തട്ടകം മാറ്റി സ്മൃതി ഇറാനി; കെജ്‌രിവാളിനെ നേരിടാന്‍ ബിജെപിയുടെ തുറുപ്പ്ചീട്ടോ?

തട്ടകം മാറ്റി സ്മൃതി ഇറാനി; കെജ്‌രിവാളിനെ നേരിടാന്‍ ബിജെപിയുടെ തുറുപ്പ്ചീട്ടോ?

അരവിന്ദ് കെജ്‌രിവാളിനെതിരേ ശക്തമായ പോര്‍മുഖം തീര്‍ക്കണമെന്ന ലക്ഷ്യത്തോടെയാണ് സ്മൃതിയെ ബിജെപി കളത്തിലിറക്കുന്നത്
Updated on
1 min read

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പോടു കൂടി ദേശീയ രാഷ്ട്രീയത്തില്‍ നിന്നും മാധ്യമക്കണ്ണുകളില്‍ നിന്നും പൊടുന്നനെ മറഞ്ഞൊരു നേതാവാണ് മുന്‍ കേന്ദ്രമന്ത്രിയായ സ്മൃതി ഇറാനി. 2019-ല്‍ ഉത്തര്‍പ്രദേശിലെ അമേഠി മണ്ഡലത്തില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ അട്ടിമറിച്ച് അപ്രതീക്ഷിത ജയം നേടിയ സ്മൃതിക്ക് പക്ഷേ ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വന്‍ തിരിച്ചടിയേറ്റിരുന്നു. അതിനു പിന്നാലെ തിരശീലയ്ക്കു പിന്നിലേക്ക് മറഞ്ഞ സ്മൃതി ഇപ്പോള്‍ വീണ്ടും വെള്ളിവെളിച്ചത്തിലേക്ക് എത്തുകയാണ്. അതും തലസ്ഥാന നഗരിയായ ഡല്‍ഹിയില്‍ ബിജെപിയുടെ 'സ്റ്റാര്‍' പദവിയില്‍.

ലോക്‌സഭാ തിരഞ്ഞെടുപ്പിനു ശേഷം ഡല്‍ഹി കേന്ദ്രീകരിച്ച് പ്രാദേശിക തലത്തില്‍ പ്രവര്‍ത്തനം തുടങ്ങാനാണ് സ്മൃതിയോട് പാര്‍ട്ടി നേതൃത്വം ആവശ്യപ്പെട്ടത്. മദ്യനയ അഴിമതിക്കേസില്‍ കുടുങ്ങിയ ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്‌രിവാളിനെതിരേ ശക്തമായ പോര്‍മുഖം തീര്‍ക്കണമെന്ന ലക്ഷ്യത്തോടെയാണ് സ്മൃതിയെ ബിജെപി കളത്തിലിറക്കുന്നത്.

തട്ടകം മാറ്റി സ്മൃതി ഇറാനി; കെജ്‌രിവാളിനെ നേരിടാന്‍ ബിജെപിയുടെ തുറുപ്പ്ചീട്ടോ?
മുഖ്യമന്ത്രിയുടെ ചുമതലകള്‍ നിര്‍വഹിക്കാന്‍ ആകില്ല; പക്ഷേ കെജ്‌രിവാള്‍ ഈ 'സ്വാതന്ത്ര്യം' ഉപയോഗിക്കുക 'മിഷന്‍ ഇലക്ഷന്'

ഈ മാസം ആരംഭിച്ച അംഗത്വ പ്രചാരണത്തിലൂടെ സ്മൃതി ഡല്‍ഹിയില്‍ സജീവമായത്. ഡല്‍ഹിയിലെ ആകെയുള്ള 14 ജില്ലകളില്‍ ഏഴിടത്തും സ്മൃതിയുടെ നേതൃത്വത്തിലാണ് പ്രചാരണം നടക്കുന്നത്. ഇതിനൊപ്പം തന്നെ അഴിമതിക്കെതിരേ പറഞ്ഞ് അധികാരത്തിലെത്തി അഴിമതിക്കേസില്‍ കുടുങ്ങിയ ആം ആദ്മി പാര്‍ട്ടി നേതൃത്വത്തിനെതിരേ ആഞ്ഞടിക്കുന്നുമുണ്ട് സ്മൃതി.

