‍ തിരിച്ചെത്തിയപ്പോള്‍ കള്ളപ്പണത്തിന്റെ നിയന്ത്രണം എങ്ങനെയെന്ന കാര്യത്തില്‍ ആറ് വര്‍ഷത്തിന് ശേഷവും വ്യക്തത വന്നിട്ടില്ല. ഡിജിറ്റല്‍ പേയ്‌മെന്റിന്റെ സ്വീകാര്യത വര്‍ധിച്ചിട്ടുണ്ടെങ്കിലും കറന്‍സിയുടെ ഉപയോഗത്തിന്റെ തട്ട് ഇപ്പോഴും താണ് തന്നെ ഇരിക്കുന്നു.
പൊതുജനങ്ങളുടെ പക്കലുള്ള കറന്‍സിയുടെ ആകെ മൂല്യത്തില്‍ വര്‍ധനവുണ്ടായി എന്നാണ് റിസര്‍ബാങ്കിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. തീവ്രവാദവും മയക്കുമരുന്ന് വ്യാപാരവും പൂട്ടിക്കെട്ടാന്‍ തീരുമാനിച്ച മോദിക്ക് അവരെയൊന്ന് തൊടാന്‍ പോലും കിട്ടിയില്ല എന്നത് യാഥാര്‍ത്ഥ്യം. ആഗോള തീവ്രവാദ സൂചികയില്‍ നേരിയ കുറവ് വന്നെങ്കിലും ഇന്ത്യ 12ാം സ്ഥാനത്ത് ഉണ്ട്. മയക്ക് മരുന്നിന്റെ ഉപയോഗത്തിലും വലിയ മാറ്റങ്ങള്‍ ഒന്നും വരുത്താന്‍ മോദി സര്‍ക്കാരിന്റെ 'മഹത്തായ പ്രഖ്യാപന'ത്തിന് സാധിച്ചില്ല.
പൊതുജനങ്ങളുടെ പക്കലുള്ള കറന്‍സിയുടെ ആകെ മൂല്യത്തില്‍ വര്‍ധനവുണ്ടായി എന്നാണ് റിസര്‍ബാങ്കിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നത്
ദൈനംദിന ജീവിതം നയിക്കാന്‍ പാടുപെടുന്ന ജനങ്ങള്‍ക്ക് ഇരുട്ടടിയായ നോട്ട് നിരോധനത്തിന്റെ ഗുണം എന്താണെന്ന് സാമ്പത്തിക വിദഗ്ധര്‍ക്ക് പോലും കണ്ടുപിടിക്കാന്‍ കഴിഞ്ഞിട്ടില്ല. പാതിരാത്രിയില്‍ ''മേരേ ദേശ് വാസിയോം'' എന്ന് കേട്ടാല്‍ പേടിച്ച് വിറയ്ക്കുന്ന തരത്തിലേക്ക് രാജ്യത്തെ എത്തിക്കാന്‍ സാധിച്ചു എന്നത് മാത്രമാണ് ആ പ്രഖ്യാപനം കൊണ്ടുണ്ടായ നേട്ടം. എന്തായാലും ചിപ്പുഘടിപ്പിച്ച പുതുപുത്തന്‍ നോട്ടുകള്‍ക്ക് ആറ് വര്‍ഷത്തിന് ശേഷവും രാജ്യത്തിന്റെ സാമ്പത്തികവ്യവസ്ഥയെ നേരെ നിര്‍ത്താന്‍ കഴിഞ്ഞിട്ടില്ല.