വംശനാശഭീഷണി നേരിടുന്ന 665 വന്യജീവികളെ കടത്തി: രണ്ട് പേര്‍ അറസ്റ്റില്‍

വംശനാശഭീഷണി നേരിടുന്ന 665 വന്യജീവികളെ കടത്തി: രണ്ട് പേര്‍ അറസ്റ്റില്‍

കടത്തിനിടെ 117 മൃഗങ്ങള്‍ ചത്തു
Updated on
1 min read

മലേഷ്യയില്‍ നിന്ന് ഇന്ത്യയിലേക്ക് മൂന്ന് കോടി രൂപ വില വരുന്ന വന്യജീവികളെ കടത്തിയവരെ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്‍റലിജന്‍സ് പിടികൂടി. വംശനാശ ഭീഷണി നേരിടുന്ന കടലാമ, പെരുമ്പാമ്പ്, പല്ലി, ആമ, ഇഗ്വാന തുടങ്ങിയ 665 ജീവികളെയാണ് കടത്തിയത്. മുംബൈ സ്വദേശി ഇമ്മന്‍നേല്‍ രാജ, മഡ്ഗാവ് സ്വദേശി സ്വദേശി വിക്ടര്‍ ലോബോ എന്നിവരാണ് അറസ്റ്റിലായത്.

അക്വേറിയമടക്കമുള്ള വസ്തുക്കള്‍ സൂക്ഷിച്ച പെട്ടികളില്‍ ഒളിപ്പിച്ചാണ് എയര്‍ കാര്‍ഗോ വഴി ഇവയെ ഇന്ത്യയിലേക്ക് കടത്തിയത്. കടത്തിനിടെ 117 ജീവികള്‍ ചത്തതായും കണ്ടെത്തി. കള്ളക്കടത്തിനെക്കുറിച്ച് ഡിആര്‍ഐക്ക് അടുത്തിടെ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഒക്ടോബര്‍ അഞ്ചിന് രാജയുടെ വസതിയിലേക്ക് മൃഗങ്ങളെ കൊണ്ടു പോവുന്നതിനിടെ ഡിആര്‍ഐ വാഹനം തടയുകയായിരുന്നു.

തിരികെ എയര്‍ കാര്‍ഗോ കോംപ്ലക്‌സിലേക്ക് എത്തിച്ച വാഹനം ഡിആര്‍ഐ, വൈല്‍ഡ് ലൈഫ് ക്രൈം കണ്‍ട്രോള്‍ ബ്യൂറോയിലെ ഉദ്യോഗസ്ഥരുമായി ചേര്‍ന്ന് പരിശോധിച്ചു. പരിശോധനയില്‍ 665 അപൂര്‍വ്വ വന്യജീവികളെ കണ്ടെത്തി. വിപണിയില്‍ ഇവയ്ക്ക് ഏകദേശം മൂന്ന് കോടി രൂപ വില മതിക്കുമെന്ന് ഡിആര്‍ഐ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

ഇന്ത്യ ഉള്‍പ്പെടെ 175 രാജ്യങ്ങള്‍ ഒപ്പുവെച്ച കണ്‍വെന്‍ഷന്‍ ഓഫ് ഇന്റര്‍നാഷണല്‍ ട്രേഡ് കരാർ പ്രകാരം ഇവയില്‍ പല ജീവികളുടെയും വ്യാപാരം നിരോധിച്ചവയാണ്. ലോബോയ്ക്ക് വേണ്ടി ഒരു മലേഷ്യക്കാരനില്‍ നിന്നാണ് രാജ ജീവികളെ വാങ്ങി കടത്തിയതെന്ന് ഡിആര്‍ഐ വൃത്തങ്ങള്‍ അറിയിച്ചു. വിദേശത്തുനിന്ന് ഇറക്കുമതി ചരക്കിനൊപ്പം ജീവികളെ കടത്താന്‍ അനുവദിച്ചതിന് ലോബോയില്‍ നിന്ന് രാജ ഒന്‍പത് ലക്ഷം രൂപ കമ്മീഷന്‍ വാങ്ങിയിരുന്നു.

logo
The Fourth
www.thefourthnews.in