കഴിഞ്ഞ് രണ്ടു തവണയായി ഡല്‍ഹിയില്‍ കനത്ത പരാജയം രുചിച്ച ബിജെപി ഇത്തവണ എന്തു വിലകൊടുത്തും ഭരണം പിടിക്കുകയെന്ന ലക്ഷ്യത്തിലാണ്. അതിന് കെജ്‌രിവാളിനെതിരേ നില്‍ക്കാന്‍ ശക്തമായ ഒരു മുഖം വേണമെന്ന ചിന്തയിലാണ് സ്മൃതിയെ കളത്തിലിറക്കാന്‍ ബിജെപി നേതൃത്വം സ്വീകരിച്ചത്. ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടിയുടെ കരുത്തായ, സ്ത്രീ വോട്ടര്‍മാര്‍ക്കിടയില്‍ സ്മൃതിയിലൂടെ കടന്നുകയറാനാകുമെന്ന പ്രതീക്ഷയാണ് ബിജെപിക്ക്.

അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ബിജെപി സ്മൃതിയെ ഉയര്‍ത്തിക്കാട്ടുമെന്നാണ് സൂചന. കഴിഞ്ഞ തവണ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാതെ മത്സരിച്ച ബിജെപി 70 സീറ്റില്‍ വെറും എട്ടെണ്ണത്തില്‍ മാത്രമാണ് ജയിച്ചത്. 62 സീ്റ്റും ആം ആദ്മി പാര്‍ട്ടി തൂത്തുവാരിയിരുന്നു.

തട്ടകം മാറ്റി സ്മൃതി ഇറാനി; കെജ്‌രിവാളിനെ നേരിടാന്‍ ബിജെപിയുടെ തുറുപ്പ്ചീട്ടോ?
കര്‍ശനവ്യവസ്ഥകളോടെ കെജ്‍രിവാള്‍ പുറത്തിറങ്ങി; തലസ്ഥാന നഗരിയിലെ ഭരണം ഇനി എങ്ങനെ?

അതേസമയം സ്മൃതിയെ 'കെട്ടിയിറക്കിയത്' ഡല്‍ഹി ബിജെപി നേതൃത്വത്തില്‍ അസ്വാരസ്യം ഉണ്ടാക്കിയിട്ടുണ്ട്. മുതിര്‍ന്ന നേതാക്കളായ മമനാജ് തിവാരി, വീരേന്ദ്ര സച്ച് ദേവ, പര്‍വേഷ് വര്‍മ എന്നിവര്‍ക്ക് ഇതില്‍ തികഞ്ഞ അതൃപ്തിയുണ്ടെന്നാണ് ലഭിക്കുന്ന സൂചനകള്‍. അതിനു പുറമേ ഡല്‍ഹിയില്‍ ബിജെപിയുടെ സ്ത്രീമുഖമാകുമെന്നു പ്രതീക്ഷിച്ച, മുന്‍ കേന്ദ്രമന്ദ്രി സുഷമാ സ്വരാജിന്റെ മകള്‍ ബാംസുരി സ്വ രാജിനും സ്മൃതിയുടെ വരവില്‍ തീരെ തൃപ്തിയില്ല.

മദ്യനയക്കേസില്‍ ജാമ്യം ലഭിച്ച് തിഹാര്‍ ജയിലിനു പുറത്തിറങ്ങിയ കെജ്‌രിവാള്‍ ഇനി തിരഞ്ഞെടുപ്പ് മുന്‍നിര്‍ത്തിയുള്ള പ്രവര്‍ത്തനങ്ങളിലാകും ശ്രദ്ധ കേന്ദ്രീകരിക്കുക. ജാമ്യവ്യവസ്ഥകള്‍ പ്രകാരം മുഖ്യമന്ത്രിയുടെ ചുമതലകള്‍ പൂര്‍ണ സ്വാതന്ത്ര്യത്തോടെ ചെയ്യാന്‍ കഴിയാത്ത കെജ്‌രിവാള്‍ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് കച്ചകെട്ടുമ്പോള്‍ ശക്തമായ പോര്‍മുഖം സ്മൃതിയിലൂടെ തുറക്കാനാകുമെന്ന പ്രതീക്ഷയിലാണ് ബിജെപി കേന്ദ്ര നേതൃത്വം.

logo
The Fourth
www.thefourthnews.in