വിമാനത്തില്‍ പുകവലിച്ചു; കൊച്ചിയിൽ 62 കാരന്‍ അറസ്റ്റില്‍
വിമാനത്തില്‍ പുകവലിച്ചതിന് കൊച്ചിയില്‍ 62 വയസുകാരന്‍ അറസ്റ്റില്‍. ദുബായില്‍ നിന്നും കൊച്ചിയിലേക്ക് വന്ന വിമാനത്തില്‍ സഞ്ചരിച്ച സുകുമാരന്‍ ടി എന്ന തൃശ്ശൂരുകാരനെയാണ് പോലീസ് കസ്റ്റഡിയിെലടുത്തത്. ഞായറാഴ്ച്ച രാത്രി കൊച്ചിയിലെത്തിയ എസ് ജി -17 എന്ന വിമാനത്തിലാണ് ഇയാള്‍ സഞ്ചരിച്ചിരുന്നത് . വിമാനത്തിലിരുന്ന് പുക വലിച്ചതിനെ തുടര്‍ന്ന് കൊച്ചി എയര്‍പോര്‍ട്ട് സെക്യൂരിറ്റി ഓഫീസര്‍ നെടുമ്പാശ്ശേരി പോലീസ് സ്റ്റേഷനു നല്‍കിയ പരാതിയെ തുടര്‍ന്നായിരുന്നു നടപടി.
വിമാനം പറന്നുകൊണ്ടിരിക്കുമ്പോള്‍ ശൗചാലയത്തിനടുത്തായി പുക വരുന്നത് കാണാനിടയായ ജീവനക്കാരാണ് കൊച്ചിയിലെത്തിയ ഉടനെ എയര്‍പോര്‍ട്ട് സെക്യൂരിറ്റി ഓഫീസറിനെ വിവരമറിയിച്ചത് . എയര്‍പോര്‍ട്ട് അധികൃതര്‍ പോലീസിനെ വിളിച്ച് വിവരമറിയിക്കുകയായിരുന്നു. പ്രതിയുടെ കൈവശം ഒരു ലൈറ്ററും കണ്ടെടുത്തിട്ടുണ്ടെന്നും പോലീസ് ഓാഫീസര്‍ അറിയിച്ചു.
എയര്‍ ക്രാഫ്റ്റ് ശിക്ഷാ നിയമമനുസരിച്ച് സെഷന്‍ 11 എ 5 എ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേരളാപോലീസ് കേസ് റജിസ്റ്റര്‍ ചെയ്തത്. പിന്നീട് ഇയാളെ ജാമ്യത്തില്‍ വിട്ടു. വിമാനത്തിനുള്ളില്‍ പുകവലിക്ക് നിരോധനമുണ്ട് . ഈ പ്രവണത മറ്റ് യാത്രക്കാരേയും പ്രതികൂലമായി ബാധിക്കുകയും വിമാനത്തില്‍ തീ പടരാനുള്ള സാധ്യത വര്‍ധിപ്പിക്കുകയും ചെയ്യും . ഈ കുറ്റകൃത്യം ചെയ്യുന്നയാള്‍ക്ക് രണ്ട് വര്‍ഷം വരെ തടവും പിഴയുമാണ് ശിക്ഷ.
വിമാനത്തില്‍ മോശമായി പെരുമാറുന്ന യാത്രക്കാരുടെ വിവരങ്ങള്‍ പണ്ട് വിമാന കമ്പനി പുറത്തു വിടാറുണ്ടായിരുന്നില്ല. ലോകത്തെവിടെയും വിമാനത്തിലിരുന്ന് പുക വലിക്കുന്നത് ശിക്ഷാര്‍ഹമാണ് . ഇന്ത്യയിലെ ഒരു വിമാനവും കത്തുന്ന വസ്തുക്കളുമായി വിമാനത്തില്‍ പ്രവേശിക്കാന്‍ അനുവാദം നല്‍കാറില്ല. വര്‍ധിച്ചു വരുന്ന ഇത്തരം സാഹചര്യങ്ങളെ പ്രതിരോധിക്കാന്‍ സംഭവങ്ങള്‍ ഉടനെ അറിയിക്കണമന്നാണ് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷൻ ജീവനക്കാര്‍ക്ക് നല്‍കിയ നിര്‍ദേശം .
കേരളത്തില്‍ ഇത്തരത്തിലുള്ള സംഭവങ്ങള്‍ ഒറ്റപ്പെട്ടതാണെന്നാണ് ഇന്‍റര്‍ നാഷണല്‍ എയര്‍ ട്രാന്‍സ്പോര്‍ട്ട് അസോസിയേഷന്‍ (ഐഎടിഎ)യുടെ ദേശീയ പ്രസിഡൻ്റ് ബിജി ഈപ്പന്‍റെ പ്രതികരണം .യാത്രാനിയമങ്ങളില്‍ യാത്രക്കാര്‍ക്കുള്ള അവ്യക്തതയാണ് ഇത്തരം സംഭവങ്ങള്‍ ഉയര്‍ന്നു വരുന്നതിന്‍റെ പ്രധാന കാരണമെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു .യാത്രയ്ക്ക് മുമ്പ് തന്നെ പെരുമാറ്റ ചട്ടങ്ങള്‍ വ്യക്തമായി എഴുതിയ ലഘുലേഖകള്‍ ഓരോ യാത്രക്കാരനിലും എത്തിക്കാറുണ്ട്.എന്നാല്‍ ഭൂരിഭാഗം പേരും ഇത് വായിച്ചുനോക്കാന്‍ തയ്യാറാകാറില്ല.ഇത്തരം സന്ദര്‍ഭങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ കൂടുതല്‍ ബോധവത്കരണ പരിപാടികള്‍ ആസൂത്രണം ചെയ്യേണ്ടതിന്‍റെ ആവശ്യകതയും അദ്ദേഹം ചൂണ്ടിക്കാട്ടി .