മണിപ്പൂര്‍ ലൈംഗികാതിക്രമം: പ്രായപൂർത്തിയാകാത്ത ഒരു പ്രതി കൂടി പിടിയില്‍
മണിപ്പൂരില്‍ കുക്കി സ്ത്രീകളെ നഗ്നരാക്കി നടത്തുകയും കൂട്ട ബലാത്സംഗം ചെയ്യുകയും ചെയ്ത സംഭവത്തില്‍ ഒരാള്‍ കൂടി പിടിയില്‍. ഇതോടെ സംഭവത്തില്‍ അറസ്റ്റിലായവരുടെ എണ്ണം ആറായി. പോലീസിന്റെ നടപടി വൈകിയതില്‍ രാജ്യമെങ്ങും പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തിലാണ് അന്വേഷണം ഊര്‍ജ്ജിതമാക്കിയതും കൂടുതല്‍ പ്രതികള്‍ അറസ്റ്റിലായതും. പ്രായപൂര്‍ത്തിയാകാത്ത ഒരാളെയാണ് വിജയവുമായ ബന്ധപ്പെട്ട് ഏറ്റവും ഒടുവില്‍ കസ്റ്റഡിയിലെടുത്തത്. സംഭവത്തില്‍ ഇന്നത്തെ രണ്ടാമത്തെ അറസ്റ്റാണിത്. രാവിലെ പത്തൊമ്പതുകാരനായ ഒരാളെ സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിരുന്നു.
മണിപ്പൂരിലെ കാങ്പോക്പി ജില്ലയില്‍ നടന്ന മനസാക്ഷിയെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ വൈറലായതോടെയാണ് പോലീസ് നടപടിയാരംഭിച്ചത്
അതേ സമയം സംഭവത്തില്‍ പ്രതിഷേധവുമായി നാഗാ വിഭാഗവും രംഗത്തെത്തി. ഇത്തരം ക്രൂരതകള്‍ അനുവദിക്കാനാകില്ലെന്നാണ് സംസ്ഥാന നാഗാ വിഭാഗത്തിന്റെ നേതാക്കള്‍ പ്രതികരിച്ചത്. മെയ്‌തെയ് - കുക്കി കലാപത്തില്‍ ആദ്യമായാണ് നാഗാ വിഭാഗം പ്രതികരിക്കുന്നത്.
മണിപ്പൂരിലെ വംശീയ കലാപം അവസാനിപ്പിക്കുന്നതിനായി ഒരു ഇന്റര്‍ -ഫെയ്ത്ത് കമ്മിറ്റി രൂപീകരിച്ചതായി കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി രാജ് കുമാര്‍ രഞ്ജന്‍ അറിയിച്ചു. അവിശ്വാസത്തിന്റെ വിടവില്ലാതാക്കാനാണ് ഈ നടപടിയെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.
ബുധനാഴ്ചയാണ് മേയ് നാലിനുണ്ടായ സംഭവങ്ങളുടെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചത്.മണിപ്പൂരിലെ കാങ്പോക്പി ജില്ലയില്‍ നടന്ന മനസാക്ഷിയെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ വൈറലായതോടെയാണ് പോലീസ് നടപടിയാരംഭിച്ചത്. തുടര്‍ന്ന് തൊട്ടടുത്ത ദിവസം തന്നെ ഹുയിരേം ഹെരാദാസ് സിങ് എന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഈ സംഭവത്തിന് ശേഷം രാജ്യത്തെ ഞെട്ടിക്കുന്ന നിരവധി സംഭവങ്ങളാണ് മണിപ്പൂരില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യുന്നത്. രണ്ട് സ്ത്രീകളെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി കൊലപ്പെടുത്തിയെന്ന വാര്‍ത്തയും പുറത്ത് വന്നിരുന്നു. കാങ്‌പൊക്പിയില്‍ നിന്നുള്ള രണ്ട് യുവതികളാണ് അതിക്രമത്തിന് ഇരയായത്. ജോലിസ്ഥലത്തുനിന്ന് പിടിച്ചിറക്കിയായിരുന്നു അക്രമം. അക്രമി സംഘത്തില്‍ സ്ത്രീകളുള്‍പ്പെടെയുണ്ടായിരുന്നുവെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഈ സംഭവത്തിലും പോലീസിന്റെ ഭാഗത്ത് നിന്ന് ഗുരുതര വീഴ്ച സംഭവിച്ചതായി ആരോപണമുണ്ട്. തോബാലില്‍ 45 കാരിയെ നഗ്‌നയാക്കി തീകൊളുത്തിക്കൊന്നുവെന്നും റിപ്പോര്‍ട്ട് വന്നിരുന്നു. മെയ് 7 ന് കത്തിക്കരഞ്ഞ മൃതദേഹം കണ്ടെത്തിയതായി പ്രദേശവാസികള്‍ പറയുന്നു. തോബാലില്‍ വ്യാപക സംഘര്‍ഷമാണ് നടന്നത്. മൃതദേഹം അധികൃതര്‍ ഇംഫാലിലേക്ക് കൊണ്ടുപോയതായും പ്രദേശവാസികള്‍ അറിയിച്ചു.
മണിപ്പൂരിലെ എല്ലാ കേസുകളും വിലയിരുത്താന്‍ കേന്ദ്രം നിര്‍ദേശം നല്‍കി. കൂട്ടബലാത്സംഗക്കേസില്‍ പൊലീസ് വീഴ്ച വരുത്തിയ സാഹചര്യത്തിലാണ് നടപടി.മണിപ്പൂരിലെ സംഭവത്തില്‍ നിരവധിയാളുകളാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. മണിപ്പൂരില്‍ സ്ത്രീകളെ ആക്രമിച്ച് പ്രതികള്‍ക്ക് വധ ശിക്ഷ നല്‍കണമെന്ന ആവശ്യവുമായി സാമൂഹിക പ്രവര്‍ത്തകനായ അണ്ണാ ഹസാരേയും കേന്ദ്രമന്ത്രി രാംദാസ് അത്ത്‌വാലെയും പ്രതികരിച്ചു.